ലൈഫ് മിഷൻ പദ്ധതി നിർത്തുന്നു; പുതിയ ഭവന പദ്ധതി തുടങ്ങാന്‍ യുഡിഎഫ് സര്‍ക്കാര്‍
ലൈഫ് മിഷന്‍ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം കവരുന്നുവെന്നാണ് യുഡിഎഫ് സര്‍ക്കാര്‍ വിലയിരുത്തല്‍

കൊച്ചി: എല്‍ഡിഎഫ് സർക്കാറിന്റെ ഭവന നിര്‍മാണ പദ്ധതിയായ ലൈഫ് മിഷൻ നിര്‍ത്തുന്നു. ലൈഫ് മിഷന്‍ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം കവരുന്നുവെന്നാണ് യുഡിഎഫ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാന്‍ ഗ്രാമസഭകള്‍ക്കുള്ള അധികാരം ലൈഫ് മിഷന്‍ കവരുന്നെന്നും സര്‍ക്കാര്‍ പറയുന്നു. തദ്ദേശസ്ഥാപനങ്ങള്‍ക്കും ഗ്രാമസഭകള്‍ക്കും പൂര്‍ണ പങ്കാളിത്തമുള്ള ഭവന പദ്ധതി ആരംഭിക്കാനാണ് യുഡിഎഫ് സർക്കാർ നീക്കം. തദ്ദേശവകുപ്പ് ഇതിനായി നടപടി തുടങ്ങി.
ഭവന പദ്ധതികളെല്ലാം സംയോജിപ്പിച്ച് 2017 ലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ലൈഫ് മിഷന്‍ ആരംഭിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടേയും പട്ടികജാതി, പട്ടിക വര്‍ഗ, മത്സ്യ വകുപ്പുകളുടെയും ഭവന നിര്‍മാണ പദ്ധതികള്‍ എല്ലാം സംയോജിപ്പിച്ചാണ് ലൈഫ് മിഷന് കീഴില്‍ ഒറ്റ പദ്ധതിയാക്കി മാറ്റിയത്. ഒന്നാം പിണറായി സര്‍ക്കാര്‍ 2017 ല്‍ കൊണ്ടുവന്ന ലൈഫ് മിഷന്‍ അധികാര വികേന്ദ്രീകരണത്തെ അട്ടിമറിച്ച് തദ്ദേശസ്ഥാപനങ്ങളുടേയും ഗ്രാമസഭകളുടെയും അധികാരം കവര്‍ന്നുവെന്ന വിമര്‍ശനമുണ്ടായിരുന്നു.
ലൈഫ് മിഷന്‍റെ പേരില്‍ തദ്ദേശ സ്ഥാപനങ്ങളുടെ ആസൂത്രണ ഫണ്ടിന്‍റെ ഇരുപത് ശതമാനം സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന സ്ഥിതിയുമുണ്ട്. ഇതെല്ലാം മാറ്റി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരവും പങ്കാളിത്തവും തിരിച്ചുനല്‍കുന്നതിന്‍റെ ഭാഗമായാണ് ലൈഫ് മിഷന്‍ നിര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനം. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാന്‍ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും അധികാരവും കൂടിയ പങ്കാളിത്തവുമുള്ളതാകും പുതിയ പദ്ധതികളെന്ന് തദ്ദേശവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ലൈഫ് മിഷന്‍റെ വ്യവസ്ഥകള്‍ മൂലം പ്രധാനമന്ത്രി ആവാസ് യോജനയുടെ ഫണ്ട് സംസ്ഥാനത്തെ ഭവന നിര്‍മാണ പദ്ധതികള്‍ക്ക് ഉപയോഗിക്കാനാകാത്ത സ്ഥിതിയുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് തദ്ദേശവകുപ്പിന്‍റെ പുതിയ തീരുമാനം. മുഖ്യമന്ത്രി ചെയര്‍മാനും തദ്ദേശവകുപ്പ് മന്ത്രി വൈസ് ചെയര്‍മാനും ജില്ലകളില്‍ നിര്‍വഹണ ഉദ്യോഗസ്ഥനുമുള്ള സംവിധാനമാണ് ലൈഫ് മിഷന്‍.
Adjust Story Font
16

