Quantcast

'ലീഗിന്റെ മൗനം ദുരൂഹം'; സാദിഖലി തങ്ങൾക്ക് വി.ശിവൻകുട്ടിയുടെ തുറന്ന കത്ത്

പിഎം ശ്രീ, വീര്യകുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചത് പോലുള്ള വിഷയങ്ങളിൽ ലീ​ഗ് ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ശിവൻകുട്ടി ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    3 July 2026 6:55 PM IST

ലീഗിന്റെ മൗനം ദുരൂഹം; സാദിഖലി തങ്ങൾക്ക് വി.ശിവൻകുട്ടിയുടെ തുറന്ന കത്ത്
X

തിരുവനന്തപുരം: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് തുറന്ന കത്തുമായി മുൻ വിദ്യാഭ്യാസ മന്ത്രിയും സിപിഎം നേതാവുമായ വി.ശിവൻകുട്ടി. മതേതര കേരളം വലിയ ആശങ്കയോടെയാണ് യുഡിഎഫ് സർക്കാരിന്റെ സമീപകാല പ്രവർത്തനങ്ങളെ നോക്കിക്കാണുന്നത്. ഭരിക്കുന്ന കക്ഷികളിലെ പ്രധാന ഘടകകക്ഷിയായ ലീഗ് നേതൃത്വം ഇക്കാര്യങ്ങളിൽ പുലർത്തുന്ന മൗനവും അലംഭാവവും അങ്ങേയറ്റം ദുരൂഹമാണെന്ന് ശിവൻകുട്ടി പറഞ്ഞു.

മതേതരത്വത്തിന്റെ പാരമ്പര്യം പേറുന്നവരാണ് മുസ്‌ലിം ലീഗ് എന്ന് അവകാശപ്പെടുമ്പോൾ, ആ പാർട്ടിയുടെ നേതാക്കൾ ഇപ്പോൾ സ്വീകരിക്കുന്ന നിലപാടുകൾ വിരോധാഭാസമായി മാറുകയാണ്. കേന്ദ്ര സർക്കാരിന്റെ ഭവന പദ്ധതിയിൽ പ്രധാനമന്ത്രിയുടെ ചിത്രമോ ലോഗോയോ പതിക്കണമെന്ന വ്യവസ്ഥ അംഗീകരിക്കാമെന്നുള്ള മന്ത്രി ഷാജിയുടെ പ്രസ്താവന, മതേതര കേരളത്തിന്റെ ആത്മവീര്യത്തിനുമേൽ പതിച്ച പ്രഹരമാണ്. സർക്കാർ പണം മുടക്കി പണിത അഞ്ചുലക്ഷം വീടുകളിൽ ഒരു ഭരണകർത്താവിന്റെയും ചിത്രം പതിപ്പിക്കരുതെന്ന് നിർബന്ധബുദ്ധിയോടെ നിലപാടെടുത്തവരാണ് എൽഡിഎഫ് സർക്കാർ. എന്നാൽ, ഇന്ന് യുഡിഎഫ് സർക്കാർ ആ പാരമ്പര്യത്തെ കാറ്റിൽപ്പറത്തി സംഘപരിവാർ അജണ്ടകൾക്ക് കുടപിടിക്കുകയാണ്.

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാൻ പച്ചക്കൊടി കാണിക്കാൻ ലീഗ് മന്ത്രിമാർ തയ്യാറായതും, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി വെട്ടിക്കുറച്ച് മദ്യപാനം പ്രോത്സാഹിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതും അങ്ങയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകുമല്ലോ. ചന്ദ്രിക പത്രത്തിൽ ലേഖനമെഴുതി ഇതിനെ വിമർശിക്കുന്നതിന് പകരം, ഈ തീരുമാനങ്ങൾ തിരുത്താൻ മുഖ്യമന്ത്രിയെ വിളിച്ച് കർശനമായ നിലപാട് സ്വീകരിക്കാനല്ലേ അങ്ങ് തയ്യാറാവേണ്ടിയിരുന്നത്? അത് ചെയ്യാൻ അങ്ങ് തയ്യാറല്ലെങ്കിൽ, മന്ത്രിമാരോട് രാജിവെക്കാൻ ആവശ്യപ്പെടാനുള്ള ആർജവമെങ്കിലും ലീഗ് നേതൃത്വം കാണിക്കണ്ടേ?

ഇതിനെല്ലാം പുറമെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ.ശേഷാദ്രിനാഥനെ നിയമിച്ചതിലെ സംഘ്പരിവാർ രാഷ്ട്രീയം. സംഘ്പരിവാർ പശ്ചാത്തലമുള്ള ഒരാളെ ഇത്തരമൊരു സുപ്രധാന പദവിയിൽ നിയമിക്കുമ്പോൾ, അദ്ദേഹത്തിന്റെ മുൻകാല സോഷ്യൽ മീഡിയ ഇടപെടലുകൾ പോലും മറച്ചുവെക്കപ്പെട്ടത് ആരുടെ താത്പര്യപ്രകാരമാണ്? വോട്ടർ പട്ടികയിലും തെരഞ്ഞെടുപ്പ് പ്രക്രിയകളിലും ബിജെപിക്ക് അനായാസം ഇടപെടാൻ വഴിയൊരുക്കുന്നതല്ലേ ഈ നിയമനം?

മതേതരത്വവും കേരളത്തിന്റെ സാമൂഹിക സുസ്ഥിതിയും സംരക്ഷിക്കാൻ ഇനിയും സമയം അതിക്രമിച്ചിട്ടില്ല. യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന ഇത്തരം കാവി അജണ്ടകൾക്കെതിരെ മതേതര ജനാധിപത്യ വിശ്വാസികളെ അണിനിരത്തി സിപിഎം) പോരാട്ടം തുടരുമെന്നും ശിവൻകുട്ടി പറഞ്ഞു.

TAGS :

Next Story