എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ രാജിവെച്ച ട്വന്റി-20 പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍
പാർട്ടിയിൽ ചേരുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് കോൺഗ്രസ് നേതാവ് വി.പി സജീന്ദ്രന്‍ പറഞ്ഞു.

എറണാകുളം: എന്‍ഡിഎയില്‍ ചേര്‍ന്നതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച ആറ് ട്വന്റി-20 പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ട്വന്റി-20 പ്രവര്‍ത്തകരുടെ പ്രാദേശിക നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസില്‍ ചേരുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് കോൺഗ്രസ് നേതാവ് വി.പി സജീന്ദ്രന്‍ പറഞ്ഞു.
'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലേക്ക് ചേരുന്നതിനായി തയ്യാറായി നില്‍ക്കുന്ന നിരവധിയാളുകള്‍ ഇനിയുമുണ്ട്. ട്വന്റി-20യില്‍ നിന്ന് ശമ്പളം വാങ്ങിക്കുന്നവരുടെ ശരീരം അവിടെയാണുള്ളതെങ്കിലും മനസുകൊണ്ട് അവര്‍ ഞങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ചുകൊണ്ട് കൂടെയുണ്ട്. കോൺഗ്രസിൽ ചേരുന്നവർക്കെല്ലാം പാർട്ടി സംരക്ഷണം നൽകും'. സജീന്ദ്രൻ വ്യക്തമാക്കി
നേരത്തെ, ട്വന്റി-20യുടെ എന്‍ഡിഎ മുന്നണിപ്രവേശനത്തില്‍ പ്രതിഷേധിച്ച് ട്വന്റി-20യില്‍ നിന്ന് നിരവധി പ്രവര്‍ത്തകര്‍ രാജിവെച്ചിരുന്നു. വടവുകാട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത്, മഴുവന്നൂര്‍ പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ രഞ്ചു പുളിഞ്ചോടന്‍, ഐക്കരനാട് പഞ്ചായത്ത് മുന്‍ മെമ്പര്‍ ജീല്‍ മാവേല്‍ എന്നിവരാണ് ആദ്യഘട്ടത്തില്‍ രാജിവെച്ചവര്‍. എന്‍ഡിഎ സഖ്യത്തെക്കുറിച്ച് ജനപ്രതിനിധികള്‍ക്ക് അറിവില്ലായിരുന്നുവെന്നും രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഭാഗമാകാന്‍ തീരുമാനിച്ചാല്‍ ട്വന്റി-20 പിരിച്ചുവിടുമെന്നായിരുന്നു നിലപാടെന്നും ചൂണ്ടിക്കാട്ടിയാണ് പ്രവര്‍ത്തകരുടെ രാജി.
കൂടുതല്‍ പ്രവര്‍ത്തകര്‍ രാജിവെക്കുമെന്നും രാജിവെച്ചവര്‍ കോണ്‍ഗ്രസില്‍ ചേരുമെന്നും വടവുകാട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് റസീന പരീത് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാജിവെച്ച ട്വന്റി-20 പ്രവര്‍ത്തകരുടെ കോണ്‍ഗ്രസ് പ്രവേശനം.
Adjust Story Font
16

