തൃശൂർ പൂരം: വീഴ്ചകൾ ആവർത്തിക്കരുതെന്ന് മുഖ്യമന്ത്രി, സുരക്ഷയിലും ആചാരക്രമങ്ങളിലും വീഴ്ചയില്ലാതെ പൂരം നടത്തണം
മെയ് 6 ന് നടക്കുന്ന ഈ വർഷത്തെ തൃശൂർ പൂരത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നു

തിരുവനന്തപുരം: തൃശൂർ പൂരം നടത്തിപ്പിൽ കഴിഞ്ഞ തവണ ഉണ്ടായ വീഴ്ചകൾ ആവർത്തിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുരക്ഷയിലും, ആചാരക്രമങ്ങളിലും വീഴ്ചയില്ലാതെ പൂരം നടത്തണം. പൂരം നടത്തിപ്പിൽ കഴിഞ്ഞ തവണ വീഴ്ചകൾ ഉണ്ടായെന്ന പരാതി ഉയർന്നിരുന്നു. കഴിഞ്ഞ തവണത്തേതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ദേവസ്വങ്ങൾക്കും, അധികാരികൾക്കും നിർദദേശം നൽകി. പൂരം മുന്നൊരുക്കം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം. ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
മെയ് 6 ന് നടക്കുന്ന ഈ വർഷത്തെ തൃശ്ശൂർ പൂരത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. പൂരത്തിന് മുൻപ് സുരക്ഷ ആക്ഷൻ പ്ലാൻ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. പൂരം നടത്തിപ്പിൽ ഒരു തരത്തിലുമുള്ള അനിശ്ചിതത്വവും വരാൻ പാടില്ലെന്നും ,ആചാരപരമായ കാര്യങ്ങൾക്ക് കോട്ടം തട്ടാത്ത വിധത്തിലും സുരക്ഷയിൽ വിട്ടുവീഴ്ച്ച വരാത്ത വിധത്തിലുമായിരിക്കണം പൂരം നടക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടി ചേർത്തു.
തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനം ജില്ലാ ഭരണ സംവിധാനം ഉറപ്പ് വരുത്തണം. സുരക്ഷാ മുൻകരുതലുകൾ, വെടിക്കെട്ട്, ആന എഴുന്നള്ളിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളും കോടതി ഉത്തരവുകളും പാലിക്കപ്പെട്ടുന്നുണ്ടോ എന്ന് ജില്ലാ ഭരണ സംവിധാനം ഉറപ്പാക്കണം. പൂരം ദിവസങ്ങളിൽ വെടിക്കെട്ടു നടത്തുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളും എക്സ്പ്ലോസിവ് നടപടികളും സ്വീകരിക്കണം. ലൈസൻസ് ലഭ്യമാക്കുന്നതിനുള്ള പൂരത്തിന് ആവശ്യമായ ആനകളെ എഴുന്നള്ളിക്കുന്നതിനും ആനകളുടെ വിശ്രമം, പൊതുജന സുരക്ഷ എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ പോലീസുമായി ചേർന്ന് ഒരുക്കണം. കഴിഞ്ഞ വർഷം ഉയർന്നുവന്ന ആക്ഷേപങ്ങളും പരാതികളും ഈ വർഷം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനുള്ള ജാഗ്രത പാലിക്കണം. ഉത്സവം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തമായ തീരുമാനം കൈക്കൊള്ളുന്നതിന് ജില്ലാ ജാഗ്രത സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തണം എന്നും യോഗത്തിൽ തീരുമാനിച്ചു.
Adjust Story Font
16

