വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ മുസ്‌ലിംകൾക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് എസ്‌വൈഎസ് നേതാക്കൾ
വയനാട് ജില്ലാ പഞ്ചായത്തിൽ കോൺഗ്രസ് മത്സരിക്കുന്ന 11 ഡിവിഷനിൽ ഒരു മുസ്‌ലിം സ്ഥാനാർഥി പോലുമില്ല

വയനാട്: വയനാട് ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ മുസ്‌ലിം സമുദായത്തിന് അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന് എസ്‌വൈഎസ് നേതാക്കൾ. ജില്ലാ ജനറൽ സെക്രട്ടറി നാസർ മൗലവി, സെക്രട്ടറി ദാരിമി വയനാട് എന്നിവരാണ് ഫേസ്ബുക്ക് പോസ്റ്റിൽ വിമർശനവുമായി രംഗത്തെത്തിയത്.
''കോൺഗ്രസ് എന്ന മതേതര കക്ഷിയെ കാസ വിഴുങ്ങിയോ? ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്: വയനാട് ജില്ലയിൽ മതേതര കോൺഗ്രസ് മുസ്‌ലിംകളെ രണ്ടാതരം പൗരൻമാരാക്കിയോ? കോൺഗ്രസ് പാർട്ടി ജില്ലയിൽ പ്രത്യേക മതത്തിന്റെ കയ്യിലോ?''- എന്നാണ് ദാരിമി വയനാടിന്റെ ഫേസ്ബുക്ക് കുറിപ്പ്.
''മുസ്‌ലിംകളെ രണ്ടാം തരം പൗരൻമാരായി കണ്ട് മതേതര കോൺഗ്രസ്'' എന്നാണ് നാസർ മൗലവി എന്ന വ്യക്തിയുടെ ഫേസ്ബുക്ക് കുറിപ്പ്. വയനാട് ജില്ലാ പഞ്ചായത്ത്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥി ലിസ്റ്റും ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയം വലിയ ചർച്ചകൾക്ക് കാരണമായിരുന്നു. ഇന്നലെ വൈകിട്ടാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് എസ്‌വൈഎസ് നേതാക്കളുടെ വിമർശനം. വയനാട് ജില്ലാ പഞ്ചായത്തിൽ 11 ഡിവിഷനിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഇതിൽ ഒരു മുസ്‌ലിം സ്ഥാനാർഥി പോലുമില്ല. നാല് ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള കോൺഗ്രസ് പട്ടികയിൽ രണ്ട് മുസ്‌ലിം സ്ഥാനാർഥികൾ മാത്രമാണുള്ളത്. ഈ പശ്ചാത്തലത്തിലാണ് മുസ് ലിം സമുദായത്തിന് അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന വിമർശനം എസ്‌വൈഎസ് നേതാക്കൾ ഉയർത്തുന്നത്.
Adjust Story Font
16

