വാശിയേറിയ പോരാട്ടത്തിനൊരുങ്ങി തൃത്താല; ബൽറാമും രാജേഷും മണ്ഡലത്തിൽ സജീവം
തൃത്താല ക്രിക്കറ്റ് പ്രീമിയർ ലീഗിൻ്റെ സമ്മാനവിതരണത്തിന് എത്തിയ മന്ത്രി എം. ബി രാജേഷ് ക്രിക്കറ്റ് കളിച്ചത് ഇടതു സൈബർ ലോകം ആഘോഷമാക്കിയിട്ടുണ്ട്

തൃത്താല: പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലം തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിലേക്ക് കടന്നു. ഔദ്യോഗികമായി സ്ഥാനാർഥി പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണകാലത്തെ കാഴ്ചകളാണ് തൃത്താലയിൽ നിറഞ്ഞു നിൽക്കുന്നത്. മന്ത്രി എം.ബി രാജേഷും കെപിസിസി വൈസ് പ്രസിഡൻ്റ് വി.ടി ബൽറാമും മണ്ഡലത്തിൽ സജീവമാണ്.
എല്‍ഡിഎഫും യുഡിഎഫും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇത്തവണയും തൃത്താലയിൽ സംസ്ഥാനത്ത് അറിയപ്പെടുന്ന ഇരുനേതാക്കളും തമ്മിൽ വാശിയേറിയ പോരാട്ടം നടക്കുമെന്ന സൂചനകളാണ് വരുന്നത്. തൃത്താല ക്രിക്കറ്റ് പ്രീമിയർ ലീഗിൻ്റെ സമ്മാനവിതരണത്തിന് എത്തിയ മന്ത്രി എം. ബി രാജേഷ് ക്രിക്കറ്റ് കളിച്ചത് ഇടതു സൈബർ ലോകം ആഘോഷമാക്കിയിട്ടുണ്ട്. ദേശീയ സരസ്മേള നടത്തിയതും തൃത്താലയിൽ തന്നെയായിരുന്നു. എം. ബി രാജേഷ് കൂടുതൽ ജനകീയനായി മണ്ഡലത്തിൽ നിറഞ്ഞ് നിൽക്കുകയാണ്.
'ആരോഗ്യമുള്ള തൃത്താലയെ വീണ്ടെടുക്കാൻ' എന്ന പേരിൽ രണ്ട് തവണ തൃത്താല എംഎല്‍എയായിരുന്ന വി. ടി ബൽറാം മോണിങ്ങ് വാക്ക് ആരംഭിച്ചിട്ടുണ്ട്. മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പൊതുജനങ്ങളോടൊപ്പമാണ് പ്രഭാത നടത്തം . മുൻ ഡിസിസി പ്രസിഡൻ്റും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായ സി.വി ബാലചന്ദ്രൻ മോണിങ് വാക്കിൻ്റെ ഭാഗമായതോടെ വിഭാഗീയ പ്രശ്നങ്ങൾ അവസാനിച്ചു എന്നതിന്‍റെ സൂചന കൂടിയായി.
4000 വോട്ടിൽ താഴെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ എം. ബി രാജേഷ് വിജയിച്ചത് . തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനാണ് മേൽ കൈ . എം. ബി രാജേഷ് - വി.ടി ബൽറാം പോരാട്ടം നടന്നാൽ സംസ്ഥാനം തന്നെ ഉറ്റു നോക്കുന്ന മണ്ഡലമായി തൃത്താല മാറുമെന്ന് ഉറപ്പ്.
Adjust Story Font
16

