'ജമാഅത്തെ ഇസ്‍ലാമിയെ ആദ്യമായി സ്വാഗതം ചെയ്തത് മുഖ്യമന്ത്രി, ഇപ്പോൾ കാണിക്കുന്നതെല്ലാം തന്ത്രം'; വി.ഡി സതീശന്‍
ഭരണ വീഴ്ച മറച്ചു പിടിക്കാൻ മുഖ്യമന്ത്രി ജമാഅത്തെ വിവാദം ആവർത്തിക്കുകയാണെന്നും സതീശന്‍

നിലമ്പൂർ: ജമാഅത്തെ ഇസ്‍ലാമിയെ ആദ്യമായി കേരളത്തിൽ സ്വാഗതം ചെയ്യതത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇപ്പോൾ കാണിക്കുന്നതെല്ലാം യഥാർത്ഥ വിഷയങ്ങൾ മറച്ചുവെക്കാനുള്ള തന്ത്രമാണെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'ജമാഅത്തെ ഇസ്‍ലാമിയെ സ്വാഗതം ചെയ്തുള്ള വിഡിയോ വ്യാജമാണെങ്കിൽ എനിക്കെതിരെ കേസെടുക്കണം.അവര്‍ നല്ല ആളുകളാണ്.അവരെ കാണാന്‍ തലയില്‍ മുണ്ടിട്ട് പോകേണ്ടെന്ന് പറഞ്ഞുപോയ ആള്‍ പിണറായി വിജയനാണ്. പഴയതെല്ലാം ഇപ്പോള്‍ മറന്നുപോയി. നിറം മാറുന്നതുപോലെ നിലമ്പൂരില്‍ വന്ന് പ്രസംഗിക്കുകയാണ്. ഭരണ വീഴ്ച മറച്ചു പിടിക്കാൻ മുഖ്യമന്ത്രി ജമാഅത്തെ വിവാദം ആവർത്തിക്കുന്നു. മൂന്ന് പതിറ്റാണ്ട് കാലം സിപിഎമ്മിന് അവര്‍ പിന്തുണ കൊടുത്തപ്പോള്‍ കേരളത്തില്‍ ഈ ചര്‍ച്ചയുണ്ടായില്ല. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യഥാര്‍ഥ വിഷയം ചര്‍ച്ച ചെയ്യാതിരിക്കാന്‍,സര്‍ക്കാറിനോടുള്ള ജനങ്ങളുടെ വെറുപ്പും പ്രതിഷേധവും ചര്‍ച്ച ചെയ്യാതിരിക്കാനുള്ള കൗശലവും തന്ത്രവുമാണിത്'.-സതീശന്‍ പറഞ്ഞു.
'മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം ബിജെപിയെ പ്രീണിപ്പിക്കാൻ നടത്തിയ വർഗീയ പരാമർശമാണ്. വാഹന പരിശോധയിൽ തെറ്റില്ല. യുഡിഎഫ് വാഹനം മാത്രം തെരഞ്ഞെടുത് പരിശോധിച്ചതിലെ വിവേചനമാണ് ഉന്നയിച്ചത്. അപമാനിക്കാൻ ശ്രമിച്ചപ്പോഴാണ് നേതാക്കൾ പ്രതികരിച്ചത്'.-അദ്ദേഹം പറഞ്ഞു.
അതേസമയം, പഹൽഗാം ആക്രമണത്തെ ജമാഅത്തെ ഇസ്‍ലാമി അപലപിച്ചില്ലെന്ന പരാമർശത്തിൽ മലക്കം മറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പഹൽഗാമിന് ശേഷം കശ്മീരിൽ നടന്ന പ്രതിഷേധത്തിൽ ജമാഅത്തെ ഇസ്‍ലാമി ഇല്ലെന്നാണ് താൻ പറഞ്ഞതെന്ന് എം.വി ഗോവിന്ദൻ. വക്കീൽ നോട്ടീസൊക്കെ നോക്കികൊള്ളാമെന്നും ജമാഅത്തെ ഇസ്‍ലാമി വക്കീൽ നോട്ടീസയച്ചതിനെ കുറിച്ച ചോദ്യത്തിന് മറുപടി.
'പഹൽഗാം ആക്രമണം നടന്നതിന് പിന്നാലെ ആദ്യം പ്രതിഷേധം നടന്നത് ജമ്മു കശ്മീരിലാണ്. അതിൽ പങ്കെടുക്കാത്ത ഒരേയൊരു വിഭാഗം ജമാഅത്തെ ഇസ്‍ലാമിയാണ്. വസ്തുതാപരമായ കാര്യം തന്നെയാണ് താൻ പറഞ്ഞത്. പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിനെതിരെ അതിശക്തമായ ജനകീയമായ മുന്നേറ്റമുണ്ടായപ്പോൾ അതിൽ നിന്ന് ഒഴിഞ്ഞുനിന്ന ഒരേയൊരു വിഭാഗം ജമാഅത്തെ ഇസ്‍ലാമിയാണ്.ആ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു'- ഗോവിന്ദന്‍ പറഞ്ഞു. കശ്മീരി ജമാഅത്തെ ഇസ്‍ലിമി നിരോധനത്തിലല്ലേ എന്ന ചോദ്യത്തിന് എന്ത് നിരോധനമെന്നായിരുന്നു മറുപടി.
Adjust Story Font
16

