Quantcast

പിടിതരാതെ അമ്പലപ്പുഴ; പോളിങ് ശതമാനം ഉയർന്നിട്ടും നെഞ്ചിടിപ്പിൽ മുന്നണികൾ

പാർട്ടി വിട്ടുപോയ ജി. സുധാകരനെതിരെയുള്ള രാഷ്ട്രീയ വികാരം വോട്ടായി മാറുമെന്നും എച്ച്. സലാം മണ്ഡലം നിലനിർത്തുമെന്നുമാണ് എൽഡിഎഫിന്റെ ഉറച്ച വിശ്വാസം

MediaOne Logo

Web Desk

  • Updated:

    2026-04-12 03:14:17.0

Published:

12 April 2026 6:59 AM IST

പിടിതരാതെ അമ്പലപ്പുഴ; പോളിങ് ശതമാനം ഉയർന്നിട്ടും നെഞ്ചിടിപ്പിൽ മുന്നണികൾ
X

ആലപ്പുഴ: തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ അമ്പലപ്പുഴ മണ്ഡലത്തിൽ ജയപരാജയങ്ങളെക്കുറിച്ച് വലിയ അനിശ്ചിതത്വം നിലനിൽക്കുന്നു. പോളിങ് ശതമാനം കഴിഞ്ഞ തവണത്തേക്കാൾ ഉയർന്ന നിലയിൽ എത്തിയെങ്കിലും, പോൾ ചെയ്ത വോട്ടുകളുടെ എണ്ണത്തിൽ കാര്യമായ വർധനവ് ഇല്ലാത്തതാണ് രാഷ്ട്രീയ മുന്നണികളെ ഒരേപോലെ കുഴപ്പിക്കുന്നത്. വോട്ടിങ് ശതമാനത്തിലെ ഈ വ്യത്യാസം തങ്ങൾക്ക് ഗുണമാകുമോ അതോ തിരിച്ചടിയാകുമോ എന്ന നെഞ്ചിടിപ്പിലാണ് എൽഡിഎഫും യുഡിഎഫും.

കണക്കുകൾ പരിശോധിക്കുമ്പോൾ ഇത്തവണ മണ്ഡലത്തിൽ 80.75 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് 76.82 ശതമാനമായിരുന്നു. അതായത് ഏകദേശം 3.93 ശതമാനത്തിന്റെ വർധനവ് പോളിങ് ശതമാനത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ആകെ പോൾ ചെയ്ത വോട്ടുകളുടെ എണ്ണമെടുത്താൽ കഴിഞ്ഞ തവണത്തേക്കാൾ വെറും 625 വോട്ടുകളുടെ മാത്രം വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. മണ്ഡലത്തിലെ ആകെയുള്ള 1,71,203 വോട്ടർമാരിൽ 1,38,251 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.

ഈ കണക്കുകൾ മുന്നണികളുടെ ആത്മവിശ്വാസത്തെ ഗൗരവമായി ബാധിക്കുന്നുണ്ട്. എങ്കിലും സിപിഎമ്മിന്റെ ഉറച്ച കോട്ടകളിൽ വിള്ളൽ വീഴ്ത്താൻ സാധിച്ചെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തൽ. മണ്ഡലത്തിലെ നിർണായകമായ നായർ, ഈഴവ വോട്ടുകൾ ഇത്തവണ തങ്ങൾക്ക് അനുകൂലമായി വലിയ തോതിൽ ലഭിച്ചിട്ടുണ്ടെന്നും അത് വിജയത്തിലേക്ക് നയിക്കുമെന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നു.

അതേസമയം, പാർട്ടി വിട്ടുപോയ ജി. സുധാകരനെതിരെയുള്ള രാഷ്ട്രീയ വികാരം വോട്ടായി മാറുമെന്നും എച്ച്. സലാം മണ്ഡലം നിലനിർത്തുമെന്നുമാണ് എൽഡിഎഫിന്റെ ഉറച്ച വിശ്വാസം. മുഖ്യമന്ത്രിയെയും പാർട്ടി നേതാക്കളെയും മോശമായി ചിത്രീകരിച്ചതിനെതിരെ പ്രവർത്തകർ നടത്തിയ പ്രതിരോധം വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടെന്നും, തീരദേശ മേഖലകളിൽ നിന്നുള്ള വോട്ടുകൾ തങ്ങളെ തുണയ്ക്കുമെന്നും ഇടത് മുന്നണി കണക്കുകൂട്ടുന്നു.

TAGS :

Next Story