Quantcast

ട്രിപ്പിൾ ലോക്ക്ഡൗൺ: തിരുവനന്തപുരം ജില്ലയിലെ നിയന്ത്രണങ്ങൾ ഇങ്ങനെ

ചരക്കു ഗതാഗതം, അവശ്യ സേവനങ്ങൾ എന്നിവയ്ക്കു മാത്രമേ സംസ്ഥാനാന്തര ഗതാഗതം അനുവദിക്കൂ

MediaOne Logo

Web Desk

  • Updated:

    2021-05-16 15:28:57.0

Published:

16 May 2021 3:30 PM GMT

ട്രിപ്പിൾ ലോക്ക്ഡൗൺ: തിരുവനന്തപുരം ജില്ലയിലെ നിയന്ത്രണങ്ങൾ ഇങ്ങനെ
X

തിരുവനന്തപുരം ജില്ലയിൽ ഇന്ന് അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ. നിലവിലുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കു പുറമേ ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗണിന്റെ ഭാഗമായി കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

നിയന്ത്രണങ്ങൾ ഇങ്ങനെ :

1. ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴം, പച്ചക്കറി, പാൽ, മാംസം, മത്സ്യം, കാലിത്തീറ്റ, വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവ തിങ്കൾ മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കാം. പ്രവർത്തിക്കുന്ന ദിവസങ്ങളിൽ ഉച്ചയ്ക്കു രണ്ടു മണിക്ക് കടകൾ അടയ്ക്കണം.

2. പാൽ, പത്ര വിതരണം എന്നിവ രാവിലെ എട്ടിനു മുൻപു പൂർത്തിയാക്കണം.

3. റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ ഷോപ്പുകൾ, മിൽക്ക് ബൂത്തുകൾ തുടങ്ങിയവ ദിവസവും വൈകിട്ട് അഞ്ചു വരെ പ്രവർത്തിക്കാം.

4. ഹോട്ടലുകളും റസ്റ്ററന്റുകളും രാവിലെ ഏഴു മുതൽ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ടേക്ക് എവേയും പാഴ്സൽ സർവീസും അനുവദിക്കില്ല.

5. മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ, എടിഎമ്മുകൾ, ജീവൻരക്ഷാ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ, ആശുപത്രികൾ, ക്ലിനിക്കുകൾ തുടങ്ങിയവ എല്ലാ ദിവസവും പ്രവർത്തിക്കും.

6. പൊതുജനങ്ങൾ, അവശ്യവസ്തുക്കൾ വീടിനോട് ഏറ്റവും അടുത്തുള്ള കടയിൽനിന്നു വാങ്ങണം. ഇവ വാങ്ങുന്നതിനായി കൂടുതൽ ദൂരം സഞ്ചരിക്കാൻ അനുവദിക്കില്ല.

7. ബാങ്കുകൾ, ഇൻഷ്വറൻസ് സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കാം. ഏറ്റവും കുറഞ്ഞ സ്റ്റാഫിനെ വച്ച് രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് ഇവയ്ക്കു പ്രവർത്തിക്കാൻ അനുവാദം. സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ പ്രവർത്തിക്കും. ഇ-കൊമേഴ്സ്, അവശ്യ വസ്തുക്കളുടെ ഡെലിവറി എന്നിവ ദിവസവും രാവിലെ ഏഴു മുതൽ ഉച്ചയ്ക്കു രണ്ടു വരെ അനുവദിക്കും.

മറ്റു നിയന്ത്രണങ്ങൾ

ജില്ലയിലേക്കു പ്രവേശിക്കുന്നതും ജില്ലയ്ക്കു പുറത്തേക്കു പോകുന്നതും പൊലീസ് കർശനമായി നിയന്ത്രിക്കും. കണ്ടെയ്ൻമെന്റ് സോണുകളിലും കർശന നിയന്ത്രണങ്ങൾ ഉണ്ടാകും. ചരക്കു ഗതാഗതം, അവശ്യ സേവനങ്ങൾ എന്നിവയ്ക്കു മാത്രമേ സംസ്ഥാനാന്തര ഗതാഗതം അനുവദിക്കൂ. സംസ്ഥാനാന്തര അവശ്യയാത്രയ്ക്ക് കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതു നിർബന്ധമാണ്.

മാധ്യമ പ്രവർത്തകർക്കു ജില്ലയിലേക്കു പ്രവേശിക്കുന്നതിനും ജില്ല വിട്ടു പോകുന്നതിനും പൊലീസിന്റെ പ്രത്യേക പാസ് വേണം. വീട്ടുജോലിക്കാർ, ഹോം നഴ്സ് തുടങ്ങിയവർക്ക് ഓൺലൈൻ പാസ് നിർബന്ധം. ഇലക്ട്രോണിക്, പ്ലമ്പിങ് ജോലികൾ ചെയ്യുന്ന ടെക്നീഷ്യന്മാർക്കും പാസ് നിർബന്ധം. പാസുകൾ pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷിച്ചാൽ ലഭ്യമാകും.

TAGS :

Next Story