'പുസ്തക പ്രകാശന ചടങ്ങിന് സംരക്ഷണം വേണം'; ഹൈക്കോടതിയെ സമീപിച്ച് വി.കുഞ്ഞികൃഷ്ണൻ
പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ കുഞ്ഞികൃഷ്ണന്റെ വീടിനു മുന്നിൽ സിപിഎമ്മുകാർ പ്രകടനം നടത്തിയിരുന്നു

കൊച്ചി: പുസ്തക പ്രകാശന ചടങ്ങിന് സംരക്ഷണം തേടി വി.കുഞ്ഞികൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചു.പൊലീസ് സംരക്ഷണം തേടിയാണ് ഹരജി സമർപ്പിച്ചത്.രക്തസാക്ഷി ഫണ്ടിൽ തിരിമറി നടന്നതായി ആരോപണം ഉന്നയിച്ചതിന് പിന്നാലെ വി.കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കിയിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ കുഞ്ഞികൃഷ്ണന്റെ വീടിനു മുന്നിൽ സിപിഎമ്മുകാർ പ്രകടനം നടത്തിയിരുന്നു.
ഫെബ്രുവരി മാസം നാലിനാണ് 'നേതൃത്വത്തെ അണികൾ തിരുത്തണം ' എന്ന പേരിലുള്ള പുസ്തകം പുറത്തിറങ്ങുന്നത്. പുസ്തകം ജോസഫ് സി മാത്യു പ്രകാശനം ചെയ്യും. ഏറെ രാഷ്ട്രീയ വിവാദത്തിന് വഴിവെക്കാൻ പോകുന്ന പുസ്തകം കുഞ്ഞികൃഷ്ണൻ സ്വന്തം ചെലവിലാണ് പ്രസിദ്ധീകരിക്കുന്നത്. നാലിന് പയ്യന്നൂർ ഗാന്ധി പാർക്കിൽ എം.എൻ വിജയൻ്റെ മകൻ ഡോ. വി.എസ് അനിൽകുമാറിന് കോപ്പി നൽകിയാണ് ജോസഫ് സി മാത്യു പുസ്തക പ്രകാശനം നിർവഹിക്കുക.
സിപിഎം നേതൃത്വത്തിൻ്റെ നെഞ്ചിടിപ്പ് കൂട്ടിയാണ് വി.കുഞ്ഞികൃഷ്ണൻ്റെ പുസ്തകം പ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നത്. പുസ്തകത്തിൽ പയ്യന്നൂർ എംഎൽഎ ടി.ഐ മധുസൂദനനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ബൂർഷ്വാ രാഷ്ട്രീയക്കാരനായാണ് പയ്യന്നൂരിൽ മധുസൂദനൻ പ്രവർത്തിച്ചിരുന്നതെന്നാണ് പുസ്തകത്തിലെ പ്രധാന വിമർശനം. താനാണ് പാർട്ടി എന്ന മധുസൂദനൻ്റെ ശൈലി നേതൃത്വം അംഗീകരിച്ചു നൽകിയെന്ന ആരോപണവും പുസ്തകത്തിലുണ്ട്.
അതിനിടെ, പുസ്തകം പുറത്തിറങ്ങാനിരിക്കെ കുഞ്ഞികൃഷ്ണന് പിന്തുണ ഏറുന്നതിൻ്റെ സൂചനയാണ് പുറത്തു വരുന്നത്. ഇന്നലെ ചേർന്ന കൂർക്കര ബ്രാഞ്ച് യോഗത്തിൽ നിന്ന് 12 അംഗങ്ങളാണ് വിട്ടുനിന്നത്. ഏരിയാ കമ്മറ്റി അംഗം വിജേഷ് പങ്കെടുത്ത യോഗത്തിന് എത്തിയ ആകെ അഞ്ച് അംഗങ്ങൾ മാത്രമാണ്.
Adjust Story Font
16

