Quantcast

'ഭദ്രദീപം കൊളുത്തുന്നത് തിരുവിതാംകൂര്‍ രാജ്ഞിമാര്‍'; ക്ഷേത്രപ്രവേശന വിളംബരദിന വാർഷികവുമായി ബന്ധപ്പെട്ട നോട്ടീസ് വിവാദത്തില്‍

തിരുവിതാംകൂർ രാജകുടുംബത്തെ പുകഴ്ത്തിക്കൊണ്ടുള്ളതാണ് നോട്ടീസ്

MediaOne Logo

Web Desk

  • Updated:

    2023-11-11 06:31:04.0

Published:

11 Nov 2023 3:42 AM GMT

Travancore Devaswom Board
X

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ നോട്ടീസ്

തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബരദിന വാർഷികവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറത്തിറക്കിയ നോട്ടീസ് വിവാദമാകുന്നു. തിരുവിതാംകൂർ രാജകുടുംബത്തെ പുകഴ്ത്തിക്കൊണ്ടുള്ളതാണ് നോട്ടീസ്. ചടങ്ങില്‍ ഭദ്രദീപം കൊളുത്തുക തിരുവിതാംകൂർ രാജ്ഞിമാരായ പൂയം തിരുനാൾ ഗൗരീപാർവതീഭായിയും അശ്വതി തിരുനാൾ ഗൗരീലക്ഷ്മീഭായിയും എന്നാണ് നോട്ടീസില്‍ പറയുന്നത്. നോട്ടീസ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. തിങ്കളാഴ്ച നന്തന്‍കോടുള്ള ദേവസ്വം ബോർഡ്‌ ആസ്ഥാനത്താണ് പരിപാടി നടക്കുന്നത്.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.കെ അനന്തഗോപനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ഈ ചടങ്ങിലേക്കാണ് ഇരുവരെയും ക്ഷണിച്ചിരിക്കുന്നത്.

സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍ രംഗത്തെത്തി. രണ്ട് അഭിനവ "തമ്പുരാട്ടി"മാരിലൂടെ നാടുവാഴിത്ത മേധാവിത്തത്തെയും സംസ്കാരത്തെയും എഴുന്നള്ളിക്കാനുള്ള ദേവസ്വം ബോർഡിൻ്റെ നീക്കം അപലനീയമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അശോകന്‍ ചരുവിലിന്‍റെ കുറിപ്പ്

തിരുവതാംകൂറിലെ ദലിത് ജനത പൊരുതി നേടിയതാണ് ക്ഷേത്രപ്രവേശം. അതു തിരിച്ചറിഞ്ഞാണ് സർക്കാർ ക്ഷേത്രപ്രവേശന വിളംബര പുരസ്കാരങ്ങൾ ദലിത് സമൂഹത്തിലെ പ്രതിഭകൾക്ക് നൽകിവരുന്നത്. ഡോ.പൽപ്പു ഉൾപ്പടെ നിരവധി മഹാപ്രതിഭകളുടെ കണ്ണീരുവീണ സ്ഥലമാണ് തിരുവതാംകൂർ കൊട്ടാരം. ആലപ്പുഴയിലെ ഗ്രാമങ്ങളിൽ വീണ ചോര ഇനിയും ഉണങ്ങിയിട്ടില്ല. രണ്ട് അഭിനവ "തമ്പുരാട്ടി"മാരിലൂടെ ആ നാടുവാഴിത്ത മേധാവിത്തത്തെയും സംസ്കാരത്തെയും എഴുന്നള്ളിക്കാനുള്ള ദേവസ്വം ബോർഡിൻ്റെ നീക്കം അപലനീയമാണ്.

'' ധന്യാത്മൻ, പുണ്യശ്ലോകനായ ശ്രീചിത്തിരതിരുനാൾ മഹാരാജാവ് തിരുമനസ്സുകൊണ്ട് തുല്യം ചാർത്തിയ ക്ഷേത്രപ്രവേശന വിളംബരദിവസം സ്ഥാപിതമായ ശ്രീചിത്രാ കേന്ദ്ര ഹിന്ദുമത ഗ്രന്ഥശാല "സനാതന ധർമ്മം ഹിന്ദുക്കളെ ഉദ്ബോധിപ്പിക്കുക' എന്ന ഉദ്ദേശ്യ ത്തോടുകൂടി സ്മൃതിസന്നിഭമായ ആ രാജകല്പനയുടെ സ്മാരകമായി നിലകൊള്ളുമ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ 50-ാം വാർഷികം ആഘോഷിച്ച വേളയിൽ നിർമ്മിച്ചിട്ടുള്ള ദേവസ്വം ബോർഡ് ആസ്ഥാനത്തെ ക്ഷേത്രപ്രവേശന വിളംബര സ്മാരക ത്തിന്റെ നവീകരണ സമർപ്പണവും 87-ാം ക്ഷേത്രപ്രവേശനവിളംബരദിന സ്മരണപുതുക്ക ലും ക്ഷേത്രപ്രവേശനവിളംബരദിനമായ 27-3-1199 (2023 നവംബർ 13) തീയതി തിങ്ക ളാഴ്ച രാവിലെ 9.30-ന് ബഹു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ അവർകൾ ഉദ്ഘാടനം ചെയ്യുന്നു.

തദവസരത്തിൽ ജനക്ഷേ മകരങ്ങളായ അനേകം പ്രവർത്തനങ്ങൾകൊണ്ടും ലളിതമധുരമായ സ്വഭാവവൈശി ഷ്ട്യംകൊണ്ടും മഹാജനങ്ങളുടെ സ്നേഹബഹുമാനാദികൾക്ക് പാത്രീഭവിച്ച തിരുവിതാംകൂർ രാജ്ഞിമാരായ H.H. പൂയം തിരുനാൾ ഗൗരീപാർവ്വതീഭായി തമ്പുരാട്ടിയും H.H. അശ്വതി തിരുനാൾ ഗൗരീലക്ഷ്മീഭായി തമ്പുരാട്ടിയും ഈ മഹനീയ സംരംഭത്തിന് ഭദ്രദീപം തെളിയിച്ച് മഹാരാജാവിന്‍റെ പ്രതിമയ്ക്കുമുമ്പിൽ പുഷ്പാർച്ചന നടത്തുന്നു. പ്രസ്തുത മഹനീയ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുന്നതിലേയ്ക്കായി എല്ലാ ഭക്തജന ങ്ങളേയും ദേവസ്വം ഉദ്യോഗസ്ഥന്മാരേയും സുവിനീതം സ്വാഗതം ചെയ്തുകൊള്ളുന്നു. എന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സാസ്കാരിക -പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ബി.മധുസൂദനന്‍ നായര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്.

TAGS :

Next Story