Quantcast

അനധികൃത ഫ്ലക്സ് ബോർഡുകൾക്കെതിരെ കര്‍ശന നടപടി തുടരണം; മാർഗ നിർദേശങ്ങളുമായി ഹൈക്കോടതി

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഉത്തരവ് ഇറക്കിയത്

MediaOne Logo

Web Desk

  • Updated:

    2025-03-13 15:54:52.0

Published:

13 March 2025 7:41 PM IST

അനധികൃത ഫ്ലക്സ് ബോർഡുകൾക്കെതിരെ കര്‍ശന നടപടി തുടരണം; മാർഗ നിർദേശങ്ങളുമായി ഹൈക്കോടതി
X

കൊച്ചി: അനധികൃത ഫ്ലക്സ് ബോർഡുകൾക്കെതിരെ കര്‍ശന നടപടി തുടരണമെന്നതുള്‍പ്പടെയുള്ള മാർഗ നിർദേശങ്ങളുമായി ഹൈക്കോടതി. നിയമ ലംഘനങ്ങളില്‍ നടപടിയെടുക്കാന്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കുറ്റക്കാരില്‍ നിന്ന് പിഴ ഈടാക്കണമെന്നും കോടതി പറഞ്ഞു.

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകള്‍ അനുസരിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറുകള്‍ പ്രകാരം പൊലീസ് നടപടിയെടുക്കണം. പ്രാദേശിക പൊലീസ് കേസെടുക്കുന്നുവെന്ന് സംസ്ഥാന പൊലീസ് മേധാവി ഉറപ്പാക്കണം. ഫ്ലക്സ് ഉള്‍പ്പടെയുള്ളവയുടെ നിരോധന ഉത്തരവ് നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍മാര്‍ വിഷയത്തിൽ പ്രതിമാസ അവലോകന യോഗം ചേരണം. ജില്ലാതല നിരീക്ഷണ സമിതി കണ്‍വീനര്‍മാരും അവലോകന യോഗങ്ങള്‍ വിളിച്ചുചേര്‍ക്കണം. തെരഞ്ഞെടുപ്പ് കാലത്ത് ഫ്ലക്സ് നിരോധനം നടപ്പാക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിഷനും ഉറപ്പാക്കണം.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഉത്തരവ് ഇറക്കിയത്. ഹൈക്കോടതിയുടെ നിർദേശപ്രകാരം ഫ്ലക്സ് നിരോധന ഉത്തരവുകള്‍ നടപ്പാക്കിയതിന് സര്‍ക്കാരിനെ ഹൈക്കോടതി അഭിനന്ദിച്ചു. ഏറെക്കാലമായി പൊതുനിരത്തുകളിലും പാതയോരങ്ങളിലും സ്ഥാപിക്കുന്ന ഫ്ലക്സ്, കൊടിതോരണങ്ങൾ സംബന്ധിച്ച വിഷയത്തില്‍ പരിഗണനയിലുള്ള ഹരജി തീര്‍പ്പാക്കിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നടപടി.

TAGS :

Next Story