'കെട്ടിടം പൊളിക്കാന്‍ അനുമതി വൈകുന്നു' ;താനൂര്‍ ഗവ.എച്ച്എസ്എസ് സ്‌കൂള്‍ കെട്ടിടം അപകടാവസ്ഥയില്‍
കെട്ടിടം പൊളിക്കാനുള്ള അനുമതി ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ വൈകിപ്പിക്കുന്നു എന്നാണ് ആക്ഷേപം

തിരൂര്‍: മലപ്പുറം താനൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പഴയ കെട്ടിടം ഏതു നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. കെട്ടിടം പൊളിക്കാനുള്ള അനുമതി ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ വൈകിപ്പിക്കുന്നു എന്നാണ് ആക്ഷേപം.
ഏതു നിമിഷവും തകര്‍ന്നുവീഴാന്‍ സാധ്യതയുള്ള അവസ്ഥയിലാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ കെട്ടിടം. വിദ്യാര്‍ത്ഥികളുടെ കളിസ്ഥലത്തിന്റെ തൊട്ടു സമീപത്താണ് ഈ കെട്ടിടം. മഴക്കാലമായതിനാല്‍ അപകടസാധ്യത കൂടുതലാണ്. കെട്ടിടം ഉടന്‍ പൊളിച്ചു, വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മാതാപിതാക്കളുടെ ആശങ്ക പരിഹരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
അധ്യയനവര്‍ഷം ആരംഭിച്ചതിനു പിന്നാലെ കെട്ടിടത്തിന്റെ ഓടുകള്‍ മാറ്റി, പൊളിക്കാനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍. രണ്ടുമാസം പിന്നിട്ടിട്ടും കെട്ടിടം പൊളിക്കാന്‍ അനുമതി ലഭിച്ചില്ല. ജില്ല, ബ്ലോക്ക്, പഞ്ചായത്തുകള്‍ പൊളിക്കാനുള്ള നടപടിക്രമങ്ങള്‍ വൈകിപ്പിക്കുന്നു എന്നാണ് ആക്ഷേപം.
നടപടിക്രമങ്ങള്‍ പറഞ്ഞു കെട്ടിടം പൊളിക്കാന്‍ അനുമതി വൈകിപ്പിക്കുന്നത് അംഗീകരിക്കാന്‍ ആകില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. ഇനിയും വൈകിയാല്‍ പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ ആലോചന. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ കെട്ടിടം പൊളിക്കും എന്നാണ് അധികൃതരുടെ വിശദീകരണം.
Adjust Story Font
16

