'രാഹുലിന് നിയമസഭയിൽ വരുന്നതിന് തടസമില്ല, പ്രതിപക്ഷനിരയിൽ നിന്ന് മറ്റൊരു ബ്ലോക്ക് നൽകും'; സ്പീക്കർ എ.എൻ ഷംസീർ
രാഹുൽ അവധി അപേക്ഷ നൽകിയിട്ടില്ലെന്ന് സ്പീക്കർ പറഞ്ഞു

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് നിയമസഭയിൽ പ്രതിപക്ഷനിരയിൽ നിന്ന് മറ്റൊരു ബ്ലോക്ക് നൽകുമെന്ന് സ്പീക്കർ എ.എൻ ഷംസീർ. രാഹുലിന് നിയമസഭയിൽ വരുന്നതിന് തടസമില്ലെന്നും രാഹുൽ അവധി അപേക്ഷ നൽകിയിട്ടില്ലെന്നും സ്പീക്കർ പറഞ്ഞു.
സംസ്ഥാനത്തെ രാഷ്ട്രീയ വിവാദ പെരുമഴയ്ക്കിടെ നാളെയാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. പരസ്പരം ഏറ്റുമുട്ടാൻ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും വിഷയങ്ങൾ നിരവധിയാണ്. രാഹുൽ മാങ്കൂട്ടത്തിലാണ് ഭരണപക്ഷത്തിന്റെ പ്രധാന ആയുധം. പൊലീസ് സ്റ്റേഷനുകളിലെ മർദനങ്ങൾ ഉയർത്തി പ്രതിപക്ഷം പ്രതിരോധം തീർക്കും. കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ പശ്ചാത്തലത്തിൽ രാഹുൽ മങ്കൂട്ടത്തിൽ വന്നാൽ നേരത്തെ പി.വി.അൻവർ ഇരുന്ന ബ്ലോക്കിൽ ആയിരിക്കും സ്ഥാനം.
സാധാരണഗതിയിൽ നിയമസഭാ സമ്മേളനം തുടങ്ങുമ്പോൾ പ്രതിപക്ഷത്തിന്റെ കയ്യിലാണ് വിഷയങ്ങൾ കൂടുതലായി ഉണ്ടാവുക. ഇത്തവണ പക്ഷേ ചില മാറ്റങ്ങൾ ഉണ്ട്. 'കട്ടക്ക്, കട്ട' എന്ന് പറയേണ്ടിവരും. രാഹുൽ മാങ്കൂട്ടത്തിൽ തന്നെയാണ് ഭരണപക്ഷത്തിന്റെ തുറുപ്പ്. രാഹുൽ എത്തിയാൽ ഇതുവരെ ഉയർന്ന സർവാരോപണങ്ങളും എടുത്ത് സഭാ രേഖകളിൽ എത്തിക്കാനാണ് സിപിഎം തീരുമാനം. ഒരു പരിധിവിട്ട് രാഹുലിനെ കോൺഗ്രസ് പ്രതിരോധിക്കില്ല എന്ന ബോധ്യവും സിപിഎമ്മിനുണ്ട്.
എന്നാൽ രാഹുലിനെ കടന്നാക്രമിക്കാൻ സിപിഎം തീരുമാനിച്ചാൽ കോൺഗ്രസ് അംഗങ്ങൾ പ്രതിരോധം തീർക്കാൻ സാധ്യത കുറവാണ്. അതേസമയം എം. മുകേഷിനും എ.കെ ശശീന്ദ്രനും എതിരായ ആരോപണങ്ങൾ ഉയർത്തി പാർട്ടിക്ക് യുഡിഎഫ് അംഗങ്ങൾ പ്രതിരോധം തീർത്തേക്കും. പൊലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങളാണ് ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷത്തിന്റെ കയ്യിലുള്ള മറ്റൊരായുധം.
ഇതുവരെ മൗനം തുടർന്ന മുഖ്യമന്ത്രി സഭയിൽ മറുപടി പറഞ്ഞേക്കും. അയ്യപ്പ സംഗമവും, തൃശൂരിലെ ശബ്ദരേഖ വിവാദവും സഭയിൽ ഉയർന്നു വരും. വന്യജീവികളെ വെടിവെച്ചു കൊല്ലാൻ ഉത്തരവിടുന്ന നിയമ ഭേദഗതി ബില്ലടക്കം പ്രധാനപ്പെട്ട നിയമനിർമാണങ്ങൾ സഭയിൽ എത്തുന്നുണ്ട്. ഒക്ടോബർ 10 വരെയാണ് സഭ ചേരുന്നത്.
Adjust Story Font
16

