എം.വി രാഘവനേയും പിണറായി വിജയനേയും വിജയിപ്പിച്ച പയ്യന്നൂർ ഇക്കുറി വിശ്വസിച്ചത് കുഞ്ഞികൃഷ്ണന്റെ കണക്കുകൾ
ധനരാജ് രക്തസാക്ഷി ഫണ്ടിലും ഏരിയ കമ്മിറ്റി നിർമ്മാണ ഫണ്ടിലും പാർട്ടി കണക്ക് അണികൾ വിശ്വസിച്ചില്ല എന്ന് കാണിക്കുന്നതാണ്് പയ്യന്നൂരിലെ ജനവിധി

- Published:
4 May 2026 2:20 PM IST

കണ്ണൂർ: അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ എം.വി രാഘവനും പിണറായി വിജയനും വിജയിച്ചു കയറിയ പയ്യന്നൂർ മണ്ഡലത്തിൽ യുഡിഎഫ് സ്വതന്ത്രസ്ഥാനാർഥി വി.കുഞ്ഞികൃഷ്ണൻ നടത്തിയ അട്ടിമറി സിപിഎമ്മിനെ പിടിച്ചു കുലുക്കുമെന്നത് തീർച്ച. പാർട്ടി കോട്ടയിലെ പുകഞ്ഞ കൊള്ളി ജയിച്ച് കയറുമ്പോൾ അത് സിപിഎമ്മിനകത്ത് ഉണ്ടാക്കുന്ന കലാപം ചെറുതാവില്ല. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സിറ്റിംഗ് എംഎൽഎ ടി.ഐ മധുസൂദനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് വി.കുഞ്ഞികൃഷ്ണൻ പാർട്ടിയിൽ നിന്ന് പുറത്തുവന്നത്.
താൻ ഉന്നയിച്ച പ്രശ്‌നങ്ങൾക്കൊപ്പമാണ് പാർട്ടിയിലെ സാധാരണക്കാർ എന്ന് തെളിയിക്കുന്ന പ്രകടനമാണ് പയ്യന്നൂരിൽ കുഞ്ഞികൃഷ്ണൻ കാഴ്ചവെച്ചത്. സിപിഎമ്മിനെ വെല്ലുവിളിച്ച് സ്ഥാനാർഥിയായ വി.കുഞ്ഞികൃഷ്ണൻ 7487 വോട്ട് എന്ന് ചെറുതല്ലാത്ത ഭൂരിപക്ഷത്തിൽ വിജയിച്ച് കയറുമ്പോൾ ഉയരുന്നത് പല ചോദ്യങ്ങളാണ്. ധനരാജ് രക്തസാക്ഷി ഫണ്ടിലും ഏരിയ കമ്മിറ്റി നിർമ്മാണ ഫണ്ടിലും പാർട്ടി കണക്ക് അണികൾ വിശ്വസിച്ചില്ല എന്ന് കാണിക്കുന്നതാണ് പയ്യന്നൂരിലെ ജനവിധി.
മണ്ഡല രൂപീകരണം കാലം തൊട്ട് ഇടതുപക്ഷത്തിനൊപ്പം മാത്രം നിന്ന് പയ്യന്നൂരിൽ നിന്നാണ് പാർട്ടി വിമതൻ നല്ല ലീഡുമായി ജയിച്ചു കയറിയിരിക്കുന്നത്. 49,780 വോട്ടുമായി 2021 ൽ വിജയിച്ച ടി.ഐ മധുസൂദനനെയാണ് കുഞ്ഞികൃഷ്ണൻ തോൽപ്പിച്ചത്. 1965 ലാണ് പയ്യന്നൂർ മണ്ഡലം രൂപീകരിക്കുന്നത്. സിപിഎം നേതാവായിരുന്ന എം.വി കുഞ്ഞമ്പുവാണ് പയ്യന്നൂരിന്റെ ആദ്യ എംഎൽഎ. ഇതിന് മുമ്പ് 2001 ൽ യുഡിഎഫ് തരംഗം ആഞ്ഞ് വീശിയപ്പോഴും 22,738 വോട്ടിന്റെ ലീഡ് എൽഡിഎഫ് സ്ഥാനാർഥിയായ പി.കെ ശ്രീമതി നേടിയ മണ്ഡലത്തിലാണ് സിപിഎമ്മിന് ഇക്കുറി കാലിടറിയിരിക്കുന്നത്.
Adjust Story Font
16
