Quantcast

'കേരള മോഡൽ'; പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിച്ചതിൽ കേരളത്തെ അഭിനന്ദിച്ച് സുപ്രിംകോടതി

കേരളത്തിന്റെ നിരീക്ഷണ സംവിധാനം മാതൃകാപരമാണെന്നും മറ്റ് സംസ്ഥാനങ്ങൾക്കിത് പിന്തുടരാമെന്നും കോടതി നിരീക്ഷിച്ചു.

MediaOne Logo

Web Desk

  • Published:

    6 April 2026 3:19 PM IST

കേരള മോഡൽ; പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിച്ചതിൽ കേരളത്തെ അഭിനന്ദിച്ച് സുപ്രിംകോടതി
X

തിരുവനന്തപുരം: രാജ്യത്തെ പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഇടപെടലിൽ കേരളത്തിന് സുപ്രിം കോടതിയുടെ അഭിനന്ദനം. കേരളം നടപ്പിലാക്കിയ നിരീക്ഷണ സംവിധാനം കുറ്റമറ്റതാണെന്നും മറ്റ് സംസ്ഥാനങ്ങൾക്ക് ഈ 'കേരള മോഡൽ' മാതൃകയാക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു. രാജ്യത്തെ പൊലീസ് സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങൾ തടയുന്നതിനുള്ള വലിയൊരു ചുവടുവെപ്പായാണ് കേരളത്തിന്റെ ഈ പ്രവർത്തനത്തെ കോടതി വിലയിരുത്തിയത്.

കസ്റ്റഡി മർദ്ദനങ്ങളും കസ്റ്റഡി മരണങ്ങളും വർധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് വർഷങ്ങൾക്ക് മുൻപ് തന്നെ സുപ്രിംകോടതി എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി നിർബന്ധമാക്കിയിരുന്നു. എന്നാൽ ഇതിന്റെ പുരോഗതി വിലയിരുത്താൻ അമിക്കസ് ക്യൂറിയെ നിയോഗിച്ചപ്പോഴാണ് കേരളം ഇതിൽ വലിയ മുന്നേറ്റം നടത്തിയതായി വ്യക്തമായത്. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു കഴിഞ്ഞുവെന്ന റിപ്പോർട്ട് കോടതി പ്രത്യേകം പരാമർശിച്ചു.

അതേസമയം, രാജ്യത്തെ മറ്റു പല സംസ്ഥാനങ്ങളും ഈ കാര്യത്തിൽ വലിയ പിന്നിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കേരളം ഈ നേട്ടം കൈവരിച്ചപ്പോൾ ജാർഖണ്ഡ് പോലുള്ള സംസ്ഥാനങ്ങൾ പദ്ധതി നടപ്പിലാക്കുന്നതിൽ ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്. സിസിടിവി സ്ഥാപിക്കുന്നതിലൂടെ പൊലീസ് നടപടികളിൽ കൂടുതൽ സുതാര്യത കൊണ്ടുവരാൻ സാധിക്കുമെന്നും ഇത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ കുറയ്ക്കാൻ സഹായിക്കുമെന്നും കോടതി ഓർമിപ്പിച്ചു.

സംസ്ഥാനങ്ങൾക്ക് പുറമെ എൻഐഎ, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ ഓഫീസുകളിലും സമാനമായ രീതിയിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന് കോടതി നിർദേശിച്ചു. ഈ ഏജൻസികളുടെ കാര്യത്തിൽ നിലവിൽ പുരോഗതി കുറവാണെന്ന് കണ്ടെത്തിയ കോടതി, ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നേരിട്ട് ഹാജരാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS :

Next Story