തൃശൂര്‍ വെടിക്കെട്ടുപുര അപകടം; വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു
സ്ഫോടനത്തെ സവിശേഷ ദുരന്തമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്

തൃശൂര്‍: തൃശൂര്‍ മുണ്ടത്തിക്കോട്ടെ വെടിക്കോപ്പ് നിര്‍മാണശാലയിലെ സ്‌ഫോടനത്തില്‍ ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു. ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന പട്ടാമ്പി സ്വദേശി പ്രവീണാണ് മരിച്ചത്. ഇതോടെ, ഔദ്യോഗിക കണക്ക് പ്രകാരണം മരണം 10 ആയി. ഇന്നലെ വൈകിട്ട് മൂന്നരയോടെ നടന്ന സ്‌ഫോടനത്തെ സവിശേഷ ദുരന്തമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ വൈകുന്നേരത്തോടെ തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. അപകടം നടക്കുന്ന സമയത്ത് ശാലക്കകത്തുണ്ടായിരുന്ന നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു. തൃശൂര്‍ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മിക്കുന്നിടത്താണ് സ്‌ഫോടനമുണ്ടായത്. പരിക്ക് പറ്റിയവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എട്ട് പേരുടെ നില അതീവഗുരുതരമാണെന്നാണ് വിവരം.
അതേസമയം, മുണ്ടത്തിക്കോട് നിര്‍മാണ ശാലയിലെ അപകടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രനാണ് അന്വേഷണം നടത്തുക. അപകടത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബങ്ങള്‍ക്കുള്ള ധനസഹായവും പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നല്‍കും. സിഎംഡിആര്‍എഫില്‍ നിന്നും 10 ലക്ഷം എസ്ഡിആര്‍എഫില്‍ നിന്നും നാല് ലക്ഷം രൂപയും നല്‍കും. പരിക്കേറ്റവര്‍ക്ക് ദുരന്തപ്രതികരണ നിധി പ്രകാരം അനുവദനീയമായ തുകയും അതിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 2 ലക്ഷം രൂപ അടിയന്തിര ധനസഹായമായി അനുവദിക്കും.
Adjust Story Font
16

