Quantcast

യുക്രൈയിനിൽ നിന്നെത്തുന്ന വിദ്യാർഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സംസ്ഥാന സർക്കാർ നൽകും

വിമാനത്താവളത്തിലെത്തുന്ന വിദ്യാർഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാൻ റെസിഡന്റ് കമ്മീഷണറും നോർക്ക ഉദ്യോഗസ്ഥരും നടപടികൾ കൈക്കൊള്ളും

MediaOne Logo

Web Desk

  • Updated:

    2022-02-26 09:37:10.0

Published:

26 Feb 2022 9:30 AM GMT

യുക്രൈയിനിൽ നിന്നെത്തുന്ന വിദ്യാർഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സംസ്ഥാന സർക്കാർ നൽകും
X

യുക്രൈയിനിൽ നിന്നും കേന്ദ്രസർക്കാർ ഒരുക്കിയ ഒഴിപ്പിക്കൽ വിമാനങ്ങളിൽ ഡൽഹി, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെത്തുന്ന വിദ്യാർഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സംസ്ഥാന സർക്കാർ നൽകും. ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങൾ മുൻകൂട്ടി ലഭ്യമാകാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്ന വിദ്യാർഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാൻ റെസിഡന്റ് കമ്മീഷണറും നോർക്ക ഉദ്യോഗസ്ഥരും നടപടികൾ കൈക്കൊള്ളും. കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തുന്ന വിദ്യാർഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിനും ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തി.

അതേസമയം, ഡൽഹി എയർപോർട്ടിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി എത്തുന്നവരെ കൊണ്ട് പോകാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും എയർപോർട്ടിൽ ഫെസിലിറ്റേഷൻ സെന്റർ തുടങ്ങുമെന്നും കേരളാ ഹൗസ് റസിഡന്റ് കമ്മീഷണർ സൗരഭ് ജയിൻ അറിയിച്ചു. ഭക്ഷണം, താമസം, കേരളത്തിലേക്ക് ഉള്ള ടിക്കറ്റ് എന്നിവക്ക് കേരള ഹൗസ് സൗകര്യം ഒരുക്കും.ആകെ 17 മലയാളികൾ ഡൽഹിയിൽ എത്തും എന്നാണ് അറിവെന്നും റൊമാനിയയിലെ ബുക്കാറസ്‌റിൽ നിന്നാണ് ഇവർ വരുന്നതെന്നും ഇത് താൽക്കാലിക കണക്ക് ആണ് മാറ്റങ്ങൾ വന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് എത്തുന്നവർക്കും ഇത്തരം സൗകര്യങ്ങൾ ഒരുക്കുമെന്നും ഡൽഹിയിലും മുംബൈയിലും എത്തുന്നവർക്ക് പ്രത്യേക വാട്‌സ്ആപ്പ് ഗ്രൂപ്പ് ആശയവിനിമയത്തിനായി രൂപീകരിച്ചിട്ടുണ്ടെന്നും ജയിൻ അറിയിച്ചു. വ്യോമമാർഗം തന്നെ ഇവരെ നാട്ടിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രാജ്യംവിടാനുള്ള യു.എസ് ഉപദേശം തള്ളി യുക്രൈൻ പ്രസിഡന്റ് വ്ളാദ്മിർ സെലൻസ്‌കി. രാജ്യംവിടാൻ സഹായിക്കാമെന്ന യു.എസ് വാഗ്ദാനം അദ്ദേഹം നിരസിച്ചു. ഇപ്പോൾ പടക്കോപ്പുകളാണ് തനിക്ക് വേണ്ടതെന്നും യാത്രയല്ലെന്നും സെലൻസ്‌കി പ്രതികരിച്ചു. അതിനിടെ, തലസ്ഥാനനഗരമായ കിയവ് പിടിച്ചെടുക്കാനുള്ള റഷ്യൻനീക്കത്തിന് യുക്രൈൻ ശക്തമായി തിരിച്ചടിക്കുന്നതായും റിപ്പോർട്ടുണ്ട്. ''യുദ്ധം നടക്കുന്നത് ഇവിടെയാണ്. എനിക്ക് പടക്കോപ്പുകളാണ് ഇപ്പോൾ വേണ്ടത്, യാത്രയല്ല..'' സെലൻസ്‌കി പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. സെലൻസ്‌കിയെ സുരക്ഷിതമായി നാടുവിടാൻ സഹായിക്കാൻ ആവശ്യമായ നടപടികൾ യു.എസ് പൂർത്തീകരിച്ചിരുന്നതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസം താൻ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്ന് സെലൻസ്‌കി വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. താനടക്കം ഭരണത്തലവന്മാർ ആരും കിയവ് വിട്ടുപോയിട്ടില്ലെന്നും നഗരം ആർക്കും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു. യുക്രൈൻ പൗരന്മാരെ അഭിസംബോധന ചെയ്താണ് സെലൻസ്‌കി വിഡിയോ സന്ദേശം പുറത്തുവിട്ടത്. റഷ്യയെ ശക്തമായി പ്രതിരോധിക്കുമെന്നും സെലൻസ്‌കി പറഞ്ഞു. ബങ്കറിലേക്ക് ഒളിച്ചോടിയെന്ന തരത്തിലുള്ള വാർത്തകൾ സെലൻസ്‌കി നിഷേധിച്ചു. വിഡിയോയിൽ അദ്ദേഹത്തിനൊപ്പം മന്ത്രിസഭയിലെ ഉന്നതരുമുണ്ടായിരുന്നു.

കിയവിൽ ഉഗ്രസ്‌ഫോടനവും കനത്ത പോരാട്ടവും

യുക്രൈനിൽ റഷ്യൻ ആക്രമണം മൂന്നാംദിവസവും ശക്തമായി തുടരുന്നു. തലസ്ഥാനമായ കിയവ് പിടിച്ചടക്കാനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആക്രമണം കടുപ്പിച്ചിരിക്കുകയാണ് സൈന്യം. കഴിഞ്ഞ മണിക്കൂറുകളിൽ നഗരപ്രാന്തങ്ങളിൽ 50ലേറെ ഉഗ്രസ്‌ഫോടനങ്ങളും വെടിവയ്പ്പുകളും റിപ്പോർട്ട് ചെയ്തു. യുക്രൈൻ സൈന്യം തിരിച്ചടിക്കുന്നതായും റിപ്പോർട്ടുണ്ട്. ദക്ഷിണ കിയവിലുള്ള ബില സെർക്‌വയിൽ രണ്ട് റഷ്യൻ യുദ്ധവിമാനങ്ങൾ യുക്രൈൻ സൈന്യം വെടിവച്ചിട്ടതായി വാർത്താ എ.പി റിപ്പോർട്ട് ചെയ്തു. കിയവിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത പോരാട്ടമാണ് യുക്രൈൻ-റഷ്യൻ സൈന്യങ്ങള്‍ തമ്മിൽ നടക്കുന്നത്. 3,500 റഷ്യന്‍ സൈനികരെ വധിച്ചെന്ന് യുക്രൈന്‍ അവകാശപ്പെടുന്നു. നിരവധി കവചിതവാഹനങ്ങളും മിസൈലുകളുമെല്ലാം തകര്‍ത്തതതായും പറയുന്നുണ്ട്.

നേരത്തെ, കിയവിലെ വൈദ്യുതിനിലയത്തിനു സമീപം സ്ഫോടന പരമ്പര റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാലു ഭാഗത്തുനിന്നുമായി റഷ്യൻസൈന്യം നഗരം വളഞ്ഞിരിക്കുകയാണ്. സൈന്യം കിയവിലേക്ക് ഇരച്ചുകയറുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൈദാൻ സ്‌ക്വയറിൽ ഉഗ്രശബ്ദത്തിലുള്ള സ്ഫോടനം നടന്നതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. നഗരത്തിലെ ട്രോയിഷ്ചിന മേഖലയിലും സ്ഫോടനപരമ്പര നടന്നു. നഗരമധ്യത്തിൽനിന്ന് തന്നെ കേൾക്കാവുന്ന തരത്തിൽ വ്യോമാക്രമണവും ശക്തമാണ്. വാസിൽകീവിലെ വ്യോമതാവളം വലിയ പോരാട്ടത്തിലൂടെ റഷ്യൻസേന പിടിച്ചടക്കിയിട്ടുണ്ട്. താവളം കേന്ദ്രമാക്കിയാണ് നഗരം ലക്ഷ്യമിട്ടുള്ള റഷ്യൻ ആക്രമണം ഇപ്പോൾ നടക്കുന്നത്.


State Government will issue air tickets to Kerala for students arriving in Indian cities such as Delhi and Mumbai on evacuation flights arranged by the Central Government from Ukraine.

TAGS :

Next Story