'പാർട്ടി മെമ്പർഷിപ്പ് നഷ്ടപ്പെട്ടവരെല്ലാം പാർട്ടി വിരുദ്ധരായിട്ടില്ല, ഒരാളെയും വിലകുറച്ച് നേതൃത്വം കാണില്ല'; ടി.പി രാമകൃഷ്ണൻ
ജി. സുധാകരന്‍റെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു ടി.പി രാമകൃഷ്ണൻ

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരന്‍റെ വിമർശനത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണൻ. ഒരാളെയും വിലകുറച്ച് പാർട്ടി നേതൃത്വം കാണില്ലെന്നും പാർട്ടി മെമ്പർഷിപ്പ് നഷ്ടപ്പെട്ടവരെല്ലാം പാർട്ടി വിരുദ്ധരായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ മെമ്പർഷിപ്പ് പുതുക്കുക എന്നുള്ളത് സംഘടനപരമായ കാര്യമാണ്. മെമ്പർഷിപ്പ് പുതുക്കലിന്റെ നടപടിക്രമങ്ങൾ അവസാനിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷമേ അത് പൂർത്തീകരിക്കൂ. ബാക്കി കാര്യങ്ങൾ എം.വി ഗോവിന്ദൻ തന്നെ വിശദീകരിക്കുമെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.
അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധത്തിനെതിരെ കേരളത്തിൽ എൽഡിഎഫിന്റെ ആഭിമുഖ്യത്തിൽ മൂന്ന് ബഹുജനറാലികൾ സംഘടിപ്പിക്കുമെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു. മാർച്ച് ആറിന് കോഴിക്കോട് മുതലക്കുളത്തും ഏഴിന് കൊച്ചി മറൈൻ ഡ്രൈവിലും എട്ടിന് തിരുവനന്തപുരം കിഴക്കേകോട്ടയിലെ നായനാർ പാർക്കിലുമാണ് പ്രതിഷേധ റാലികൾ സംഘടിപ്പിക്കുന്നത്.
അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗേവിന്ദനെതിരെയും ജില്ലാ സെക്രട്ടറി ആര്‍.നാസറിനെതിരെയും രൂക്ഷവിമര്‍ശനമാണ് ജി.സുധാകരന്‍ ഉന്നയിച്ചത്. പാര്‍ട്ടി സെക്രട്ടറി തന്നെ പരിഹസിച്ചുവെന്നും അദ്ദേഹത്തെ തിരുത്താന്‍ ആരും തയ്യാറായില്ലെന്നും സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി തന്നെ പരിപാടികള്‍ക്ക് ജില്ലാ സെക്രട്ടറി വിളിക്കാറില്ലെന്നും ഇതിനാല്‍ പാര്‍ട്ടി മെമ്പർഷിപ്പ് പുതുക്കുന്നില്ലെന്നും ജി. സുധാകരന്‍ കുറിച്ചു.
സംസ്ഥാന സെക്രട്ടറി തന്നെ പരിഹസിക്കുന്ന രീതിയില്‍ സംസാരിച്ചിട്ടും അദ്ദേഹത്തോട് ഇത് ചേദിക്കാനോ, തിരുത്താനോ ആരും തയ്യാറായില്ല. 63 വര്‍ഷം പാര്‍ട്ടി അംഗത്വമുള്ള തന്നെ കഴിഞ്ഞ അഞ്ച് വര്‍ഷമായി ജില്ലാ സെക്രട്ടറി പൊതു പരിപാടിക്ക് വിളിക്കാറില്ല. തന്‍റെ പിതാവിനെ പോലും അക്ഷേപിച്ച് ഒരു ലോക്കല്‍ കമ്മിറ്റി അംഗം പോസ്റ്റിട്ടു. ഇതൊക്കെ നേരിട്ടാണ് താന്‍ ഈ പാര്‍ട്ടിയില്‍ തുടരുന്നത് എന്ന് ജി.സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Adjust Story Font
16

