Quantcast

സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില വർധനവ് ഉടന്‍

വിപണി വിലയെക്കാൾ കുറവായിരിക്കും സപ്ലൈകോ സാധനങ്ങൾക്കെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2024-01-02 01:17:28.0

Published:

2 Jan 2024 12:55 AM GMT

supplyco
X

സപ്ലൈകോ

തിരുവനന്തപുരം: സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില വർധനവ് ഉടനുണ്ടാകും. വില കൂട്ടുന്നത് പഠിക്കാൻ നിയോഗിച്ച സമിതി കഴിഞ്ഞ ദിവസം ഭക്ഷ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. വിപണി വിലയെക്കാൾ കുറവായിരിക്കും സപ്ലൈകോ സാധനങ്ങൾക്കെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പറഞ്ഞു. ജനങ്ങളുടെമേൽ അമിതഭാരം ഏൽപ്പിക്കില്ലെന്നും ഭക്ഷ്യമന്ത്രി ഉറപ്പ് നൽകുന്നു.

2016 ൽ വിലകൂട്ടിയതിന് ശേഷം സപ്ലൈകോയിൽ വില വർധനവ് ഉണ്ടായിട്ടില്ലെന്നാണ് സർക്കാർവാദം. അന്ന് വിലകൂട്ടിയപ്പോൾ വിപണി വിലയുടെ ഇരുപത്തിയഞ്ച് ശതമാനം മാത്രമായിരുന്നു സപ്ലൈകോയിലെ സാധനങ്ങളുടെ വില. ഇക്കുറി വില കൂട്ടുമ്പോളും വിപണി വിലയുടെ 25 ശതമാനം മാത്രമായിരിക്കും സപ്ലൈകോയിലെ നിരക്കെന്നാണ് ഭക്ഷ്യ വകുപ്പ് പറയുന്നത്. വില കൂട്ടുന്നത് സംബന്ധിച്ച് സപ്ലൈകോയിലെ സാഹചര്യം പഠിക്കാൻ നിയോഗിച്ച സമിതി ഇക്കാര്യങ്ങളടക്കം സർക്കാരിനെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവിൽ പതിമൂന്നിന സാധനങ്ങളാണ് സബ്സിഡി നിരക്കിൽ സപ്ലൈകോയിലൂടെ നൽകുന്നത്.

സബ്‍സിഡി സാധനങ്ങളുടെ എണ്ണം കൂട്ടുന്നതും ഭക്ഷ്യ വകുപ്പിന്‍റെ പരിഗണനയിലുണ്ട്. വിലകൂട്ടാനുള്ള തീരുമാനം മന്ത്രിസഭ യോഗം അംഗീകരിച്ചാൽ ഉടൻ പ്രാബല്യത്തിൽ വരും. അതിനിടെ വിതരണക്കാർക്ക് നൽകാനുള്ള കുടിശികയുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. കുടിശിക തീർക്കാത്തതിനാൽ സാധനങ്ങളുടെ ടെൻഡർ എടുക്കാൻ ആളില്ലാത്തതും സപ്ലൈകോയ്ക്ക് തിരിച്ചടിയാകുന്നു. സംസ്ഥാനത്തെ ഒട്ടുമിക്ക ഔട്ട്ലെറ്റുകളിലും സബ്സിഡി സാധനങ്ങൾ മാസങ്ങളായി എത്തിയിട്ടില്ല. വില കൂട്ടുന്നതിനൊപ്പം സാധനങ്ങളുടെ ലഭ്യത കൂടി ഉറപ്പാക്കിയാലെ സപ്ലൈകോയുടെ പ്രവർത്തനം സുഗമമാകൂ.



TAGS :

Next Story