റോഡിന് കുറുകെ സ്റ്റേജ്; പരിപാടി ഫ്ലാഗ് ഓഫ് ചെയ്തത് തിരുവനന്തപുരം നഗരസഭാ മേയർ
തകരപ്പറമ്പില്‍ നടന്ന പരിപാടിയുമായി കോര്‍പ്പറേഷന് ബന്ധമില്ലെന്ന് മേയര്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ഗതാഗതം തടസപ്പെടുത്തി റോഡിൽ സ്റ്റേജ് പണിതതായി പരാതി. ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'പുനര്‍ജനി' എന്ന പരിപാടിയുടെ സ്റ്റേജാണ് ഗതാഗതം തടസപ്പെടുത്തി പണിതത്. തകരപ്പറമ്പിലാണ് സംഭവം.
സ്റ്റേജ് പണിയാന്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് വഞ്ചിയൂര്‍ പൊലീസ് പറയുന്നത്. എന്നാല്‍ തകരപ്പറമ്പ് റോഡിന്റെ ഒരു ഭാഗം തടസപ്പെടുത്തിയാണ് സ്റ്റേജ് പണിതിരുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി തിരുവനന്തപുരം ജില്ലയില്‍ 'പാര്‍വതി പുത്തനാര്‍ ക്ലീനപ്പ്' എന്ന ക്യാമ്പയിന്‍ നടന്നുവരികയായിരുന്നു. ഈ പദ്ധതിയുടെ ഉദ്ഘാടന വേദിയാണ് തകര്‍പ്പറമ്പില്‍ റോഡിന് കുറുകെ പണിതത്.
തിരുവനന്തപുരം നഗരസഭാ മേയര്‍ വി.വി രാജേഷാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. എന്നാല്‍ മേയര്‍ പരിപാടി ഫ്ലാഗ് ഓഫ് ചെയ്തതിന് ശേഷം വേദിയില്‍ മറ്റു പരിപാടികള്‍ ഒന്നും നടന്നിരുന്നില്ല. തുടർന്ന് സംഭവം വാര്‍ത്തയായതോടെ വേദി പൊളിച്ചുമാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം മേയര്‍ വി.വി രാജേഷ് സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തി. തകരപ്പറമ്പില്‍ നടന്ന പരിപാടിയുമായി കോര്‍പ്പറേഷന് ബന്ധമില്ലെന്നും തന്റെ പേരും ചിത്രവും വച്ച് നിരവധി ഫ്ലക്സുകൾ അടിക്കാറുണ്ടെന്നും മേയര്‍ പറഞ്ഞു.
എല്ലാ പരിപാടികളിലും താന്‍ പങ്കെടുക്കണമെന്നില്ല. ഇന്ന് നിശ്ചയിച്ച രണ്ട് പരിപാടികളില്‍ പങ്കെടുക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. കോര്‍പ്പറേഷന്റെ പേരും ഔദ്യോഗിക ചിഹ്നവും ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍ അന്വേഷിക്കുമെന്നും മേയര്‍ പ്രതികരിച്ചു.
Adjust Story Font
16

