അഡ്വ. സണ്ണി ജോസഫ് എംഎൽഎ കെപിസിസി പ്രസിഡന്റ്
അടൂർ പ്രകാശിനെ യുഡിഎഫ് കൺവീനറായും പ്രഖ്യാപിച്ചു.

ന്യൂഡൽഹി: അഡ്വ. സണ്ണി ജോസഫ് എംഎൽഎയെ പുതിയ കെപിസിസി പ്രസിഡന്റായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. പി.സി വിഷ്ണുനാഥ് എംഎൽഎ, എ.പി അനിൽകുമാർ എംഎൽഎ, ഷാഫി പറമ്പിൽ എംപി എന്നിവരാണ് വർക്കിങ് പ്രസിഡന്റുമാർ.
അടൂർ പ്രകാശ് ആണ് പുതിയ യുഡിഎഫ് കൺവീനർ. സ്ഥാനമൊഴിഞ്ഞ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ കോൺഗ്രസ് പ്രവർത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവായി തിരഞ്ഞെടുത്തു.
കെഎസ്‌യു പ്രവർത്തകനായാണ് സണ്ണി ജോസഫ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. കണ്ണൂർ ഡിസിസി പ്രസിഡന്റ് ആയിരുന്നു. കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗമായിരുന്നു. ഉളിക്കൽ സർവീസ് സഹകരണ ബാങ്ക്, തലശ്ശേരി കാർഷിക വികസന ബാങ്ക്, മട്ടന്നൂർ ബാർ അസോസിയേഷൻ, ഇരിട്ടി എജ്യുക്കേഷൻ സൊസൈറ്റി എന്നിവയുടെ പ്രസിഡന്റ് പദവിയും വഹിച്ചു.
കന്നി മത്സരത്തിൽ 2011ൽ സിറ്റിങ് എംഎൽഎ ആയിരുന്ന കെ.കെ ശൈലജയെ തോൽപ്പിച്ച് നിയമസഭയിലെത്തി. 2016ലും 2021ലും പേരാവൂരിൽ ജയം ആവർത്തിച്ചു. നിലവിൽ പേരാവൂർ എംഎൽഎയാണ്.
Adjust Story Font
16

