Quantcast

'വ്യക്തിഹത്യ നടത്തി വീഡിയോ ചെയ്തു'; രാഹുലിനെ പിന്തുണച്ച ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കെപിസിസിക്ക് അതിജീവിത‌യുടെ പരാതി

ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അതിജീവിത ഡിജിപിക്കും പരാതി നൽകിയിരുന്നു.

MediaOne Logo

Web Desk

  • Published:

    14 Jan 2026 8:33 AM IST

Survivor files complaint to KPCC against Sreenadevi Kunjamma
X

തിരുവനന്തപുരം: കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കെപിസിസിക്ക് പരാതി നൽകി അതിജീവിത. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് തുടങ്ങിയവർക്കാണ് പരാതി നൽകിയത്. വ്യക്തിഹത്യ നടത്തുന്ന രീതിയിലും ധാർമികതയെ ചോദ്യം ചെയ്യുന്ന രീതിയിലും ശ്രീനാദേവി കുഞ്ഞമ്മ വീഡിയോ ചെയ്തെന്ന് പരാതിയിൽ പറയുന്നു.

ശ്രീനാദേവി കുഞ്ഞമ്മയെയും സൈബറിടത്തിൽ ആക്രമണം നടത്തുന്ന പാർട്ടി പ്രവർത്തകരേയും നേതൃത്വം ഇടപെട്ട് തടയണമെന്നാണ് പരാതിയിലെ ആവശ്യം. ബലാത്സം​ഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും അതിജീവിതയെ ചോദ്യം ചെയ്തുമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ വീഡിയോ.

ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അതിജീവിത ഡിജിപിക്കും പരാതി നൽകിയിരുന്നു. വ്യക്തിഹത്യ നടത്തുന്ന രീതിയിൽ വീഡിയോ ചെയ്തെന്നും സമൂഹമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണം നേരിടുന്നുവെന്നും അതിജീവിത പരാതിയിൽ‌ വ്യക്തമാക്കിയിരുന്നു. ശ്രീനാദേവിക്കെതിരെ കേസെടുക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടു.

ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന് പരസ്യ പിന്തുണയുമായി ശ്രീനാദേവി രംഗത്തെത്തിയിരുന്നു. രാഹുലിനെതിരെ മാധ്യമങ്ങൾ ഇല്ലാക്കഥകൾ മെനയുകയാണ്. താൻ സത്യത്തിനൊപ്പമാണ് നിൽക്കുന്നത്. അത് അവൾക്കൊപ്പമാണോ അവനൊപ്പമാണോ എന്നത് നീതിന്യായ കോടതി തീരുമാനിക്കട്ടെ എന്നും ശ്രീനാദേവി പറഞ്ഞിരുന്നു.

ലൈവിൽ പരാതിക്കാരിയെ ആക്ഷേപിക്കുന്ന പരാമർശവും ശ്രീനാദേവി നടത്തി. കുടുംബ ബന്ധങ്ങൾക്ക് മൂല്യം കൽപ്പിക്കാത്തതിന്‍റെ പ്രശ്‌നം ആണിതെന്നും പരാതികളിൽ കോടതി തന്നെ സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവർ പറ‍ഞ്ഞിരുന്നു. മൂന്നാം പരാതിയിലും അസ്വാഭാവികതയുണ്ടെന്നും ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ ആരോപിച്ചിരുന്നു.

മൂന്നാം പരാതിയില്‍ പെണ്‍കുട്ടി ഉപദ്രവിക്കപ്പെട്ടെന്ന് പറയുന്നു. അതില്‍ വേദനയുണ്ട്. എന്നാല്‍ പീഡനത്തിന് ശേഷം പ്രതിക്ക് ചെരിപ്പ് വാങ്ങി നല്‍കുകയും ഫ്ലാറ്റ് വാങ്ങാന്‍ ശ്രമിക്കുകയും ചെയ്തു എന്നൊക്കെയുള്ള മൊഴികള്‍ കേള്‍ക്കുമ്പോള്‍ ചില സംശയങ്ങള്‍ തോന്നുന്നില്ലേ? കുടുംബം ഒരാള്‍ക്ക് മാത്രമല്ല, ഇപ്പുറത്തുമുണ്ട്. എന്നാല്‍ രണ്ടാള്‍ക്കും ഒരേ പരിഗണന ലഭിക്കുന്നില്ല. അതിജീവിതമാര്‍ക്കൊപ്പം നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. പ്രഥമദൃഷ്ട്യാ തെറ്റ് കണ്ടതിനാലാകാം പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ സത്യം പുറത്തുവരുന്നത് വരെ രാഹുല്‍ ക്രൂശിക്കപ്പെടാന്‍ പാടില്ലെന്നും ശ്രീനാദേവി അഭിപ്രായപ്പെട്ടിരുന്നു.

TAGS :

Next Story