തയ്യിൽ ജ്യോതിഷ് വധക്കേസ്; പ്രതികളായ ഏഴ് സിപിഎം പ്രവർത്തകരെയും ഹൈക്കോടതി വെറുതെ വിട്ടു
അന്വേഷണത്തിലെ പിഴവുകളും സാക്ഷിമൊഴികളിലെ പൊരുത്തക്കേടുകളുമടക്കം ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെ വിട്ടത് അന്വേഷണത്തിലെ പിഴവുകളും സാക്ഷിമൊഴികളിലെ പൊരുത്തക്കേടുകളുമടക്കം ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെ വിട്ടത്

കൊച്ചി: തയ്യിൽ ജ്യോതിഷ് വധക്കേസിൽ പ്രതികളായ ഏഴ് സിപിഎം പ്രവർത്തകരേയും ഹൈക്കോടതി വെറുതെ വിട്ടു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളെയാണ് വെറുതെവിട്ടത്. 2009 സെപ്റ്റംബർ 28-നാണ് ജ്യോതിഷ് കൊല്ലപ്പെട്ടത്. കണ്ണൂർ സവിത തിയേറ്ററിൽ നിന്ന് സെക്കൻഡ് ഷോ സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം.
ഒന്നാംപ്രതി ബബിനേഷ്, മൂന്നാംപ്രതി ടിഎൻ നിഖിൽ, അഞ്ചുമുതൽ ഏഴുവരെ പ്രതികളായ ടി.റിജുൽ രാജ്, സി.ഷഹൻ രാജ്, വികെ വിനീഷ്, 10ാം പ്രതി കെ.പി വിമൽ രാജ്, 12ാം പ്രതി എം. ടോണി എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. അന്വേഷണത്തിലെ പിഴവുകളും സാക്ഷിമൊഴികളിലെ പൊരുത്തക്കേടുകളുമടക്കം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. തലശ്ശേരി സെഷൻസ് കോടതി ഉത്തരവ് ചോദ്യംചെയ്ത് പ്രതികൾ സമർപ്പിച്ച അപ്പീൽ ഹരജിയാണ് കോടതി പരിഗണിച്ചത്.
കണ്ണൂർ നഗരത്തിലെ തട്ടുകടയിൽ വെച്ച് ഒന്നാംപ്രതിയും ജ്യോതിഷും തമ്മിൽ നടന്ന അടിപിടിയെത്തുടർന്നുണ്ടായ പ്രതികാരമാണ് കൊലപാതകമെന്നായിരുന്നു കണ്ടെത്തൽ. സെക്കൻഡ് ഷോ സിനിമ കഴിഞ്ഞ് ജ്യോതിഷും സുഹൃത്ത് ശരത്തും പുറത്തിറങ്ങിയപ്പോഴാണ് പ്രതികൾ സംഘം ചേർന്ന് ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ ജ്യോതിഷ് ആശുപത്രിയിൽ മരിച്ചു. പരിക്കേറ്റ ശരത്തും സ്ഥലത്തുണ്ടായിരുന്ന മിഥുൻ, സുമിത് എന്നിവരുമായിരുന്നു പ്രധാന ദൃക്‌സാക്ഷികൾ.
Adjust Story Font
16

