ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ കൊലപാതകം; അമ്മയുടെ നുണപരിശോധന നടത്താൻ അനുമതി തേടി പൊലീസ്
കൊലപാതകം നടത്തിയത് ശ്രീതുവാണെന്ന് ഹരികുമാർ മൊഴി നൽകിയിരുന്നു. പ്രതി തുടർച്ചയായി ശ്രീതുവിൻറെ പങ്കിനെക്കുറിച്ച് പറയുന്ന സാഹചര്യത്തിലാണ് നുണ പരിശോധന നടത്താനുള്ള പോലീസ് നീക്കം.

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്തെ രണ്ടര വയസ്സുകാരിയെ കൊലപ്പെടുത്തിയത് കുട്ടിയുടെ അമ്മ ശ്രീതുവെന്ന് പ്രതി ഹരികുമാറിന്റെ മൊഴി. റൂറൽ എസ് പി ജയിൽ സന്ദർശനത്തിന് എത്തിയപ്പോഴാണ് ശ്രീതുവിന്റെ സഹോദരനായ ഹരികുമാർ മൊഴി നൽകിയത്. ശ്രീതുവിന്റെ നുണ പരിശോധന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബാലരാമപുരം പോലീസ് കോടതിയെ സമീപിച്ചു.
കഴിഞ്ഞ ജനുവരിയിലാണ് ബാലരാമപുരത്ത് രണ്ടര വയസ്സുകാരിയെ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അന്നുതന്നെ കുട്ടിയുടെ അമ്മാവൻ ഹരികുമാറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ പ്രതി കുറ്റം സമ്മതിച്ചു. എന്നാൽ ജയിലിൽ കഴിയുന്നതിനിടെ മൂന്നാഴ്ച മുമ്പ് റൂറൽ എസ്പിക്ക് മുമ്പാകെ പ്രതി മൊഴിമാറ്റി. കുഞ്ഞിനെ കൊലപ്പെടുത്തിയത് കുട്ടിയുടെ അമ്മ ശ്രീതു ആണ്. എല്ലാ കാര്യങ്ങളും ശ്രീതുവിന് അറിയാമായിരുന്നുവെന്നും ഹരികുമാർ എസ്പിയോട് പറഞ്ഞു.
ഇതിൻറെ അടിസ്ഥാനത്തിലാണ് ശ്രീതുവിന്റെ നുണ പരിശോധന നടത്താനുള്ള പോലീസ് നീക്കം. ഇതിനായി ബാലരാമപുരം പോലീസ് നെയ്യാറ്റിൻകര കോടതിയിൽ അപേക്ഷ സമർപ്പിച്ചു. കോടതി ഉത്തരവ് ലഭിക്കുന്ന മുറക്ക് ശ്രീതുവിന്റെ നുണ പരിശോധന നടത്തും. അതിനിടെ ഹരികുമാറിന്റെ ആരോപണം നിഷേധിച്ച് ശ്രീതു രംഗത്ത് വന്നു. കൊലപാതകത്തിന്റെ തുടക്കം മുതൽ ശ്രീതുവിന്റെ പേര് ഹരികുമാർ പറഞ്ഞിരുന്നു. ശ്രീതുവിനോടുള്ള വ്യക്തിവിരോധം മൂലം കൊലപാതകം നടത്തിയെന്നായിരുന്നു ഹരികുമാറിന്റെ ആദ്യ മൊഴി.
പ്രതി തുടർച്ചയായി ശ്രീതുവിൻറെ പങ്കിനെക്കുറിച്ച് പറയുന്ന സാഹചര്യത്തിലാണ് നുണ പരിശോധന നടത്താനുള്ള പോലീസ് നീക്കം. നേരത്തെ ശ്രീതുവിനെതിരെ ഭർത്താവും പോലീസിൽ മൊഴി നൽകിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച കൃത്യമായ തെളിവുകൾ പോലീസിന് ലഭിച്ചിരുന്നില്ല. സാമ്പത്തിക തട്ടിപ്പ് കേസിൽ നിലവിൽ ജയിലിലാണ് ശ്രീതു. ആവശ്യമെങ്കിൽ ഹരികുമാറിന്റെ നുണ പരിശോധനയും നടത്തും.
Adjust Story Font
16

