'ഈ ഒമ്പത് വയസ്സുകാരിയെ ഹൃദയത്തോട് ചേർത്തുനിർത്തുന്നു'; ആലപ്പുഴയിൽ രണ്ടാനമ്മയുടെ ക്രൂരപീഡനത്തിന് ഇരയായ വിദ്യാർഥിക്ക് നീതി ഉറപ്പാക്കും: വിദ്യാഭ്യാസ മന്ത്രി
കുട്ടിയെ മർദിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് രണ്ടാനമ്മക്കും അച്ഛനുമെതിരെ പൊലീസ് കേസെടുത്തിരുന്നു.

ആലപ്പുഴ: ചാരുംമൂടിൽ രണ്ടാനമ്മയുടെ ക്രൂരപീഡനത്തിന് ഇരയായ ഒമ്പത് വയസ്സുകാരിക്ക് നീതി ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. വിദ്യാർഥിയുടെ ഡയറിക്കുറിപ്പ് തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് മന്ത്രിയുടെ കുറിപ്പ്. രണ്ടാനമ്മയും അച്ഛനും തന്നോട് ക്രൂരമായാണ് പെരുമാറുന്നത് എന്നാണ് പെൺകുട്ടി ഡയറിക്കുറിപ്പിൽ പറയുന്നത്. രണ്ടാനമ്മ തന്റെ മുഖത്തടിച്ചെന്നും തനിക്ക് പേടിയാണെന്നും കുട്ടി പറയുന്നുണ്ട്. കുട്ടിയെ മർദിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് രണ്ടാനമ്മക്കും അച്ഛനുമെതിരെ പൊലീസ് കേസെടുത്തിരുന്നു.
''സാധാരണയായി കുഞ്ഞുമനസ്സുകളിലെ സന്തോഷവും കൗതുകവും നിറഞ്ഞ ഡയറിക്കുറിപ്പുകളാണ് ഞാൻ നിങ്ങളുമായി പങ്കുവെക്കാറ്. പക്ഷേ, ഇന്ന് ഈ ഡയറിക്കുറിപ്പ് വായിച്ചപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞുപോയി. ആലപ്പുഴ ചാരുംമൂടിലെ ഈ ഒമ്പത് വയസ്സുകാരിയെ ഹൃദയത്തോട് ചേർത്തുനിർത്തുന്നു. ഈ മോളെ ഉപദ്രവിച്ചവർക്കെതിരെ ശക്തമായ നിയമനടപടി ഉണ്ടാകും. കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ലഭിക്കുകയും ഈ കുഞ്ഞിന് നീതി ലഭിക്കുകയും ചെയ്യും. കുഞ്ഞുമോളുടെ കൂടെ ഈ നാടുണ്ട്''- ശിവൻകുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
Adjust Story Font
16

