സ്യൂഡോസെക്യുലറിസം വർഗീയതയേക്കാൾ അപകടം; ഡിവൈഎഫ്‌ഐ രാഷ്ട്രീയം പഠിക്കണം: എസ്എസ്എഫ്
ഓണാഘോഷം വിലക്കിയെന്ന ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയിൽ പെരുമ്പിലാവ് സിറാജുൽ ഉലൂം സ്കൂളിലെ അധ്യാപികക്കെതിരെ കേസെടുത്തിരുന്നു

കോഴിക്കോട്: ഡിവൈഎഫ്‌ഐ സ്യൂഡോസെക്യുലറിസം അവസാനിപ്പിക്കണമെന്ന് എസ്എസ്എഫ്. ഡിവൈഎഫ്‌ഐ രാഷ്ട്രീയം പഠിക്കണമെന്നും എസ്എസ്എഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
ഓണാഘോഷവുമായി ബന്ധപ്പെട്ട് പെരുമ്പിലാവ് സിറാജുൽ ഉലൂം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയുടെ വോയിസ് ക്ലിപ് വലിയ വിവാദമായിരുന്നു. ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയിൽ അധ്യാപികക്ക് എതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
സാമുദായിക സ്പർധ വളർത്തണമെന്ന ഉദ്ദേശ്യത്തോടെ ഓണാഘോഷ പരിപാടികളിൽ മുസ്‌ലിം കുട്ടികൾ പങ്കെടുക്കുന്നത് ശിർക്കാണെന്ന് വാട്‌സ്ആപ്പിൽ സന്ദേശമയച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. സ്‌കൂളിലേക്ക് ഡിവൈഎഫ്‌ഐ മാർച്ച് നടത്തുകയും ചെയ്തിരുന്നു. കാന്തപുരം വിഭാഗത്തിന്റെ മാനേജ്‌മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് സിറാജുൽ ഉലൂം സ്‌കൂൾ.
സ്കൂളിലേക്ക് നടത്തിയ മാർച്ചിൽ കടുത്ത പരാമർശങ്ങളാണ് സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾ നടത്തിയത്. സ്കൂൾ അടച്ചുപൂട്ടേണ്ട സ്ഥിതിയിലേക്ക് ജനങ്ങളെ സംഘടിപ്പിച്ചു വരുമെന്നായിരുന്നു സിപിഎം ബ്രാഞ്ച് സെക്രട്ടറി സുരേഷിന്റെ മുന്നറിയിപ്പ്. സമരം വരും ദിവസങ്ങളിൽ സ്കൂളിലേക്ക് ഇരച്ചുകയറും എന്നായിരുന്നു ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക് സെക്രട്ടറി ഹസൻ പറഞ്ഞത്.
ഡിവൈഎഫ്ഐയുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് സോഷ്യൽ മീഡിയയിലും വലിയ വിമർശനം ഉയർന്നിരുന്നു. പാലക്കാട് മൂത്താൻതറയിൽ ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്കൂളിൽ സ്ഫോടനം നടന്നിട്ട് ഇതുവരെയും കേസെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. വെള്ളാപ്പള്ളി നടേശൻ മുസ് ലിം സമുദായത്തിനെതിരെ കടുത്ത വർഗീയ പരാമർശങ്ങൾ നടത്തിയിട്ടും ഡിവൈഎഫ്ഐ അനങ്ങാത്തതും വിമർശകർ ചൂണ്ടിക്കാട്ടുന്നു. വെള്ളാപ്പള്ളിയുടെ പരാമർശങ്ങളോട് മൗനം പാലിക്കുന്ന ഡിവൈഎഫ്ഐ മുസ് ലിം അധ്യാപികയുടെ ശബ്ദസന്ദേശത്തിന്റെ പേരിൽ എടുത്തുചാടി പ്രതിഷേധിക്കുന്നത് സംഘ്പരിവാർ വിധേയത്വമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഓണാഘോഷം അടിച്ചേൽപ്പിക്കുന്നത് ശരിയാണോ എന്ന ചോദ്യവും ഇത് സംബന്ധിച്ച് ഉയരുന്നത്. ഓണം ആഘോഷിക്കേണ്ടതില്ല എന്ന് ഒരാൾ പറഞ്ഞാൽ അത് എങ്ങനെ കലാപാഹ്വാനവും മതസ്പർദ്ധയുമാകുമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.
വിഷയത്തിൽ സിപിഎം നിലപാടിനെ പ്രവാസി രിസാല എഡിറ്ററായിരുന്ന അലി അക്ബർ അബ്ദുൽ ഖാദറും വിമർശിച്ചു. മുസ്‌ലിംകളുടെ മതനിരപേക്ഷതയിൽ അതീവ ജാഗ്രതയും ബേജാറുമുള്ള സിപിഎം വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവരുടെ വർഗീയ വിദ്വേഷ പരാമർശങ്ങളോട് മൃദു ഹിന്ദുത്വയെക്കാൾ മൃദുവായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
മുസ്‌ലിംകളുടെ മതനിരപേക്ഷതയിൽ അതീവ ജാഗ്രതയും ബേജാറുമുള്ള പാർട്ടിയാണ് സിപിഎം. വെള്ളാപ്പള്ളി നടേശൻ ഉൾപെടെയുള്ളവരുടെ വർഗീയ വിദ്വേഷ പരിശ്രമങ്ങളോട് മൃദു ഹിന്ദുത്വയേക്കാൾ മൃദുവായ സമീപനവുമാണീ പാർട്ടിക്ക്. സിപിഎം നയം നന്നായി അറിയുന്ന കേരള പോലീസും ഒരിഞ്ചു തെറ്റാതെ ഈ ലൈൻ പിന്തുടരുന്നുണ്ട്.
തൃശൂർജില്ലയിലെ ഒരു സ്കൂളിലെ ഒരു അധ്യാപികയുടെ ശബ്ദ സന്ദേശത്തെ (പ്രൈമറി കുട്ടികൾക്ക് ഖുർആൻ പഠിക്കുന്നതിനുള്ള ത്വിബിയാൻ എന്ന വിഭാഗം ഔദ്യോഗികമായി സ്കൂളിൻ്റെ ഭാഗമല്ല എന്നത് വേറെ കാര്യം) തങ്ങളുടെ മതനിരപേക്ഷ നിലപാടിനെ സ്ഥാപിച്ചെടുക്കാൻ എങ്ങനെയാണ് സിപിഎം ഉപയോഗിക്കുന്നത് എന്നു ശ്രദ്ധിച്ചാൽ മതി. പാർട്ടിയുടെ സമരം മാത്രമല്ല, അധ്യാപകർക്കെതിരെ ജാമ്യം കിട്ടാത്ത വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു കഴിഞ്ഞു പോലീസ്. പിണറായി വിജയൻ്റെ പോലീസിനെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. സിപിഎമ്മിന് ജനാധിപത്യ രാജ്യത്തെ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളുമൊക്കെ മുസ്‌ലിം സമുദായത്തിന് മുന്നിലെത്തുന്നത് വരെ മാത്രം പുലർത്തേണ്ട ലിമിറ്റഡ് പ്രത്യയ ശാസ്ത്രമാണോ?
അല്ലെങ്കിൽ നോക്കൂ, ഓണാഘോഷം വേണ്ട എന്ന് ആരെങ്കിലും നിലപാട് എടുക്കുന്നത് എങ്ങനെ വർഗീയമാകും? എങ്ങനെ പരമത വിദ്വേഷമോ നിരാകരണമോ ആകും? അങ്ങനെ ആകുന്നില്ലെങ്കിൽ പിന്നെ ഇതിലെന്താണ് പ്രശ്നം? ആകുന്നുണ്ട് എങ്കിൽ ഓണം ഒരു മത വിഭാഗത്തിൻ്റെതാകണ്ടേ? ഓണത്തെ മതേതരമായി ഉൾകൊള്ളണം എന്നു വെയ്ക്കുക. എന്നാൽ അത് ആചരിക്കുകയും ആഘോഷിക്കുകയും നിർബന്ധം എന്നാണോ പുതിയ ജനാധിപത്യ പാഠം? കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായ ഇഎംഎസിൻ്റെ ഓർമ ദിനാചരണമൊക്കെ എല്ലാ വിദ്യാലയങ്ങളിലും നിർബന്ധപൂർവം സംഘടിപ്പിക്കണം എന്ന കിണാശ്ശേരിയാണോ സിപിഎമ്മിൻ്റെ മതേതര ലോകം? ഭൂരിപക്ഷ വർഗീയ പ്രീണനത്തിന് കിട്ടുന്ന അവസരങ്ങളെല്ലാം മുതലെടുത്ത് ആർഎസ്എസിന് സാധിക്കാത്ത കേരളത്തെയാണോ സിപിഎം ഉണ്ടാക്കാൻ ശ്രമിക്കുന്നത്?
നമ്മുടെ സാംസ്കാരിക, മതനിരപേക്ഷ പരിസരത്ത് ഉചിതമല്ലാത്ത ഒരു ചെയ്തി എന്ന നിലയിൽ അധ്യാപികയും സ്കൂൾ മാനേജ്മെൻ്റും നിലപാട് സ്വീകരിക്കുക കൂടി ചെയ്ത സാഹചര്യത്തിൽ, സിപിഎമ്മും കേരള പോലീസും അവധാനതയോടെ വിഷയം കൈകാര്യം ചെയ്യുകയാണ് വേണ്ടത്. അതല്ലാത്തിടത്തോളം പാർട്ടി നടത്തുന്നത് മുസ്‌ലിം വിരുദ്ധതയുടെ സംഘ്പരിവാർ സഹായ പദ്ധതിയായി മാറും.
Adjust Story Font
16

