Quantcast

എന്‍ഡിഎ പ്രവേശനത്തില്‍ ട്വന്റി-20യിൽ പൊട്ടിത്തെറി; രാജിവെച്ച് ഒരു വിഭാഗം കോണ്‍ഗ്രസിലേക്ക്

ട്വന്റി-20യില്‍ അഭിപ്രായസ്വാതന്ത്രമില്ലെന്നും എന്‍ഡിഎയുടെ ഭാഗമായത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും നേതാക്കൾ പ്രതികരിച്ചു

MediaOne Logo

Web Desk

  • Updated:

    2026-01-23 12:01:58.0

Published:

23 Jan 2026 3:42 PM IST

എന്‍ഡിഎ പ്രവേശനത്തില്‍ ട്വന്റി-20യിൽ പൊട്ടിത്തെറി; രാജിവെച്ച് ഒരു വിഭാഗം കോണ്‍ഗ്രസിലേക്ക്
X

എറണാകുളം: എന്‍ഡിഎ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ട്വന്റി-20യില്‍ നിന്ന് രാജിവെച്ച് നേതാക്കള്‍. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് റസീന പരീത്, മഴുവന്നൂര്‍ പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ രഞ്ചു പുളിഞ്ചോടന്‍, ഐക്കരനാട് പഞ്ചായത്ത് മുന്‍ മെമ്പര്‍ ജീല്‍ മാവേലി എന്നിവര്‍ രാജിവെച്ചതായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൂടുതല്‍ പ്രവര്‍ത്തകര്‍ രാജിവെക്കുമെന്നും രാജി വെച്ചവര്‍ കോണ്‍ഗ്രസില്‍ ചേരുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

'എന്‍ഡിഎ സഖ്യത്തെ കുറിച്ച് ജനപ്രതിനിധികള്‍ക്ക് അറിവില്ല. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഭാഗമാകാന്‍ തീരുമാനിച്ചാല്‍ ട്വന്റി-20 പിരിച്ചുവിടുമെന്നായിരുന്നു മുന്‍ നിലപാട്. ബിജെപിയുടെ റിക്രൂട്ടിങ് ഏജന്റെന്ന പോലെയാണ് നേതാക്കള്‍ പ്രവര്‍ത്തിച്ചത്. റോയല്‍റ്റി കാര്‍ഡിന്റെ പേരില്‍ ജാതിയും മതവും ചോദിച്ചായിരുന്നു സര്‍വെ. ഇത് മുന്നണിപ്രവേശനത്തിലേക്കുള്ള മുന്നൊരുക്കമായിരുന്നോയെന്നും സംശയമുണ്ട്'. റസീന പരീത് മാധ്യമങ്ങളോട് പറഞ്ഞു.

'രാജി വെച്ച പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരും. തെരഞ്ഞെടുപ്പില്‍ ജനം വോട്ട് ചെയ്തത് ട്വന്റി-20ക്കാണ്. അല്ലാതെ, ട്വന്റി-20 പ്ലസ് ബിജെപി എന്ന സഖ്യത്തിനായിരുന്നില്ല.' ട്വന്റി-20യില്‍ അഭിപ്രായസ്വാതന്ത്രമില്ലെന്നും എന്‍ഡിഎയുടെ ഭാഗമായത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും റസീന പരീത് കൂട്ടിച്ചേര്‍ത്തു.

ആറ് മാസം മുന്നേ നടന്ന പടയൊരുക്കമാണെന്ന് രാജി വെച്ച രഞ്ജു പുളിഞ്ചോടന്‍ പറഞ്ഞു. ജാതിയും മതവും ചോദിച്ച് സര്‍വേ നടത്താന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ നടപടിയെടുത്തു. നല്‍കിവന്ന ശമ്പളം അവര്‍ വെട്ടിക്കുറച്ചു. ട്വന്റി-20യില്‍ പിആര്‍ വര്‍ക്കല്ലാതെ മറ്റൊന്നും നടന്നിട്ടില്ലെന്നും കുന്നത്തുനാടിനെ അവര്‍ വിറ്റുവെന്നും രഞ്ജു പ്രതികരിച്ചു.

ട്വന്റി-20യില്‍ നില്‍ക്കുന്നവര്‍ക്ക് വരുംനാളുകളില്‍ ബിജെപിക്ക് വേണ്ടി വോട്ട് ചോദിക്കേണ്ട അവസ്ഥയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ നീക്കം കോണ്‍ഗ്രസിന് ഗുണകരമാകുമെന്ന് ജീല്‍ മാവേലിയും പറഞ്ഞു.

കോണ്‍ഗ്രസ് പ്രവേശനത്തിനായി പല നേതാക്കളും സമീപിക്കുന്നുണ്ടെന്നും എന്‍ഡിഎ പ്രവേശനം സാബു എം.ജേക്കബിന്റെ അന്ത്യം കുറിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് വി.പി സജീന്ദ്രന്‍ പ്രതികരിച്ചു. നടന്നത് ബിസിനസുകാരന്റെ നിലനില്‍പ്പിനായുള്ള ശ്രമമാണെന്നും കുന്നത്തുനാട്ടില്‍ സ്വാധീനമുറപ്പിക്കാനുള്ള ബിജെപി നീക്കമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നതെന്നും നിഷ്പക്ഷരായ ആളുകളെ സംഘ്പരിവാറിന്റെ കാല്‍ക്കീഴില്‍ കെട്ടാനുള്ള സാബുവിന്റെ ശ്രമം ജനം തള്ളുമെന്നും സജീന്ദ്രന്‍ പറഞ്ഞു.

TAGS :

Next Story