Quantcast

മുഖ്യമന്ത്രിക്ക് പറക്കാനുള്ള ഹെലികോപ്റ്റർ തിരുവനന്തപുരത്ത്; പ്രതിമാസ വാടക 80 ലക്ഷം

സുരക്ഷാ കാര്യങ്ങൾ വിലയിരുത്തുന്നതിനു വേണ്ടിയാണ് ഇന്നലെ വൈകിട്ടോടെ ഹെലികോപ്റ്റർ തിരുവനന്തപുരം എസ്.എ.പി ഗ്രൗണ്ടിലെത്തിയത്

MediaOne Logo

Web Desk

  • Published:

    20 Sept 2023 7:04 AM IST

helicopter
X

മുഖ്യമന്ത്രിയുടെ യാത്രക്കായി എത്തിയ ഹെലികോപ്റ്റര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ യാത്രയ്ക്കും പൊലീസിന്‍റെ ആവശ്യങ്ങൾക്കുമായി സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ തിരുവനന്തപുരത്തെത്തി. സുരക്ഷാ കാര്യങ്ങൾ വിലയിരുത്തുന്നതിനു വേണ്ടിയാണ് ഇന്നലെ വൈകിട്ടോടെ ഹെലികോപ്റ്റർ തിരുവനന്തപുരം എസ്.എ.പി ഗ്രൗണ്ടിലെത്തിയത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിപ്സൻ ഏവിയേഷൻ കമ്പനിയുടേതാണ് ഹെലികോപ്ടർ.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തുവന്നെങ്കിലും തീരുമാനത്തിൽ ഉറച്ചുതന്നെ സർക്കാർ മുന്നോട്ടുപോകുകയായിരുന്നു. മാസം 20 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ വാടകയായി നൽകേണ്ടുന്നത്. അധികമായി വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപ നൽകണം. പൈലറ്റ് ഉൾപ്പെടെ 11 പേർക്ക് യാത്ര ചെയ്യാം. 3 വർഷത്തേക്കാണ് കരാർ. ഒന്നാം പിണറായി സർക്കാർ പവൻ ഹംസ് കമ്പനിയിൽ നിന്ന് 22.21 കോടി രൂപ ചെലവഴിച്ച് ഹെലികോപ്റ്റർ‍ വാടകയ്ക്ക് എടുത്തെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായിരുന്നില്ല.

അതോടെ കരാർ പുതുക്കിയുമില്ല. ശേഷം കഴിഞ്ഞ മാർച്ച് രണ്ടിനാണ് ചിപ്സനിൽ നിന്ന് ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഹെലികോപ്റ്റർ ചാലക്കുടിയിലെ സ്വന്തം ഗ്രൗണ്ടിലായിരിക്കും പാർക്ക് ചെയ്യുക. മധ്യകേരളത്തിൽനിന്ന് ഏതു ജില്ലയിലേക്കും പോകാനുള്ള സൗകര്യം കൂടി പരിഗണിച്ചാണ് പാർക്കിംഗ് ചാലക്കുടിയിൽ മതിയെന്നു ധാരണയായത്. സുരക്ഷാ കാര്യങ്ങൾ വിലയിരുത്തിയ ശേഷം ഹെലികോപ്റ്റർ തിരികെ ചാലക്കുടിയിലേക്കു പോകും.



TAGS :

Next Story