'സ്ട്രക്ചറലി ഡാമേജ് ആവുന്നതാണ് വിള്ളൽ, വയനാട്ടിലെ വീട്ടിൽ കണ്ടത് ചെറിയ ക്രാക്ക് മാത്രം'; വിശദീകരണവുമായി ഊരാളുങ്കൽ
ടൗൺഷിപ്പിലെ ഒരു വീട്ടിൽ കൂടി ചോർച്ചയുണ്ടെന്ന് പരാതി ഉയർന്നു

- Updated:
2026-04-18 12:09:14.0

കോഴിക്കോട്: മുണ്ടക്കൈ പുനരധിവാസ പദ്ധതിയിലെ വീടുകളിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടതിൽ വിശദീകരണവുമായി ടൗൺഷിപ്പ് നിർമാണത്തിന് നേതൃത്വം നൽകിയ ഊരാളുങ്കൽ സിഇഒ അരുൺ ബാബു. എല്ലാ വീടുകളിലും പോണ്ടിങ് ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്. സ്ലാബ് ചെയ്ത ശേഷം വെള്ളം കെട്ടിനിർത്തി നോക്കുന്നതാണ് പോണ്ടിങ്. ചോർച്ചയുള്ള ഭാഗങ്ങളിൽ അപ്പോക്‌സി ചെയ്ത ശേഷമാണ് നിർമാണം മുന്നോട്ട് കൊണ്ടുപോയത്.
സ്ട്രക്ചറലി ഡാമേജ് ആവുന്നതാണ് വിള്ളൽ എന്ന് പറയുന്നത്. ഒരു മില്ലീ മീറ്ററിൽ താഴെയുള്ള ചെറിയ ക്രാക്കുകളാണ് ഇപ്പോൾ കണ്ടത്. കോൺക്രീറ്റിൽ ഇത്തരം ക്രാക്കിങ് സാധാരണയാണ്. വാട്ടർ പ്രൂഫിങ് പോലുള്ള കാര്യങ്ങൾ ചെയ്ത് ഇത് പരിഹരിക്കുകയാണ് ചെയ്യാറുള്ളത്. ചെറിയ ഗ്യാപ്പുകളിൽ കോൺക്രീറ്റ് ചെന്നില്ലെങ്കിൽ വരുന്ന പ്രശ്‌നമാണിത്. കോൺക്രീറ്റ് ചെയ്യുമ്പോൾ വൈബ്രേറ്റർ എല്ലായിടത്തും ചെന്നില്ലെങ്കിൽ ഉണ്ടാവുന്ന ചെറിയ പ്രശ്‌നമാണ് ഇതെന്നും അരുൺ ബാബു പറഞ്ഞു.
അതിനിടെ ടൗൺഷിപ്പിലെ ഒരു വീട്ടിൽ കൂടി ചോർച്ചയുണ്ടെന്ന് പരാതി ഉയർന്നു. ഫെയ്‌സ് ഒന്നിലെ 87-ാം നമ്പർ വീട്ടിലാണ് പരാതി. വെള്ളം ഇറങ്ങുന്നത് തടയാൻ നടപടികൾ തുടങ്ങിയെന്ന് ഊരാളുങ്കൽ അറിയിച്ചു. മേൽക്കൂര തുരന്ന് അപ്പോക്‌സി ചെയ്തു വെള്ളം ഇറങ്ങുന്നത് തടയുമെന്നും ഊരാളുങ്കൽ അറിയിച്ചു.
Adjust Story Font
16
