Quantcast

ജ്വല്ലറി ജീവനക്കാരനിൽ നിന്ന് ഒന്നരക്കോടിയുടെ സ്വർണം കവർന്ന് അജ്ഞാത അക്രമികൾ

സംഭവത്തിൽ മംഗളൂരു നോർത്ത് പൊലീസ് കേസെടുത്തു.

MediaOne Logo

Web Desk

  • Published:

    28 Sept 2025 10:08 PM IST

Unknown assailants rob jewellery shop employee of Rs. 1.5 crore worth of gold
X

മംഗളൂരു: അജ്ഞാതരായ അക്രമികൾ ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വർണം കവർന്നതായി പരാതി. മംഗളൂരു ഹമ്പൻകട്ടയിലെ ജ്വല്ലറിയിലെ ഓഫീസ് ജീവനക്കാരൻ മുസ്തഫയാണ് കവർച്ചക്കിരയായത്. 1,650 ഗ്രാം സ്വർണമാണ് മുസ്തഫയിൽ നിന്ന് തട്ടിയെടുത്തത്.

കാർ സ്ട്രീറ്റിലെ കടയിലേക്ക് ശുദ്ധീകരണത്തിനായി സ്വർണക്കട്ടി കൊണ്ടുപോവുകയായിരുന്നു മുസ്തഫ. തന്റെ സ്കൂട്ടറിന്റെ സീറ്റിനടിയിലാണ് സ്വർണം വച്ചത്. കാർ സ്ട്രീറ്റിലെ വെങ്കടരമണ ക്ഷേത്രത്തിന് സമീപം മോട്ടോർ സൈക്കിളിലെത്തിയ രണ്ടുപേർ മുസ്തഫയെ തടഞ്ഞു. കാറിലെത്തിയ നാല് പേർ വാഹനം സമീപത്ത് നിർത്തി. അവരിൽ ഒരാൾ മുസ്തഫയെ സ്കൂട്ടറിൽ നിന്ന് വലിച്ചിട്ട് മൊബൈൽ ഫോൺ പിടിച്ചുവാങ്ങി.

തുടർന്ന് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കാറിൽ കയറ്റിക്കൊണ്ടുപോയി. സ്റ്റേറ്റ് ബാങ്ക്- പാണ്ഡേശ്വർ- ഫിസ മാൾ- ഗോരിഗുഡ്ഡെ- ഉജ്ജോഡി- സർവീസ് റോഡ് വഴി സഞ്ചരിച്ച ശേഷം സ്കൂട്ടറിൽ നിന്ന് സ്വർണം കാറിലേക്ക് മാറ്റി. പിന്നീട് മുസ്തഫയെ വഴിയരികിൽ ഉപേക്ഷിച്ച് അക്രമികൾ കടന്നുകളഞ്ഞു.

മുസ്തഫ വഴിയാത്രക്കാരന്റെ ഫോൺ കടം വാങ്ങി സുഹൃത്തിനെ ബന്ധപ്പെട്ട് ജ്വല്ലറി മാനേജരെ വിവരമറിയിച്ചു. മാനേജരും മറ്റുള്ളവരും സ്ഥലത്തെത്തി മുസ്തഫയുടെ സുരക്ഷ ഉറപ്പാക്കി. സംഭവത്തിൽ മംഗളൂരു നോർത്ത് പൊലീസ് കേസെടുത്തു.

TAGS :

Next Story