'വി.ഡി സതീശനെതിരെ സ്ഥാനാർഥിയെ നിർത്താതെ ഹിന്ദു വോട്ടർമാർ സ്ട്രാറ്റജിക് വോട്ടിങ് നടത്തണം'; ബിജെപിക്ക് തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഉപദേശിച്ച് ടി.പി സെൻകുമാർ
സതീശനെതിരെ തന്ത്രപരമായ നിലപാട് സ്വീകരിച്ചാൽ രണ്ടാമത് നിൽക്കുന്ന സ്ഥാനാർഥിക്ക് ആ വോട്ട് ലഭിക്കുമെന്നും സതീശനെ പരാജയപ്പെടുത്താൻ കഴിയുമെന്നും സെൻകുമാർ പറഞ്ഞു

- Published:
27 Feb 2026 7:35 PM IST

കോഴിക്കോട്: ബിജെപിക്ക് തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഉപദേശിച്ച് മുൻ ഡിജിപിയും സംഘ്പരിവാർ സഹയാത്രികനുമായ ടി.പി സെൻകുമാർ. പറവൂരിൽ വി.ഡി സതീശനെതിരെ ബിജെപി സ്ഥാനാർഥിയെ നിർത്താതെ ഹിന്ദു വോട്ടർമാർ സ്ട്രാറ്റജിക് വോട്ടിങ് നടത്തണം. ബിജെപി സ്ഥാനാർഥിയെ നിർത്തിയാൽ വി.ഡി സതീശൻ ചെറിയ ഭൂരിപക്ഷത്തിലെങ്കിലും ജയിച്ചുകയറും. എന്നാൽ ഹിന്ദു വോട്ടർമാർ ഏറ്റവും കൂടുതൽ ഹിന്ദുക്കൾക്ക് ദ്രോഹം ചെയ്യുന്ന ആൾ എന്ന നിലയിൽ സതീശനെതിരെ തന്ത്രപരമായ നിലപാട് സ്വീകരിച്ചാൽ രണ്ടാമത് നിൽക്കുന്ന സ്ഥാനാർഥിക്ക് ആ വോട്ട് ലഭിക്കുമെന്നും സതീശനെ പരാജയപ്പെടുത്താൻ കഴിയുമെന്നും സെൻകുമാർ പറഞ്ഞു.
പൊതുസ്ഥാനാർഥി എന്നതുകൊണ്ട് കാര്യമില്ല, ശക്തനായ എതിർ സ്ഥാനാർഥി വേണം. നാളെ മുതൽ ഹിന്ദുവിനെ കുറിച്ച് ഇതുപോലെ പറയരുത്. വർഗീയ പ്രീണനം നടത്തരുത് എന്ന താക്കീത് കൊടുക്കാൻ കഴിയണം. ബിജെപി ശക്തനായ സ്ഥാനാർഥിയെ നിർത്തിയാൽ കൂടുതൽ വോട്ട് നേടുമെങ്കിലും സതീശൻ തന്നെയാണ് വിജയിക്കുകയെന്നും സെൻകുമാർ വ്യക്തമാക്കി.
വിജയസാധ്യതയുള്ള 36 മണ്ഡലങ്ങളിൽ ബിജെപി നന്നായി ശ്രദ്ധിക്കണം. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 11 അസംബ്ലി സീറ്റുകളിൽ ബിജെപിക്ക് ഭൂരിപക്ഷമുണ്ടായിരുന്നു. ഒമ്പതിടത്ത് ബിജെപി രണ്ടാമതായിരുന്നു. ഏകദേശം 36 മണ്ഡലങ്ങളിൽ അവർക്ക് 30,000ൽ അധികം വോട്ടുണ്ട്. 20,000ൽ കൂടുതൽ വോട്ടുള്ള മണ്ഡലങ്ങളിൽ വോട്ട് വർധിപ്പിക്കാൻ ശ്രമിക്കണം.
10 മണ്ഡലങ്ങളിൽ വരെ ഓപ്പൺ സ്ട്രാറ്റജി സ്വീകരിക്കണം. തങ്ങളെ തോൽപ്പിക്കാൻ ശ്രമിക്കുന്ന ഇരു മുന്നണികളിലെ സ്ഥാനാർഥികളെ തോൽപ്പിക്കാൻ ഓപ്പൺ സ്ട്രാറ്റജി സ്വീകരിക്കണം. അങ്ങനെയെങ്കിൽ മഞ്ചേശ്വരവും കാസർകോടും ബിജെപിയുടെ കയ്യിലിരിക്കും. 5000- 6000 എൽഡിഎഫ് വോട്ട് യുഡിഎഫിന് പോകുന്നതുകൊണ്ടാണ് ഈ രണ്ട് സീറ്റിലും യുഡിഎഫ് ജയിക്കുന്നതെന്നും സെൻകുമാർ പറഞ്ഞു.
രാഷ്ട്രീയ ഇസ്‌ലാം ഇപ്പോൾ ലീഗുമായും യുഡിഎഫുമായും കൈകോർത്ത് നിൽക്കുകയാണ്. സിപിഎമ്മിന് കേന്ദ്രത്തിൽ യാതൊരു സ്വാധീനവുമില്ല. കോൺഗ്രസിന് മാത്രമാണ് അവിടെ എന്തെങ്കിലും സാധ്യതയുള്ളത്. കഴിഞ്ഞ ഒമ്പതര വർഷത്തെ സമുദായത്തിന്റെ നഷ്ടം നികത്താൻ കേരളത്തിൽ യുഡിഎഫിനെ പിന്തുണയ്ക്കുന്നാണ് അവരുടെ നിലപാട് എന്നും സെൻകുമാർ പറഞ്ഞു.
Adjust Story Font
16
