Quantcast

'പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞത് അനാവശ്യ കീഴടങ്ങൽ': ചീഫ് ജസ്റ്റിസിനെതിരായ പോസ്റ്റ് പിൻവലിച്ച കെപിസിസി നടപടിയില്‍ സുപ്രിംകോടതി അഭിഭാഷകൻ

''നിയമപാലനം തന്റെ പരിധിയിൽ വരുന്നതല്ലെന്ന ചീഫ് ജസ്റ്റിസിന്റെ പരസ്യമായ പരാമർശത്തിനുള്ള ശക്തമായ രാഷ്ട്രീയ മറുപടിയായിരുന്നു കെപിസിസിയുടെ പോസ്റ്റ്''

MediaOne Logo

Web Desk

  • Updated:

    2026-10-28 15:30:45

Published:

28 Oct 2026 7:50 PM IST

പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞത് അനാവശ്യ കീഴടങ്ങൽ: ചീഫ് ജസ്റ്റിസിനെതിരായ പോസ്റ്റ് പിൻവലിച്ച കെപിസിസി നടപടിയില്‍ സുപ്രിംകോടതി അഭിഭാഷകൻ
X

കോണ്‍ഗ്രസ് കേരള ഘടകം പങ്കുവെച്ച പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട്- ബൽരാജ് മാലിക്

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രാജി വെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കേരള ഘടകം എക്സിൽ പങ്കുവെച്ച പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞത് അനാവശ്യ കീഴടങ്ങലാണെന്ന് സുപ്രിംകോടതി അഭിഭാഷകൻ ബൽരാജ് മാലിക്.

നിയമപാലനം തന്റെ പരിധിയിൽ വരുന്നതല്ലെന്ന ചീഫ് ജസ്റ്റിസിന്റെ പരസ്യമായ പരാമർശത്തിനുള്ള ശക്തമായ രാഷ്ട്രീയ മറുപടിയായിരുന്നു കെപിസിസിയുടെ പോസ്റ്റ്. ആ പോസ്റ്റ് ഡിലീറ്റ് ചെയ്യുക, ജീവനക്കാരനെ പുറത്താക്കുക, നിരുപാധികം മാപ്പ് പറയുക എന്നിവയെല്ലാം തികച്ചും അനാവശ്യമായ കീഴടങ്ങലാണെന്ന് എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ ബൽരാജ് മാലിക് വ്യക്തമാക്കി.

പിൻവലിച്ചതും പാർട്ടി തള്ളിപ്പറഞ്ഞതുമായ ഒരു രാഷ്ട്രീയ പ്രസ്താവനയുടെ പേരിൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെ ശിക്ഷാർഹമായ കുറ്റമാക്കി മാറ്റാൻ ഇടയാക്കുമെന്ന് ബൽരാജ് മാലിക് മുന്നറിയിപ്പ് നൽകുന്നു. ശക്തമായ വിമർശനങ്ങളെ സഹിഷ്ണുതയോടെ നേരിടാൻ നീതിന്യായ വ്യവസ്ഥ തയ്യാറാകണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സുപ്രിംകോടതിയിലേക്ക് ഇന്‍ഡ്യ സഖ്യം നടത്തിയ മാര്‍ച്ചിനിടെയായിരുന്നു വിവാദ എക്സ് പോസ്റ്റ് എത്തിയത്. നിയമപ്രശ്നങ്ങളുള്ളതിനാല്‍ ഇന്‍ഡ്യ സഖ്യ നേതാക്കളെ കാണാന്‍ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. ഇതിലുള്ള രോഷപ്രകടനമായാണ് കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ ഔദ്യോഗിക എക്സ് പേജില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്

'പ്രിയ സൂര്യകാന്ത്, നിയമവും ക്രമസമാധാനവും നിങ്ങളുടെ പരിധിയില്‍ വരുന്നതല്ലെങ്കില്‍ ഇപ്പോള്‍ തന്നെ രാജിവയ്ക്കൂ. അത് കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരാളെ ഞങ്ങള്‍ പകരം കണ്ടെത്തിക്കൊള്ളാം'' എന്നായിരുന്നു കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്സ് പോസ്റ്റ്. വിമര്‍ശനം ഉയര്‍ന്നതോടെ ഹൈക്കാമാന്‍ഡ് പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പോസ്റ്റ് പാര്‍ട്ടിയുടെ അനുമതിയില്ലാതെയാണ് പ്രസിദ്ധീകരിച്ചതെന്നും ഉത്തരവാദിയായ വ്യക്തിയെ ചുമതലകളില്‍ നിന്ന് നീക്കിയതായും സുപ്രീംകോടതി അഭിഭാഷകന്റെ വക്കീൽ നോട്ടീസിന് സണ്ണി ജോസഫ് മറുപടി നൽകിയിരുന്നു.




TAGS :

Next Story