പുലിപ്പല്ല് കൈവശം വെച്ച കേസ്: വേടനെതിരായ നടപടി അനുചിതം, തിരുത്തപ്പെടണം: സുനിൽ പി ഇളയിടം
''പുലിനഖമാല മുതൽ ആനക്കൊമ്പ് വരെ കൈവശമുള്ള ധാരാളം ആളുകൾ നമുക്കു ചുറ്റുമുണ്ട്. അതിൻ്റെയെല്ലാം തെളിവുകൾ പൊതുസമൂഹത്തിനു മുന്നിലുമുണ്ട്''

കൊച്ചി: പുലിപ്പല്ല് കോർത്ത മാല ധരിച്ചതിൻ്റെ പേരിൽ വേടനെ അറസ്റ്റ് ചെയ്ത നടപടി അനുചിതവും തിരുത്തപ്പെടേണ്ടതുമാണെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടം.
''സാങ്കേതികമായി ഇക്കാര്യത്തിൽ ന്യായം പറയാനുണ്ടാവുമെങ്കിലും ഈ നടപടി നീതിയുടെ വിശാലതാത്പര്യത്തിന് നിരക്കുന്നതല്ല. പുലിനഖമാല മുതൽ ആനക്കൊമ്പ് വരെ കൈവശമുള്ള ധാരാളം ആളുകൾ നമുക്കു ചുറ്റുമുണ്ട്. അതിൻ്റെയെല്ലാം തെളിവുകൾ പൊതുസമൂഹത്തിനു മുന്നിലുമുണ്ട്. അതെല്ലാം ഒരു നടപടിക്കും വിധേയമാകാതെ തുടരുമ്പോഴാണ്, സ്റ്റേഷൻ ജാമ്യം കിട്ടിയ കേസിൻ്റെ തുടർച്ചയിൽ ഏഴു വർഷം തടവു ലഭിക്കാവുന്ന കുറ്റം ചുമത്തി വേടനെ അറസ്റ്റ് ചെയ്തിരിക്കുന്നത്''- ഫേസ്ബുക്ക് പോസ്റ്റില്‍ ഇളയിടം വ്യക്തമാക്കി.
കഞ്ചാവു കേസിൽ നിയമപരമായ നടപടികൾ തുടരുമ്പോൾ തന്നെ ഇക്കാര്യത്തിൽ പുന:പരിശോധന നടത്താനും വേണ്ട തിരുത്തലുകൾ വരുത്താനും അധികാരികൾ തയ്യാറാകണമെന്നും സുനില്‍ പി ഇളയിടം വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പുലിപ്പല്ലു കോർത്ത മാല ധരിച്ചതിൻ്റെ പേരിൽ ഏഴു വർഷം തടവു ലഭിക്കാവുന്ന കുറ്റം ചുമത്തി സംഗീതകാരനായ വേടനെ അറസ്റ്റ് ചെയ്ത നടപടി അനുചിതവും തിരുത്തപ്പെടേണ്ടതുമാണ്. സാങ്കേതികമായി ഇക്കാര്യത്തിൽ ന്യായം പറയാനുണ്ടാവുമെങ്കിലും ഈ നടപടി നീതിയുടെ വിശാലതാത്പര്യത്തിന് നിരക്കുന്നതല്ല.
പുലിനഖമാല മുതൽ ആനക്കൊമ്പ് വരെ കൈവശമുള്ള ധാരാളം ആളുകൾ നമുക്കു ചുറ്റുമുണ്ട്. അതിൻ്റെയെല്ലാം തെളിവുകൾ പൊതുസമൂഹത്തിനു മുന്നിലുമുണ്ട്. അതെല്ലാം ഒരു നടപടിക്കും വിധേയമാകാതെ തുടരുമ്പോഴാണ്, സ്റ്റേഷൻ ജാമ്യം കിട്ടിയ കേസിൻ്റെ തുടർച്ചയിൽ ഏഴു വർഷം തടവു ലഭിക്കാവുന്ന കുറ്റം ചുമത്തി വേടനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
നമ്മുടെ പൊതുസംസ്കാരത്തിൽ നിലീനമായ സവർണ്ണതയെ ആഴത്തിൽ വെല്ലുവിളിക്കുന്നതാണ് വേടൻ്റെ കല. സംഗീതത്തിൻ്റെ ജനാധിപത്യവത്കരണത്തിന് ഒരുപാട് ഊർജ്ജം പകർന്ന ഒന്നാണത്. വേടൻ്റെ കലയ്ക്കും അതിൻ്റെ രാഷ്ട്രീയത്തിനുമെതിരായ കടന്നാക്രമണം കൂടിയാണ് ഈ നടപടി. കഞ്ചാവു കേസിൽ നിയമപരമായ നടപടികൾ തുടരുമ്പോൾ തന്നെ ഇക്കാര്യത്തിൽ പുന:പരിശോധന നടത്താനും വേണ്ട തിരുത്തലുകൾ വരുത്താനും അധികാരികൾ തയ്യാറാകണം.
Adjust Story Font
16

