'ഷോക്കേറ്റ ഉടനെ താഴെ വീണു, കൂട്ടുകാർ വിളിച്ചിട്ടും അവന് എണീക്കാൻ കഴിഞ്ഞില്ല'; അപകടം കൂട്ടുകാരന്‍റെ ചെരിപ്പ് എടുക്കുന്നതിനിടെ
വൈദ്യുതി ലൈൻ താഴ്ന്നു കിടക്കുന്നതായി മുൻപു തന്നെ പരാതി നൽകിയതാണെന്ന് നാട്ടുകാര്‍ പറയുന്നു

കൊല്ലം: കൊല്ലത്ത് തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ സ്കൂളിൽ നിന്ന് ഷോക്കേറ്റ് 13 കാരന്‍ ദാരുണമായി കൊല്ലപ്പെട്ടത് കൂട്ടുകാരുമായി കളിക്കുന്നതിനിടെ.ഇന്ന് രാവിലെ ക്ലാസ് തുടങ്ങുന്നതിന് മുന്‍പ് സ്കൂളില്‍ വെച്ച് കളിക്കുന്നതിനിടെയാണ് കൂട്ടുകാരന്‍റെ ചെരിപ്പ് അബദ്ധത്തില്‍ സൈക്കിള്‍ ഷെഡിന് മുകളിലേക്ക് വീണത്.ഇത് എടുക്കുന്നതിനിടെയാണ് എട്ടാം ക്ലാസുകാരന് ഷോക്കേറ്റത്.
കമ്പ് കൊണ്ട് ചെരിപ്പ് എടുക്കാനുള്ള ശ്രമത്തിനിടെ ഷെഡിന്‍റെ മുകളിലേക്ക് ചാഞ്ഞിരുന്ന കെഎസ്ഇബി ലൈനില്‍ തട്ടി മിഥുനിന് ഷോക്കേല്‍ക്കുകയായിരുന്നുവെന്ന് മൈനാഗപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ലാലി മീഡിയവണിനോട് പറഞ്ഞു.'ഷോക്കേറ്റ ഉടനെ കുട്ടി താഴെ വീണു, കൂട്ടുകാർ വിളിച്ചിട്ടും അവന് എണീക്കാൻ കഴിഞ്ഞില്ല.അധ്യാപകര്‍ ബെഞ്ച് ഇട്ടാണ് ഷോക്കേറ്റ് കിടന്ന മിഥുനെ പുറത്തെടുത്തത്.ഉടന്‍ തന്നെ അധ്യാപകര്‍ കുട്ടിയെ എടുത്ത് ആശുപത്രിയിലെത്തിച്ചു'- ലാലി പറഞ്ഞു.
വൈദ്യുതി ലൈൻ താഴ്ന്നു കിടക്കുന്നതായി മുൻപു തന്നെ പരാതി നൽകിയതാണെന്ന് നാട്ടുകാര്‍ പറയുന്നു.
അതേസമയം, സംഭവത്തില്‍ അടിയന്തരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം അതീവ ദുഃഖകരമാണ്. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അതേസമയം, കെട്ടിടത്തിന് മുകളിലൂടെ കെഎസ്ഇബി ലൈൻ പോകുന്നുണ്ടെന്നാണ് അറിഞ്ഞതെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ മീഡിയവണിനോട് പറഞ്ഞു.ചെരിപ്പ് എടുത്ത് ഇറങ്ങുന്ന സമയത്ത് ലൈനില്‍ തട്ടിയതാണെന്നാണ് അറിയുന്നത്.സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും ഉടനെ തന്നെ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

