Quantcast

കെ.എസ്.ഇ.ബിയിലെ പ്രശ്‌നങ്ങൾക്ക് താൽകാലിക പരിഹാരം; സ്ഥലം മാറ്റം ലഭിച്ച നേതാക്കൾ ജോലിയിൽ പ്രവേശിച്ചു

അസോസിയേഷൻ പ്രസിഡന്റ് എം.ജി സുരേഷ് കുമാർ പെരിന്തൽമണ്ണയിൽ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ആയി ചുമതലയേറ്റു

MediaOne Logo

Web Desk

  • Updated:

    2022-04-30 05:58:47.0

Published:

30 April 2022 5:47 AM GMT

കെ.എസ്.ഇ.ബിയിലെ പ്രശ്‌നങ്ങൾക്ക് താൽകാലിക പരിഹാരം; സ്ഥലം മാറ്റം ലഭിച്ച നേതാക്കൾ ജോലിയിൽ പ്രവേശിച്ചു
X

തിരുവനന്തപുരം: കെ.എസ്.ഇ.ബി ചെയർമാനും ഓഫീസർസ് അസോസിയേഷൻ നേതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങൾക്ക് താത്കാലിക പരിഹാരമായി. സ്ഥലംമാറ്റപ്പെട്ട ഇടത് സർവീസ് സംഘടന നേതാക്കൾ ജോലിയിൽ പ്രവേശിച്ചു. ഓഫീസർസ് അസോസിയേഷൻ പ്രസിഡന്റ് എം.ജി സുരേഷ് കുമാർ പെരിന്തൽമണ്ണയിൽ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ആയി ചുമതലയേറ്റു.

അഞ്ചാം തീയതിയിലെ ചർച്ചയിൽ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് വൈദ്യുതി മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. ഈ ഉറപ്പിലാണ് സമരം താൽക്കാലികമായി അവസാനിപ്പിക്കാനായി തീരുമാനിച്ചതെന്ന് സുരേഷ് കുമാർ പ്രതികരിച്ചു.

എറണാകുളത്തു വച്ചാണ് മന്ത്രി കെ.കൃഷ്ണൻകുട്ടി സർവീസ് സംഘടനാ നേതാക്കളുമായി ചർച്ച നടത്തിയത്. മെയ് അഞ്ചിനുള്ളിൽ എല്ലാ പ്രശ്‌നങ്ങളും അവസാനിപ്പിക്കാൻ വേണ്ട ഇടപെടൽ ഉണ്ടാകുമെന്ന് മന്ത്രി നേതാക്കൾക്ക് ഉറപ്പ് നൽകി. തുടർന്നാണ് ഒത്തുതീർപ്പിന് വഴങ്ങിയത്. അഞ്ചിന് വീണ്ടും മന്ത്രിയുമായി ചർച്ച നടത്തും.

ചെയർമാൻ ബി.അശോകും കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷനു തമ്മിൽ നിലന്നിരുന്ന തർക്കം എൽ.ഡി.എഫിനും തലവേദനയായിരുന്നു. സമരം ദിവസങ്ങൾ നീണ്ടുപോയിട്ടും ഇടപ്പെട്ടില്ലെന്ന് ആരോപിച്ച് വൈദ്യുതി മന്ത്രിക്ക് സിപിഎം, സിഐ.ടി.യു നേതാക്കളിൽ നിന്ന് പഴി കേൾക്കേണ്ടി വന്നു. പലതവണ ചർച്ച നടന്നിട്ടും ചെയർമാനോ സമരക്കാരോ വിട്ടു വീഴ്ചക്കും തയ്യാറായില്ല. അവസാനവട്ട ചർച്ച കഴിഞ്ഞ് ഇറങ്ങിയ പിറ്റേ ദിവസം അസോസിയേഷൻ പ്രസിഡൻറ് എം.ജി. സുരേഷ്‌കുമാറിനെതിരെ അനധികൃതമായി വാഹനം ഉപയോഗിച്ചതിന് പിഴയും ചുമത്തി. സമരം നീണ്ടുപോകുന്നത് തിരിച്ചടിയാകുമെന്ന് ഭയന്നാണ് അസോസിയേഷൻ താൽകാലികമായി സമരം നിർത്തിയത്.

ആവശ്യമെങ്കിൽ സമരക്കാർക്കെതിരെ എസ്മ ചുമത്താൻ ബോർഡിന് അധികാരമുണ്ടെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടതോടെ പ്രശ്‌ന പരിഹാരം വേഗത്തിലാക്കാൻ അസോസിയേഷനും സന്നദ്ധത അറിയിച്ചു.

TAGS :

Next Story