കൊച്ചിയിൽ അന്തർ സംസ്ഥാന കവർച്ചാസംഘം എന്ന് സംശയിക്കുന്നവർ പിടിയിൽ
സംഘത്തിന് ഹരിയാനയിലെ കുപ്രസിദ്ധ മോഷണസംഘമായ മേവത്ത് ഗ്യാങ്ങുമായി ബന്ധമെന്ന് സംശയമുണ്ട്

കൊച്ചി: കൊച്ചിയിൽ അന്തർ സംസ്ഥാന കവർച്ചാസംഘം എന്ന സംശയിക്കുന്നവർ പിടിയിൽ. രാജസ്ഥാൻ രജിസ്ട്രേഷനുള്ള കണ്ടെയ്നർ ലോറിയിലെത്തിയ മൂന്നംഗ സംഘമാണ് പിടിയിലായത്. കസ്റ്റഡിയിലിരിക്കെ സ്റ്റേഷനിൽ നിന്നും ശുചിമുറിയുടെ ജനൽ പൊളിച്ചു രക്ഷപ്പെട്ട പ്രതികളിൽ ഒരാളെ സമീപത്ത് നിന്നും പിടികൂടി. സംഘത്തിന് ഹരിയാനയിലെ കുപ്രസിദ്ധ മോഷണസംഘമായ മേവത്ത് ഗ്യാങ്ങുമായി ബന്ധമെന്ന് സംശയമുണ്ട്.
തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ ഗുരുബാരപള്ളിയിൽ നിന്നും ഇന്നലെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാർ ആണ് കണ്ടെയ്നറിൽ എത്തിയ സംഘം മോഷ്ടിച്ചത്. മോഷ്ടിച്ച ശേഷം 20 കിലോമീറ്റർ അകലെ ഉപേക്ഷിച്ച കാർ തമിഴ്നാട് പോലീസ് കണ്ടെടുത്തു. ഹരിയാനയിലെ കുപ്രസിദ്ധ മേവത്ത് ഗ്യാങ്ങിന് സമാനമായ മോഷണമാണ് നടന്നതെന്നും മോഷ്ടിച്ച കാർ ഉപയോഗിച്ച് സംഘം ATM കൊള്ളയടിക്കാൻ സാധ്യത ഉണ്ടെന്നും തമിഴ്നാട് പോലീസ് കേരള പോലീസിന് വിവരം കൈമാറിയിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് പുലർച്ചെ 4.30ഓടുകൂടി നെട്ടൂരിൽ നിന്നും രാജസ്ഥാൻ രജിസ്ട്രേഷനിലുള്ള കണ്ടെയ്നറും മൂന്നുപേരും പിടിയിലാകുന്നത്. എസി ഇറക്കുമതിയുടെ മറവിൽ കവർച്ച നടത്താനുള്ള ശ്രമമായിരുന്നു എന്ന് പോലിസ് പറഞ്ഞു.
മൂന്നു പേരെ പിടികൂടി പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുമ്പോഴായിരുന്നു ഒരാൾ പോലീസ് സ്റ്റേഷന്റെ ശുചി മുറിയുടെ ജനൽ പൊളിച്ചു രക്ഷപെട്ടത്. മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിൽ സ്റ്റേഷന് സമീപമുള്ള പ്രദേശത്ത് നിന്ന് പ്രതിയെ പിടികൂടി. എസികളും അനുബന്ധ ഉപകരണങ്ങളും ഗ്യാസ് കട്ടറുകളും ലോറിയിൽ നിന്ന് കണ്ടെടുത്തു. ലോറി വിശദമായി പരിശോധിച്ച് വരികയാണ്. ഉന്നത പോലീസ് സംഘം പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.
Adjust Story Font
16

