കോളജ് ഡേയിൽ പങ്കെടുത്തില്ലെങ്കിൽ പിഴ; വിചിത്ര ഉത്തരവുമായി തിരുവനന്തപുരം ഐഎംഡിആർ കോളജ് പ്രിൻസിപ്പൽ
പരീക്ഷ എഴുതുന്നതിനായി വിദ്യാർഥികൾക്ക് ലഭിക്കേണ്ട ഹാൾ ടിക്കറ്റ് തടഞ്ഞുവെക്കുമെന്ന ഭീഷണിയും സർക്കുലറിലുണ്ട്

തിരുവനന്തപുരം: കോളജ് ഡേ പരിപാടിയിൽ പങ്കെടുക്കാത്ത വിദ്യാർഥികളിൽ നിന്ന് പിഴ ഈടാക്കുമെന്ന വിചിത്രമായ ഉത്തരവുമായി തിരുവനന്തപുരം ഐഎംഡിആർ കോളജ് പ്രിൻസിപ്പൽ. പ്രിൻസിപ്പൽ ഡോ. ജെ.ബി രാജൻ പുറത്തിറക്കിയ സർക്കുലറാണ് ഇപ്പോൾ വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിതെളിച്ചിരിക്കുന്നത്.
കോളജ് ഡേ ആഘോഷങ്ങളിൽ വിദ്യാർഥികളുടെ പൂർണ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നടപടിയെന്നാണ് പ്രിൻസിപ്പലിന്റെ വിശദീകരണം. എന്നാൽ, പരിപാടിയിൽ പങ്കെടുക്കാത്തവരിൽ നിന്ന് 250 രൂപ മുതൽ 750 രൂപ വരെ പിഴ ഈടാക്കുമെന്ന തീരുമാനം വിദ്യാർഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാക്കിയിരിക്കുകയാണ്.
സാമ്പത്തിക പിഴക്ക് പുറമെ, പരീക്ഷ എഴുതുന്നതിനായി വിദ്യാർഥികൾക്ക് ലഭിക്കേണ്ട ഹാൾ ടിക്കറ്റ് തടഞ്ഞുവെക്കുമെന്ന ഭീഷണിയും സർക്കുലറിലുണ്ട്. പിഴ ഒടുക്കാത്ത പക്ഷം ഹാൾ ടിക്കറ്റ് നൽകില്ലെന്ന കർശന നിലപാടാണ് മാനേജ്‌മെന്റ് സ്വീകരിച്ചിരിക്കുന്നത്. ഒരു ആഘോഷ പരിപാടിയിൽ പങ്കെടുക്കാത്തതിന്റെ പേരിൽ ഹാൾ ടിക്കറ്റ് തടയുന്നത് നിയമവിരുദ്ധമാണെന്ന ആരോപണവും ഇതിനോടകം ഉയർന്നു കഴിഞ്ഞു.
സ്വാശ്രയ കോളജുകളിൽ വിദ്യാർഥികൾക്ക് മേൽ ഇത്തരം അനാവശ്യ നിയന്ത്രണങ്ങളും സാമ്പത്തിക ബാധ്യതകളും അടിച്ചേൽപ്പിക്കുന്നത് പതിവാകുകയാണെന്ന പരാതി വ്യാപകമാണ്.
Adjust Story Font
16

