Quantcast

ഷാൻ വധക്കേസിൽ ആർഎസ്എസുകാരായ നാല് പ്രതികൾക്ക് ജാമ്യം നൽകി സുപ്രിംകോടതി

ഹൈക്കോടതി ഉത്തരവിനെതിരെ പ്രതികൾ സുപ്രിംകോടതിയെ സമീപിച്ചപ്പോൾ ജാമ്യത്തെ സംസ്ഥാന സർക്കാർ എതിർത്തിരുന്നു.

MediaOne Logo

Web Desk

  • Published:

    22 Sept 2025 12:33 PM IST

Supreme Court grants bail to four RSS members accused in Shan murder case
X

ന്യൂഡൽഹി: ആലപ്പുഴ ഷാൻ വധക്കേസിൽ നാലു പ്രതികൾക്ക് ജാമ്യം നൽകി സുപ്രിംകോടതി. അഭിമന്യു, അതുൽ, സനന്ദ്, വിഷ്ണു എന്നീ ആർഎസ്എസ് പ്രവർത്തകർക്കാണ് ജാമ്യം. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി.

കേസിൽ ഒമ്പത് പേരാണ് പ്രതികൾ. ഇവർക്ക് നേരത്തെ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഇതിൽ നാല് പേർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

ഹൈക്കോടതി ഉത്തരവിനെതിരെ പ്രതികൾ സുപ്രിംകോടതിയെ സമീപിച്ചപ്പോൾ ജാമ്യത്തെ സംസ്ഥാന സർക്കാർ എതിർത്തിരുന്നു. ഒരു കാരണവശാലും ഇവർക്ക് ജാമ്യം നൽകരുതെന്നും അത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ഇടയാക്കുമെന്നും നാടിന്റെ സമാധാനം നഷ്ടമാവുന്ന അവസ്ഥയുണ്ടാകുമെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

ഷാൻ കൊലക്കേസിനെ തുടർന്നുണ്ടായ രഞ്ജിത് ശ്രീനിവാസൻ കൊലക്കേസിൽ പ്രതികൾക്ക് വധശിക്ഷ വരെ വിധിച്ചിരിക്കുമ്പോൾ രണ്ട് നീതിയന്ന സാഹചര്യമുണ്ടാകുമെന്നും അതിനാൽ ജാമ്യം നൽകരുതെന്നും സർക്കാർ വാദിച്ചിരുന്നു. എന്നാൽ ഇത് തള്ളി സുപ്രിംകോടതി ഇവർക്ക് മുമ്പ് നൽകിയ ഇടക്കാല ജാമ്യം സ്ഥിര ജാമ്യമാക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. ഹൈക്കോടതി പരാമർശങ്ങളും ഉത്തരവുകളും കോടതി റദ്ദാക്കുകയും ചെയ്തു.

എസ്‍ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ഷാനിനെ 2021 ഡിസംബർ 18ന്‌ വൈകിട്ടാണ് ആർഎസ്എസ് പ്രവർത്തകർ വെട്ടിക്കൊന്നത്. പിറ്റേന്ന് രാവിലെ ബിജെപി നേതാവായ രഞ്ജിത് ശ്രീനിവാസൻ ആലപ്പുഴയിലെ വീട്ടിലും കൊല്ലപ്പെട്ടു. ഇതിലെ 15 പ്രതികൾക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു.



TAGS :

Next Story