'ഇവനൊക്കെ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ട ഗതികേട് നമ്മുടെ കുട്ടികൾക്ക് ഉണ്ടായല്ലോ': ശിവൻകുട്ടിക്കെതിരെ വി.ഡി സതീശൻ
നിയമസഭയിലെ സാധനങ്ങൾ തല്ലിപ്പൊളിച്ച ഒരുത്തനാണ് ക്ലാസെടുക്കുന്നതെന്നും വി.ഡി സതീശൻ

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ വി.ഡി സതീശൻ. നിയമസഭയിലെ സാധനങ്ങൾ തല്ലിപ്പൊളിച്ച ഒരുത്തനാണ് തങ്ങൾക്ക് ക്ലാസെടുക്കുന്നതെന്നതെന്നും ഇയാളൊക്കെ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ട സ്ഥിതി നമ്മുടെ പിള്ളേർക്കുണ്ടായല്ലോയെന്നും മറുപടി.
'അണ്ടർവെയർ കാണിച്ച് മുണ്ടും മടക്കിക്കുത്തി ഡെസ്കിൻ്റെ മുകളിൽ കയറിയിരുന്ന് സാധനം മുഴുവൻ തല്ലിപ്പൊളിച്ച ഒരുത്തനാണ് ക്ലാസെടുക്കുന്നത്. നമ്മൾ മര്യാദയ്ക്ക് വന്ന് എഴുന്നേറ്റ് നിന്ന് പോവലല്ല ഓൻ്റെ പോലെ മറ്റത് കാണിച്ച് വേണം ചെയ്യാൻ. വാർത്തവരും എന്ന് കണ്ടാൽ എന്ത് വിഢിത്തവും പറയാം എന്നതാണ്. ഇയാളൊക്കെ വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോൾ സ്കൂളിൽ പഠിക്കേണ്ട സ്ഥിതി നമ്മുടെ പിള്ളേർക്കുണ്ടായല്ലോ. കഷ്ടം എന്നല്ലാതെ എന്താണ് പറയുക. സോണിയ ഗാന്ധി സ്വർണം കട്ടുവെന്നാണ് പറയുന്നത്. എന്തും പറയാമെന്ന സ്ഥിതിയായി. ഇങ്ങനെ പറയാൻ വേണ്ടി കുറേയെണ്ണത്തെ വിട്ടിരിക്കുകയാണ്. എക്സൈസ് വകുപ്പ് ആയിരുന്നെങ്കിൽ ബോധമില്ല എന്നെങ്കിലും പറയാമായിരുന്നു'വെന്നും സതീശൻ.
ശബരിമല സ്വർണകൊള്ളയിൽ പ്രതിഷേധിച്ച് കെപിസിസി നടത്തിയ സെക്രട്ടേറിയറ്റ് ധർണയിലാണ് സതീശൻ്റെ മറുപടി.
സ്വർണം കോടീശ്വരൻമാർക്ക് വിറ്റു. എസ്ഐടി അന്വേഷണം മന്ദഗതിയിലാക്കി. എല്ലാ പ്രതികൾക്കും ജാമ്യം ലഭിക്കുന്നതിനുള്ള ഇടപെടലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തുന്നത്. പ്രതികൾ പുറത്തുവന്നാൽ തെളിവ് നശിപ്പിക്കും. അതിനുള്ള ശ്രമമാണ് നടക്കുന്നത്. മൂന്ന് നേതാക്കന്മാർ ജയിലിൽ ആയിട്ട് സിപിഐഎം അവർക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. സിപിഐഎമ്മിന് അവരെ പേടിയാണ്. അവർക്കെതിരെ നടപടിയെടുത്താൽ ക്യൂവിൽ നിൽക്കുന്ന പല സിപിഐഎം നേതാക്കളുടെയും പേര് പറയും. ഒരുപാട് നേതാക്കൾ ഇനിയും ജയിലിൽ എത്താൻ ഉണ്ട്. സിപിഎം നേതാക്കൾ ഗൂഢാലോചന നടത്തിയിട്ടാണ് അയ്യപ്പൻ്റെ സ്വർണം കവർന്നതെന്നും സതീശൻ. ഏതു മാളത്തിൽ പോയി ഒളിച്ചാലും സ്വർണ്ണക്കൊള്ളക്കാരെ പുറത്തുകൊണ്ടുവരാൻ യുഡിഎഫ് അവസാനം വരെ പ്രവർത്തിക്കുമെന്ന് വി. ഡി സതീശൻ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമല സ്വർണക്കൊള്ള സജീവ വിഷയമായി നിലനിർത്തുകയാണ് കോൺഗ്രസ്. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും നിലവിലെ മന്ത്രി വി.എൻ. വാസവനെയും അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നു. സ്വർണക്കൊള്ളയിൽ സംസ്ഥാന വ്യാപക പ്രതിഷേധമാണ് കോൺഗ്രസ് നടത്തിയത്. ദേവസ്വം മന്ത്രി രാജിവെക്കുക മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ധർണ ഉദ്ഘാടനം ചെയ്തു. ജില്ലകളിൽ കളക്ടറേറ്റുകളിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. നഷ്ടപ്പെട്ട സ്വർണ്ണം കണ്ടെത്താൻ പ്രത്യേക അന്വേഷണം തയ്യാറാവുന്നില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കുറ്റപ്പെടുത്തി. സ്വർണം കട്ടവരെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സിപിഎം തയ്യാറാവുന്നില്ലെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. കളക്ടറേറ്റുകളിലേക്ക് നടന്ന മാർച്ചിലും നിരവധി കോൺഗ്രസ് പ്രവർത്തകരാണ് പങ്കെടുത്തത്.
Adjust Story Font
16

