Quantcast

'ജനമനസുകളുടെ ഓര്‍മയിലെന്നും ഒരേയൊരു ലീഡര്‍'; കെ.കരുണാകരന്‍ വിടവാങ്ങിയിട്ട് 15 വര്‍ഷം

2010 ഡിസംബര്‍ 23നായിരുന്നു 92ആം വയസ്സില്‍ കരുണാകരന്‍ വിടപറഞ്ഞത്

MediaOne Logo

Web Desk

  • Published:

    23 Dec 2025 4:37 PM IST

ജനമനസുകളുടെ ഓര്‍മയിലെന്നും ഒരേയൊരു ലീഡര്‍; കെ.കരുണാകരന്‍ വിടവാങ്ങിയിട്ട് 15 വര്‍ഷം
X

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ലീഡര്‍ കെ. കരുണാകരന്‍ വിടവാങ്ങിയിട്ട് ഇന്ന് 15 വര്‍ഷം. പ്രതിഭാശാലിയും രാഷ്ട്രതന്ത്രജ്ഞനുമായ കരുണാകരന്റെ അഭാവം ഒന്നരപതിറ്റാണ്ടിന് ശേഷവും കോണ്‍ഗ്രസിന് നികത്താനായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

കാലമെത്ര കൊഴിഞ്ഞാലും കേരള രാഷ്ട്രീയത്തില്‍ ഒരേയൊരു ലീഡറെയുളളൂ. കെ. കരുണാകരന്‍. 2010 ഡിസംബര്‍ 23നായിരുന്നു 92ആം വയസ്സില്‍ കരുണാകരന്‍ വിടപറഞ്ഞത്. ഒന്നര പതിറ്റാണ്ടിനിപ്പുറവും കോണ്‍ഗ്രസില്‍ കരുണാകരന് തുല്യനായ പകരക്കാരനില്ല. നാല് തവണ മുഖ്യമന്ത്രി, ഒരു നിയമസഭയുടെ കാലാവധി തികച്ച ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രി, ഐ.എന്‍.ടി.യു.സിയുടെ സ്ഥാപക നേതാവ് എന്നിങ്ങനെ കെ. കരുണാകരന് മാത്രം അവകാശപ്പെടാന്‍ കഴിയുന്ന ഒട്ടേറെ പടവുകള്‍.

1967-ല്‍ നിയമസഭയില്‍ കോണ്‍ഗ്രസ് വെറും ഒമ്പതംഗങ്ങളായി ചുരുങ്ങിയ കാലത്താണ് കെ. കരുണാകരന്‍ കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷി നേതാവാകുന്നത്. ഒരു അംബാസിഡര്‍ കാറില്‍ യാത്ര ചെയ്യാവുന്നത്ര അംഗബലം മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസിനെ പിന്നീട് നയിച്ചത് കരുണാകരന്റെ കുശാഗ്ര ബുദ്ധിയായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ ഇല്ലാതാകുമോയെന്ന് ഭയപ്പെട്ട കാലത്ത് പിന്നീട് കണ്ടത് ഭരണപാടവവും ആജ്ഞാശക്തിയും ജനകീയ ഇടപെടലുമായി കോണ്‍ഗ്രസിന് പുനര്‍ജീവന്‍ നല്‍കുന്ന ലീഡറിന്റെ ഉദയമായിരുന്നു. ഐക്യജനാധിപത്യ മുന്നണിയുടെ ശില്‍പ്പിയായി കോണ്‍ഗ്രസിന്റെയും കേരളത്തിന്റെയും രാഷ്ട്രീയദിശ ചാണക്യതന്ത്രങ്ങളിലൂടെ കരുണാകരന്‍ മാറ്റിയെഴുതി. ജനിച്ചത് കണ്ണൂരിലാണെങ്കിലും തൃശൂരിന്റെ മണ്ണിലായിരുന്നു രാഷ്ട്രീയപോരാട്ടം. തുടര്‍ച്ചയായ ജയങ്ങളും പരാജയവും ഏറ്റുവാങ്ങിയ പോരാളി. കോണ്‍ഗ്രസിനുളളിലെ ഭിന്നതകളും ഡൊമൊക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രൂപീകരണവും തിരിച്ചുവരവുമെല്ലാം കേരള രാഷ്ട്രീയത്തിലെ ചരിത്രം.

കൊച്ചി നെടുമ്പാശേരി വിമാനത്താവളം, കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, ഗോശ്രീ പാലം പദ്ധതി, രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം, കായംകുളം എന്‍ടിപിസി, കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍, ഗുരുവായൂര്‍ റെയില്‍വേ ലൈന്‍, ഏഴിമല നാവിക അക്കാദമി, കാലടി സംസ്‌കൃത സര്‍വ്വകലാശാല, മഹാത്മാഗാന്ധി സര്‍വ്വകലാശാല, തിരുവനന്തപുരം റീജ്യണല്‍ ക്യാന്‍സര്‍ സെന്റര്‍ തുടങ്ങീ ദീര്‍ഘവീഷണത്തോടെ നടപ്പാക്കിയ വികസന പദ്ധതികള്‍ കെ കരുണാകരന്റെ സംഭാവനകള്‍.

കരുണാകരനും ഉമ്മന്‍ചാണ്ടിക്കും ശേഷം ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിമറഞ്ഞ കോണ്‍ഗ്രസ് ഇന്ന് നിലനില്‍പ്പിനുളള പോരാട്ടത്തിലാണ്. കരുണാകരനെപ്പോലെ പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും വിശ്വാസമുളള ഒരു ലീഡറിന്റെ അഭാവം കോണ്‍ഗ്രസിനെ 9 വര്‍ഷമായി പ്രതിപക്ഷ നിരയിലിരുത്തുന്നു. കരുണാകരന് ശേഷവും നിരവധി മുഖ്യമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും കടന്നുവന്നു. എങ്കിലും ജനമനസ്സില്‍ ലീഡര്‍ എന്ന് തര്‍ക്കമില്ലാതെ വിളിക്കാന്‍ കഴിയുന്ന നേതാവ് ഇന്നും കെ. കരുണാകരന്‍ തന്നെ.

TAGS :

Next Story