കെ. സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ വിമർശനവുമായി ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദൻ
കേരളത്തിലെ ഭരണം ചില പ്രത്യേക സമുദായങ്ങളുടെ വൃത്തത്തിൽ ചുറ്റിക്കറങ്ങുകയാണെന്നും ശിവഗിരി മഠാധിപതി പറഞ്ഞു

എറണാകുളം: കെ. സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയതിൽ വിമർശനവുമായി ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. കെ. സുധാകരൻ പ്രതിനിധീകരിക്കുന്ന സമുദായം മുച്ചൂടും തഴയപ്പെടുന്നു. കേരളത്തിലെ ഭരണം ചില പ്രത്യേക സമുദായങ്ങളുടെ വൃത്തത്തിൽ ചുറ്റിക്കറങ്ങുന്നു. രണ്ടോ മൂന്നോ നേതാക്കളാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
നാലുവർഷം മുൻപ് രാഹുൽഗാന്ധി ശിവഗിരിയിൽ എത്തിയപ്പോൾ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കെ. ബാബു മാത്രമായിരുന്നു സമുദായത്തിൽ നിന്ന് എംഎൽഎ ആയി ഉണ്ടായിരുന്നത്. ഒരു വാർഡിൽ പോലും മത്സരിക്കാൻ അനുവദിക്കുന്നില്ല എന്ന് പരാതി ശിവഗിരി മഠത്തിൽ എത്തുന്നുണ്ട്. എല്ലാ സമുദായത്തിനും അർഹതപ്പെട്ടത് നൽകിയില്ലെങ്കിൽ ഇനിയും പിന്തള്ളപ്പെടുമെന്ന് സംശയം വേണ്ടെന്നും ശിവഗിരി മഠാധിപതി പറഞ്ഞു.
ആരോഗ്യപ്രശ്നങ്ങളുടെ പേരിലാണ് സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയത്. എന്നാൽ ദേശീയ അധ്യക്ഷനേക്കാൾ ആരോഗ്യം സുധാകരനുണ്ട്. എന്തുകൊണ്ടാണ് അദ്ദേഹം തഴയപ്പെട്ടതെന്ന് ചിന്തിക്കേണ്ടതുണ്ടതുണ്ടെന്നും കേരളത്തിലെ ഭരണം ചില പ്രത്യേക സമുദായങ്ങളുടെ വൃത്തത്തിൽ ചുറ്റിക്കറങ്ങുന്നുവെന്നും ശിവഗിരി മഠാധിപതി കൂട്ടിച്ചേർത്തു.
കെ. സുധാകരൻ പങ്കെടുത്ത പരിപാടിയിലാണ് ശിവഗിരി മഠാധിപതിയുടെ വിമർശനം.
Adjust Story Font
16

