Quantcast

നിമിഷപ്രിയ കേസ്; കാന്തപുരം ഉസ്താദിന്‍റെ ഇടപെടല്‍ ഫലപ്രാപ്തിയില്‍ എത്തട്ടെയെന്ന് വി.ഡി സതീശൻ

നിമിഷപ്രിയയുടെ മോചനം കേരളം ആഗ്രഹിക്കുന്നതാണ്

MediaOne Logo

Web Desk

  • Updated:

    2025-07-15 08:53:57.0

Published:

15 July 2025 2:10 PM IST

നിമിഷപ്രിയ കേസ്; കാന്തപുരം ഉസ്താദിന്‍റെ ഇടപെടല്‍ ഫലപ്രാപ്തിയില്‍ എത്തട്ടെയെന്ന് വി.ഡി സതീശൻ
X

തിരുവനന്തപുരം: നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചെന്ന വാര്‍ത്ത ആശ്വാസവും പ്രതീക്ഷയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിഷയത്തില്‍ കാന്തപുരം ഉസ്താദിന്‍റെ ഇടപെടല്‍ ഫലപ്രാപ്തിയില്‍ എത്തട്ടെ എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

യമനിൽ വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയെന്ന വാര്‍ത്ത കുറച്ചു മുൻപാണ് പുറത്തുവന്നത്. നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കാനിരിക്കെ ശിക്ഷ ഒഴിവാക്കാനായി യമനില്‍ നിർണായക നീക്കങ്ങള്‍ തുടരുകയായിരുന്നു. കാന്തപുരത്തിന്റെ ഇടപെടലാണ് വധശിക്ഷ നീട്ടാൻ നിർണായകമായത്.

നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ടത് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യാൻ വേണ്ടിയാണെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ പറഞ്ഞിരുന്നു. യമനിലെ പണ്ഡിതരുമായും ജഡ്ജിമാരുമായും സംസാരിച്ചെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിമിഷപ്രിയയുടെ ശിക്ഷ നീട്ടിയെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

നിമിഷപ്രിയയുടെ മോചനം കേരളം ആഗ്രഹിക്കുന്നതാണ്. അതിന് സാധ്യമായ എല്ലാ വഴിയും തേടണം. വധശിക്ഷ നീട്ടിവച്ചെന്ന ഇപ്പോള്‍ പുറത്തു വന്ന വാര്‍ത്ത ആശ്വാസവും പ്രതീക്ഷയുമാണ്. വിഷയത്തില്‍ കാന്തപുരം ഉസ്താദിന്‍റെ ഇടപെടല്‍ ഫലപ്രാപ്തിയില്‍ എത്തട്ടെ. അദ്ദേഹത്തിന്‍റെ നിര്‍ദേശ പ്രകാരം യെമനിലെ സൂഫി പണ്ഡിതന്‍ ഷേയ്ക്ക് ഹബീബ് ഉമര്‍ ബിന്‍ ഹാഫിസ് നടത്തുന്ന ചര്‍ച്ചകള്‍ അന്തിമ വിജയം കാണുമെന്ന് പ്രതീക്ഷിക്കാം.

നിമിഷപ്രിയയുടെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ആത്മാര്‍ത്ഥമായ പിന്തുണ നല്‍കും. നിയമപരമായ എല്ലാ തടസങ്ങളും മറി കടന്ന് നിമിഷ പ്രിയയുടെ മോചനം ഉണ്ടാകുമെന്ന സന്തോഷകരമായ വാര്‍ത്തയ്ക്ക് വേണ്ടിഇനി കാത്തിരിക്കാം.

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടാൻ ഇടപെട്ട് യെമൻ സർക്കാരുമായി ചർച്ചകൾ സാധ്യമാക്കി ഈ തീരുമാനത്തിലേക്ക് എത്തിച്ച കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാര്‍ക്ക് കേരള ജനതയുടെ അകൈതവമായ നന്ദിയെന്ന് രമേശ് ചെന്നിത്തല കുറിച്ചു.

രമേശ് ചെന്നിത്തലയുടെ കുറിപ്പ്

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളിയായ നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ച സന്തോഷവാർത്ത കേട്ടു. വിഷയത്തിൽ ഫലപ്രദമായി ഇടപെട്ട് യെമൻ സർക്കാരുമായി ചർച്ചകൾ സാധ്യമാക്കി ഈ തീരുമാനത്തിലേക്ക് എത്തിച്ച കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാര്‍ക്ക് കേരള ജനതയുടെ അകൈതവമായ നന്ദി! ഇതാണ് കേരളത്തിന്‍റെ മാതൃക ! മോചന ദ്രവ്യം നൽകി നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാകുമെങ്കിൽ കേരള ജനത ഒറ്റക്കെട്ടായി ഒപ്പം നിൽക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.

TAGS :

Next Story