Quantcast

'ആർ.ബിന്ദുവിന്റേത് മരിച്ചയാളെ അപമാനിക്കുന്ന പരാമർശം, മന്ത്രി മാപ്പു പറയണം':വി.ഡി സതീശൻ

സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നവർക്ക് പണം തിരിച്ചുകിട്ടാത്ത സാഹചര്യമാണ് ഉള്ളത്

MediaOne Logo

Web Desk

  • Updated:

    2022-07-29 07:08:20.0

Published:

29 July 2022 7:06 AM GMT

ആർ.ബിന്ദുവിന്റേത് മരിച്ചയാളെ അപമാനിക്കുന്ന പരാമർശം, മന്ത്രി മാപ്പു പറയണം:വി.ഡി സതീശൻ
X

തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ ഇര ഫിലോമിനയുടെ മൃതദേഹം പാതയോരത്ത് പ്രദർശിപ്പിച്ചത് രാഷ്ട്രീയമായ ഉപയോഗത്തിനാണെന്ന മന്ത്രി ആർ.ബിന്ദുവിന്റെ പരാമർശത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മന്ത്രി നടത്തിയത് മരിച്ചയാളെ അപമാനിക്കുന്ന പരമാർശമാണ്. പിൻവലിച്ച് മാപ്പു പറയണം, സതീശൻ കൂട്ടിച്ചേർത്തു.

സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നവർക്ക് പണം തിരിച്ചുകിട്ടാത്ത സാഹചര്യമാണ് ഉള്ളത്. നടപടി ഉണ്ടാകും എന്ന് പറയുന്നത് അല്ലാതെ ഒരു നടപടിയും ഉണ്ടാവുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സഹകരണ മേഖലയുടെ വിശ്വാസ്യത നഷ്ടപ്പെട്ടാൽ ഗ്രാമീണ സമ്പദ്വ്യവസ്ഥ തകരും. സഹകരണ മേഖലയിലെ തട്ടിപ്പിൽ രാഷ്ട്രീയമില്ല. കോൺഗ്രസ് നേതൃത്വം ഭരിക്കുന്ന ബാങ്കുകളിൽ തട്ടിപ്പ് നടന്നാൽ അവർക്ക് എതിരെയും നടപടി വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കഴിഞ്ഞ ദിവസമായിരുന്നു കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ ഇര ഫിലോമിനയുടെ മൃതദേഹം പാതയോരത്ത് പ്രദർശിപ്പിച്ചത് രാഷ്ട്രീയമായ ഉപയോഗത്തിനാണെന്ന പരാമർശം മന്ത്രി ആർ.ബിന്ദു നടത്തിയത്. മൃതദേഹം ബാങ്കിന് മുന്നിൽ എത്തിച്ചത് മോശമായ കാര്യമാണ്. ദേവസിയുടെ കുടുംബത്തിന് ആവശ്യത്തിന് പണം നൽകിയിരുന്നെന്നും മന്ത്രി പറഞ്ഞു. നിക്ഷേപകർക്ക് ആവശ്യമുള്ള സന്ദർഭങ്ങളിൽ പണം നൽകാൻ തീരുമാനമായിട്ടുണ്ടെന്നും ഇക്കാര്യങ്ങളിലുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എന്നാൽ ബാങ്കിലെ നിക്ഷേപം മടക്കി നൽകാൻ പ്രത്യേക പാക്കേജ് ഉണ്ടാക്കിയിട്ടുണ്ടെന്നും നിക്ഷേപക ഫിലോമിനയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും സഹകരണമന്ത്രി വി എൻ വാസവൻ പറഞ്ഞിരുന്നു.ബാങ്കിൽ നിക്ഷേപിച്ച പണം ചികിത്സക്കായി ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചിരുന്നു.

കഴിഞ്ഞ ഒരുമാസമായി ഫിലോമിന തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതം മൂലമാണ് മരിച്ചത്. വിദഗ്ദ ചികിത്സ നൽകാൻ പലതവണ പണത്തിനായി ബാങ്കിനെ സമീപിച്ചെങ്കിലും മോശമായാണ് പ്രതികരിച്ചതെന്നാണ് ഭർത്താവ് ദേവസ്യയുടെ പ്രതികരണം.

40 വർഷം വിദേശത്ത് ജോലി ചെയ്തുണ്ടാക്കിയ പണമാണ് ബാങ്കിൽ നിക്ഷേപിച്ചത്. ഫിലോമിന സർക്കാർ സർവീസിൽ നിന്ന് വിരമിച്ചതിന് പിന്നാലെ പെൻഷൻ തുക ഉൾപ്പടെ കരുവന്നൂർ ബാങ്കിലാണ് നിക്ഷേപിച്ചത്. അധ്വാനിച്ചുണ്ടാക്കിയ പണം അടിയന്തരാവശ്യത്തിന് പിൻവലിക്കാൻ പോയിട്ടും അധികൃതരിൽ നിന്നും ഒരു നടപടിയുമുണ്ടായില്ല. പണം ലഭിച്ചിരുന്നെങ്കിൽ ഭാര്യയ്ക്ക് മികച്ച ചികിത്സ നിൽകാൻ കഴിയുമായിരുന്നെന്നും ദേവസ്യ പറഞ്ഞു.

അതേസമയം, കരുവന്നൂർ ബാങ്ക് പ്രതിസന്ധിയിൽ ഓണത്തിന് മുൻപ് താൽക്കാലിക പരിഹാരമെന്ന് കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണൻ. മറ്റ് സഹകരണ ബാങ്കുകളിൽ നിന്ന് പണം സമാഹരിച്ചെത്തിക്കാൻ ശ്രമം തുടങ്ങി. അമ്പത് കോടി രൂപ കിട്ടിയാൽ ബാങ്കിലെ സാമ്പത്തിക പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരമാകുമെന്നും കണ്ണൻ വ്യക്തമാക്കി. പ്രതിസന്ധി പരിഹരിക്കാൻ കൺസോർഷ്യം രൂപീകരിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഇതിന് റിസർവ് ബാങ്ക് തടസം നിന്നുവെന്നും കണ്ണൻ പറഞ്ഞു.

TAGS :

Next Story