പത്തനംതിട്ടയിലെ ജനവാസ മേഖലയിൽ കടുവ ഇറങ്ങി
മേഖലയിലെ കടുവാ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു

പത്തനംതിട്ട: തണ്ണിത്തോട് ജനവാസ മേഖലയിൽ കടുവ ഇറങ്ങിയതായി സംശയം. തൂമ്പാക്കുളം സ്വദേശി സുനിൽ കുമാറിന്‍റെ പശുവിനെ പരിക്കേറ്റ നിലയിൽ കണ്ടതോടെ പ്രദേശവാസികൾ ഭീതിയിലാണ്. മേഖലയിലെ കടുവാ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.
തിങ്കളാഴ്ച പുലർച്ചെയാണ് തൂമ്പാക്കുളം സ്വദേശി സുനിൽ കുമാറിന്‍റെ പശുവിനെ അജ്ഞാത മൃഗം ആക്രമിച്ചത്. തൊഴുത്തിൽ കെട്ടിയിരുന്ന പശുവിന്‍റെ കഴുത്തിലും ശരീരത്തും നഖത്തിന്‍റെയും പല്ലിന്‍റെയും പാടുകൾ കണ്ടതോടെയാണ് കടുവയാണെന്ന സംശയമുണ്ടായത്. രണ്ട് ദിവസത്തെ ചികിത്സക്ക് ശേഷം ചത്ത പശുവിന്‍റെ പോസ്മോർട്ടം നടത്തി. കടുവയുമായി സാമ്യമുള്ള കാൽപ്പാടുകൾ പ്രദേശത്ത് കണ്ടെത്തിയതോടെ വനം വകുപ്പ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. പെരിയാർ ടൈഗർ റിസർവിനോട് ചേർന്നുള്ള തണ്ണിത്തോട്-തൂമ്പാക്കുളം മേഖലയിൽ ആദ്യമായാണ് കടുവാ സാന്നിധ്യം സംശയിക്കുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പ്രദേശത്തെ പെട്രോളിംഗ് ശക്തമാക്കിയതായും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
Adjust Story Font
16
