Quantcast

സർക്കാരിനെതിരെ പൗരവിചാരണയുമായി യു.ഡി.എഫ്; ഡിസംബറിൽ സെക്രട്ടേറിയറ്റ് വളയും

സ്ത്രീസുരക്ഷയിലെ വീഴ്ചകൾക്കെതിരെ മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നവംബർ രണ്ടിന് ഡി.ജി.പി ഓഫിസിലേക്ക് മാർച്ച് നടത്തും.

MediaOne Logo

Web Desk

  • Published:

    30 Oct 2022 8:36 AM GMT

സർക്കാരിനെതിരെ പൗരവിചാരണയുമായി യു.ഡി.എഫ്; ഡിസംബറിൽ സെക്രട്ടേറിയറ്റ് വളയും
X

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ പൗര വിചാരണയുമായി യു.ഡി.എഫ്. ഡിസംബർ രണ്ടാം വാരം സെക്രട്ടേറിയറ്റ് വളയും. അടുത്ത മാസം മുതൽ തുടർച്ചയായ സമര പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം.

നവംബർ ഒന്നിന് യു.ഡി.എഫിന്റെ ലഹരിവിരുദ്ധ കാംപയിന്റെ ഉദ്ഘാടനം കൊച്ചിയിൽ നടക്കും. അതിനുശേഷം നവംബർ, ഡിസംബർ മാസങ്ങളിൽ സർക്കാരിനെതിരെ നിരന്തരമായി പൗരവിചാരണാ പരിപാടികൾ നടത്താനാണ് യു.ഡി.എഫ് തീരുമാനിച്ചിരിക്കുന്നത്. സ്ത്രീസുരക്ഷയിലെ വീഴ്ചകൾക്കെതിരെ മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നവംബർ രണ്ടിന് ഡി.ജി.പി ഓഫിസിലേക്ക് മാർച്ച് നടത്തും.

നവംബർ മൂന്നിന് സെക്രട്ടേറിയറ്റിലേക്കും ജില്ലാ കലക്ടറുകളിലേക്കും ഇതേ വിഷയത്തിൽ കോൺഗ്രസ് മാർച്ച് നടത്തും. നവംബർ എട്ടിന് യു.ഡി.എഫ് നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ രാജ്ഭവൻ മാർച്ച് നടക്കും. നവംബർ 14ന് 'നരബലിയുടെ തമസിൽ നിന്ന് നവോഥാനത്തിന്റെ തുടർച്ചയിലേക്ക്' എന്ന പേരിൽ കാംപയിൻ ആരംഭിക്കും. നവംബർ 20 മുതൽ 30 വരെ വാഹനപ്രചരണ ജാഥകൾ നടത്താനും തീരുമാനിച്ചു.

ഡിസംബർ രണ്ടാം വാരം സർക്കാരിനെതിരെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റ് വളയും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ സർക്കാർ നോക്കുകുത്തിയായി, നെല്ലുസംഭരണം അട്ടിമറിച്ചു, നാണ്യവിളകളുടെ താങ്ങുവില പ്രഖ്യാപനത്തിൽ ഒതുക്കി കർഷകരെ കണ്ണീരിലാക്കി, നിയമം നടപ്പാക്കേണ്ട പൊലീസ് ഗുണ്ടാസംഘങ്ങളെ പോലെ പ്രവർത്തിക്കുന്നു, തിരുവനന്തപുരം മുതൽ കാസർകോട് വരെ ഗുണ്ടാ കോറിഡോറാണ് തുടങ്ങിയ ആരോപണങ്ങൾ ഉയർത്തിയാണ് യു.ഡി.എഫ് വൻ പ്രക്ഷോഭത്തിനൊരുങ്ങുന്നത്. ഒപ്പം, സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സ്വർണക്കടത്ത്- ഡോളർക്കടത്ത് കേസുകൾ വീണ്ടും ഉയർത്തിക്കൊണ്ടുവരികയും സമരത്തിന്റെ ലക്ഷ്യമാണ്.

TAGS :

Next Story