Quantcast

'കേരള രാഷ്ട്രീയത്തിലെ അസത്യങ്ങളുടെ രാജകുമാരനാണ് സതീശൻ'; മറുപടിയുമായി വി.ശിവൻ കുട്ടി

അച്ഛന്റെ പ്രായമുള്ളവരെ വരെ ധിക്കാരത്തോടെയാണ് സതീശന്‍ അധിക്ഷേപിക്കുന്നതെന്നും മന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    27 Jan 2026 1:43 PM IST

കേരള രാഷ്ട്രീയത്തിലെ അസത്യങ്ങളുടെ രാജകുമാരനാണ് സതീശൻ; മറുപടിയുമായി വി.ശിവൻ കുട്ടി
X

തിരുവനന്തപുരം: അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി.സതീശന്‍റേത് തരംതാണ പദപ്രയോഗമാണെന്നും അച്ഛന്റെ പ്രായമുള്ളവരെ പോലും അധിക്ഷേപിക്കുന്നയാളാണ് സതീശനെന്നും ശിവൻകുട്ടി പറഞ്ഞു.

ശിവൻകുട്ടി വിഡ്ഢിത്തം മാത്രം പറയുന്ന ആളാണെന്നും ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികൾക്ക് ഉണ്ടായല്ലോ എന്നുമായിരുന്നു സതീശന്‍റെ പരാമര്‍ശം.

'എടാ പോടാ പദ പ്രയോഗം സതീശന്‍ നടത്തി. ഒരു പൊതുപ്രവർത്തകൻ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്തതാണ്.അദ്ദേഹത്തിൻ്റെ അണികളെ ആവേശഭരിതരാക്കാൻ വേണ്ടി പറഞ്ഞതാണ്.ഒരു സ്ഥാനം കണ്ടുള്ള വെപ്രാളമാണ് സതീശന്. സ്വന്തം അച്ഛന്റെ പ്രായമുള്ളവരെ വരെ വളരെ ധിക്കാരത്തോടെയാണ് സതീശൻ ആക്ഷേപിക്കുന്നത്.മുഖ്യമന്ത്രിയെ പോലും വളരെ മോശം വാക്ക് നിയമ സഭയിൽ ഉന്നയിച്ചു.കേരളത്തിലെ സ്കൂളുകളെ കുറിച്ച് വളരെ മോശം പ്രയോഗമാണ് സതീശൻ നടത്തിയത്.താൻ ആർഎസ്എസിനെതിരെ നെഞ്ചുവിരിച്ച് പോരാട്ടം നടത്തുമ്പോൾ സതീശൻ വള്ളി നിക്കർ ഇട്ട് നടക്കുകയാണ്.കേരള രാഷ്ട്രീയത്തിലെ അസത്യങ്ങളുടെ രാജകുമാരനാണ് സതീശൻ.നുണകൾ കൊണ്ടല്ല വസ്തുതകൾ കൊണ്ടാണ് രാഷ്ട്രീയ പറയേണ്ടത്.മന്ത്രി ആയതുകൊണ്ട് ആളുകളെ സംഘടിപ്പിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ പോയി മറുപടി പറയാൻ കഴിയില്ല.എന്ത് വന്നാലും പറയാനുള്ളത് സഭയിലെ കയ്യാങ്കളിയെ കുറിച്ചാണ്.വസ്തുതയില്ലാത്ത കാര്യങ്ങൾ ആവർത്തിച്ച് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു..'ശിവന്‍കുട്ടി പറഞ്ഞു.

എസ്.പി.ജി വലയം ഭേദിച്ച് ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയുടെ വസതിയിൽ കയറി ഇറങ്ങിയത് ആരുടെ ഒത്താശയോടെയാണെന്നും ശിവന്‍കുട്ടി ചോദിച്ചു.സോണിയ ഗാന്ധിയുടെ സഹോദരിയുടെ ഇറ്റലിയിലെ പുരാവസ്തു ബിസിനസുമായി ഈ സംഘത്തിന് ബന്ധമുണ്ടോ?,ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ കവറിൽ എന്തായിരുന്നു,അത് അടൂർ പ്രകാശിന് നൽകിയ പ്രതിഫലമായിരുന്നോ?,കോൺഗ്രസ് ഭരിച്ച ദേവസ്വം ബോർഡ് ഭരണസമിതി എന്തിനാണ് നിയമങ്ങൾ കാറ്റിൽപ്പറത്തി 'വാജി വാഹനം' തന്ത്രിക്ക് കൈമാറിയത്? തുടങ്ങിയ ചോദ്യങ്ങളും മന്ത്രി ഉന്നയിച്ചു.

അതേസമയം, അണ്ടർവെയർ കാണിച്ച് മുണ്ടും മടക്കിക്കുത്തി ഡെസ്കിൻ്റെ മുകളിൽ കയറിയിരുന്ന് സാധനം മുഴുവൻ തല്ലിപ്പൊളിച്ച ഒരുത്തനാണ് ക്ലാസെടുക്കുന്നതെന്നും സതീശന്‍ പറഞ്ഞു. 'നമ്മൾ മര്യാദയ്ക്ക് വന്ന് എഴുന്നേറ്റ് നിന്ന് പോവലല്ല ഓൻ്റെ പോലെ മറ്റത് കാണിച്ച് വേണം ചെയ്യാൻ. വാർത്തവരും എന്ന് കണ്ടാൽ എന്ത് വിഢിത്തവും പറയാം എന്നതാണ്. ഇയാളൊക്കെ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ട സ്ഥിതി നമ്മുടെ പിള്ളേർക്കുണ്ടായല്ലോ. കഷ്ടം എന്നല്ലാതെ എന്താണ് പറയുക. സോണിയ ​ഗാന്ധി സ്വർണം കട്ടുവെന്നാണ് പറയുന്നത്. എന്തും പറയാമെന്ന സ്ഥിതിയായി. ഇങ്ങനെ പറയാൻ വേണ്ടി കുറേയെണ്ണത്തെ വിട്ടിരിക്കുകയാണ്. എക്സൈസ് വകുപ്പ് ആയിരുന്നെങ്കിൽ ബോധമില്ല എന്നെങ്കിലും പറയാമായിരുന്നുവെന്നും' സതീശൻ പറഞ്ഞു.

TAGS :

Next Story