ഞങ്ങൾ മതരാഷ്ട്രവാദം ഉപേക്ഷിച്ചുവെന്നാണ് ജമാഅത്തെ ഇസ്‌ലാമി അമീർ പത്രസമ്മേളനം നടത്തി പറഞ്ഞത്: വി.ഡി സതീശൻ
അമീർ തങ്ങളെ അറിയിച്ചിട്ടുള്ളതും തങ്ങളോട് പറഞ്ഞിട്ടുള്ളതും മതരാഷ്ട്രവാദം ഉപേക്ഷിച്ചു എന്നാണെന്നും സതീശൻ വ്യക്തമാക്കി

- Published:
24 Jan 2026 3:55 PM IST

തിരുവനന്തപുരം: മതരാഷ്ട്രവാദം തങ്ങൾ ഉപേക്ഷിച്ചുവെന്നാണ് ജമാഅത്തെ ഇസ്‌ലാമി അമീർ പത്രസമ്മേളനം നടത്തി പറഞ്ഞതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. തങ്ങളെ അറിയിച്ചിട്ടുള്ളതും തങ്ങളോട് പറഞ്ഞിട്ടുള്ളതും മതരാഷ്ട്രവാദം ഉപേക്ഷിച്ചു എന്നാണെന്നും സതീശൻ വ്യക്തമാക്കി.
ശബരിമല സ്വർണക്കൊള്ളയിൽ മുരാരി ബാബുവിന് ജാമ്യം കിട്ടിയത് എസ്‌ഐടിയുടെ വീഴ്ചയാണെന്ന് സതീശൻ പറഞ്ഞു. ഇടക്കാല കുറ്റപത്രം പോലും സമർപ്പിച്ചില്ല. അന്വേഷണത്തിന്റെ റഡാറിൽ നിൽക്കുന്നവർക്ക് പോലും സഹായകരമാകുന്ന നടപടിയാണ് ഇത്. താൻ ഇതുവരെയും എസ്‌ഐടിയെ കുറ്റപ്പെടുത്തിയിരുന്നില്ല. കുറ്റവാളികൾ ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്. സ്വാഭാവിക ജാമ്യം ലഭിക്കുന്നതിനുള്ള അവസരം ഒരുക്കിയത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
ധനരാജ് രക്തസാക്ഷി ഫണ്ട് വകമാറ്റിയത് സംബന്ധിച്ച വെളിപ്പെടുത്തലിൽ ഒരു കേസ് പോലും എടുക്കാത്തത് ഗുരുതരമായ ക്രമക്കേടാണ്. പാർട്ടി തന്നെ സംഭവം ഒതുക്കി തീർക്കുകയാണ്. വയനാട് പുനരധിവാസത്തിന്റെ പേരിൽ കോൺഗ്രസിനെ അധിക്ഷേപിച്ചവരാണ് ഫണ്ട് പിരിവിന്റെ പേരിൽ ആരോപണം നേരിടുന്നത്. പാർട്ടി തന്നെ കോടതിയും പോലീസും ആകുന്ന നടപടി അംഗീകരിക്കാനാവില്ല. പരാതി ഉന്നയിച്ചവർ സിപിഎമ്മിൽ നിന്ന് ഭീഷണി നേരിടുകയാണെന്നും സതീശൻ ആരോപിച്ചു.
Adjust Story Font
16
