വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കം; തൃശൂരിൽ മൂന്ന് പേരെ കുത്തി പരിക്കേൽപ്പിച്ചു
പെരിങ്ങന്നൂർ സ്വദേശികളായ അഭിനന്ദ്, പിതാവ് ബിനേഷ്, അഭിജിത്ത് എന്നിവർക്കാണ് കുത്തേറ്റത്

തൃശൂർ: തൃശൂർ പേരാമംഗലത്ത് മൂന്നുപേരെ കുത്തി പരിക്കേൽപ്പിച്ചു. വഴിയിൽ വാഹനം പാർക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. പെരിങ്ങന്നൂർ സ്വദേശികളായ അഭിനന്ദ്, പിതാവ് ബിനേഷ്, അഭിജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. കിഷോർ കൃഷ്ണ എന്നയാളാണ് കുത്തി പരിക്കേൽപ്പിച്ചത്.
രാത്രി ബാഡ്മിന്റൺ കളിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഭിനന്ദ്, ബിനേഷ്, അഭിജിത്ത് എന്നിവർക്ക് മുന്നിൽ റോഡിൽ വഴിമുടക്കി നിൽക്കുകയായിരുന്നു കിഷോർ. ഇത് സംബന്ധിച്ചുണ്ടായ സംസാരമാണ് വാക്കുതർക്കത്തിലേക്ക് പോയതും കത്തിക്കുത്തിൽ കലാശിച്ചത്. കിഷോറിന്റെ ബൈക്കിൽ കത്തിയുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇതെടുത്ത് ഇയാൾ മൂവരെയും കുത്തുകയായിരുന്നു.
അക്രമം നടത്തിയ ഉടനെ തന്നെ കിഷോർ ബൈക്കിൽ രക്ഷപ്പെട്ടു. ബിനേഷ് ഇയാളെ പിന്തുടർന്ന് പോയെങ്കിലും ഒരു കാറിൽ കയറി കടന്നു കളഞ്ഞു. സംഭവത്തിൽ കേസെടുത്ത പൊലീസ് കിഷോറിനായി വ്യാപകമായി തിരച്ചിൽ നടത്തുന്നുണ്ട്. ഇയാൾ തമിഴ് നാട്ടിലേക്ക് കടന്നതായും വിവരങ്ങളുണ്ട്. കിഷോർ നേരത്തെയും കേസിൽ പ്രതിയാണ് എന്ന് പൊലീസ് പറയുന്നു.
Adjust Story Font
16

