Quantcast

ഹിജാബ് വിലക്ക്: വിദ്യാഭ്യാസ സ്ഥാപനങ്ങൾ വെറുപ്പിന്റെ പ്രചാരകരാവരുത്: സോളിഡാരിറ്റി

'മതേതരത്വത്തിന്റെ' പേര് പറഞ്ഞ് മുസ്‌ലിം പെൺകുട്ടിയോട് ഹിജാബ് അഴിച്ചു വെച്ച് 'യൂണിഫോമിന്റെ' ഭാഗമാവാൻ പറയുന്ന കേരളത്തിലെ ചില മാധ്യമപ്രവർത്തകരും ഹിന്ദുത്വ ശക്തകളും തമ്മിൽ ഈ വിഷയത്തിൽ എന്ത് വ്യത്യാസമാണുള്ളതെന്ന് തൗഫീഖ് ചോദിച്ചു.

MediaOne Logo

Web Desk

  • Updated:

    2025-10-17 13:48:24.0

Published:

17 Oct 2025 5:54 PM IST

ഹിജാബ് വിലക്ക്: വിദ്യാഭ്യാസ സ്ഥാപനങ്ങൾ വെറുപ്പിന്റെ പ്രചാരകരാവരുത്: സോളിഡാരിറ്റി
X

കോഴിക്കോട്: ഹിന്ദുത്വ രാഷ്ട്രീയത്തിന് കുട പിടിച്ചുകൊടുക്കുന്ന നിലപാടിൽ നിന്ന് ക്രിസ്ത്യൻ മാനേജ്‌മെന്റുകൾ പിൻമാറണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്. ഹിജാബിനെതിരെ വിവാദം ഇളക്കിവിടലും വെറുപ്പ് ഉത്പാദിപ്പക്കലും സംഘ്പരിവാർ അജണ്ടയാണെന്ന് സാമാന്യ ബോധമുള്ള എല്ലാവർക്കും മനസ്സിലാകുന്ന കാര്യമാണ്. കർണാടകയിൽ കാവി ഷാൾ ഉടുത്തുവന്ന് തട്ടമിട്ട മുസ്‌ലിം വിദ്യാർഥിനികൾക്ക് നേരെ ആക്രോശിക്കുകയും അവരെ കോളജിൽ നിന്ന് പുറത്താക്കാൻ വേണ്ടി മുറവിളി കൂട്ടുകയും ചെയ്ത ഹിന്ദുത്വ ആൺ/ൾക്കൂട്ടത്തെ നാം കണ്ടതാണ്. 'മതേതരത്വത്തിന്റെ' പേര് പറഞ്ഞ് മുസ്‌ലിം പെൺകുട്ടിയോട് ഹിജാബ് അഴിച്ചു വെച്ച് 'യൂണിഫോമിന്റെ' ഭാഗമാവാൻ പറയുന്ന കേരളത്തിലെ ചില മാധ്യമപ്രവർത്തകരും ഹിന്ദുത്വ ശക്തകളും തമ്മിൽ ഈ വിഷയത്തിൽ എന്ത് വ്യത്യാസമാണുള്ളതെന്ന് തൗഫീഖ് ചോദിച്ചു.

മുസ്‌ലിംകളെ, പ്രത്യേകിച്ച് മുസ്‌ലിം പെൺകുട്ടികളെ, മൗലികമായ ഒരു അവകാശത്തിൽ നിന്ന് തടഞ്ഞു നിർത്തുന്ന ഒരു രാഷ്ട്രീയ പ്രക്രിയ നടന്നുകൊണ്ടിരിക്കുമ്പോൾ നിങ്ങൾ ആരുടെ പക്ഷത്താണ് എന്ന പുനർവിചിന്തനം പലരും നടത്തുന്നത് നന്നാവും. നിങ്ങളുടെ മൗലികാവകാശമായ മതസ്വാതന്ത്ര്യത്തിന് തടസ്സമാകുന്നുണ്ടെങ്കിൽ ദേശീയഗാനം പോലും ആലപിക്കേണ്ടതില്ല എന്ന് നിയമവിധി നിലനിൽക്കുന്ന, പട്ടാളത്തിൽ പോലും മതവിശ്വാസത്തിന്റെ ഭാഗമായി സിക്കുകാർക്ക് തലമറക്കാനുള്ള അവകാശം നൽകുന്ന ഒരു രാജ്യത്താണ് തലയിൽ തുണിക്കഷ്ണം ഇട്ടതിന്റെ പേരിൽ ഇന്ന് ഒരു വിദ്യാർഥിനിക്ക് അവളുടെ സ്‌കൂളിൽ നിന്നും ടി സി വാങ്ങി പോരേണ്ടി വന്നിട്ടുള്ളത്. മതേതരത്വം എന്നാൽ വ്യത്യസ്തതകളെ ഉൾക്കൊള്ളൽ ആണെന്നും അകറ്റിനിർത്തലോ അസഹിഷ്ണുതയോ അല്ലെന്നും അരുൺ കുമാർ അടക്കമുള്ള ആളുകൾ മനസ്സിലാക്കണം.

പലരീതിയിൽ മതസ്വാതന്ത്ര്യം മുസ്‌ലിംകൾക്ക് വിലക്കുകയും അവയെ രാഷ്ട്രീയ നേട്ടങ്ങളുടെ വിളനിലമാക്കാൻ കിണഞ്ഞ് പരിശ്രമിക്കുകയും ചെയ്യുന്ന ഹിന്ദുത്വയുടെ കാലത്ത്, കേരളത്തിലെ ക്രിസ്ത്യൻ മാനേജ്‌മെന്റുകൾ അതിന് കുട പിടിച്ചുകൊടുക്കുന്ന സമീപനത്തിൽ നിന്ന് പിന്മാറേണ്ടതുണ്ട്. ഈ പ്രശ്‌നത്തെ കേരളത്തിലെ രണ്ട് പ്രബല ന്യൂനപക്ഷവിഭാഗങ്ങൾക്കിടയിലുള്ള സാമുദായിക സംഘർഷമാക്കി മാറ്റാനുള്ള ശ്രമം, ഹിന്ദുത്വ സംഘടനകളുടെയും ക്രിസംഘികളുടെയും ഭാഗത്ത് നിന്ന് നടന്നു കൊണ്ടിരിക്കുകയാണ്. ആർഎസ്എസിന്റെ ആക്രമണങ്ങൾക്ക്, ഇന്ത്യയിലുടനീളം വിധേയമായിക്കൊണ്ടിരിക്കുന്ന മറ്റൊരു മതന്യൂനപക്ഷം എന്ന അർഥത്തിൽ, അതിനെ ചെറുത്തുതോൽപിക്കേണ്ട ഉത്തരവാദിത്തവും ക്രിസ്ത്യൻ മതനേതൃത്വത്തിന് ഉണ്ട്. ഈ സാഹചര്യത്തിൽ കൃത്യമായ ഇടപെടൽ നടത്താനും, സംഘർഷങ്ങൾക്ക് മരുന്നിട്ട് കൊടുക്കാനായി മുഖപ്രസംഗങ്ങൾ എഴുതിക്കൊണ്ടിരിക്കുന്നവർക്കെതിരെ ശക്തമായി നിലകൊള്ളാനുമുള്ള ഉത്തരവാദിത്തം അവർ തന്നെ ഏറ്റെടുക്കേണ്ടതുണ്ട്.

TAGS :

Next Story